“കർണാടകയെ ഗോൾ മഴയിൽ മുക്കി സന്തോഷ് ട്രോഫി ഫൈനലിലേക്ക് മാർച്ച് ചെയ്ത് കേരളം”| Santhosh Trophy

സന്തോഷ് ട്രോഫിയിൽ കർണാടകയെ ഗോൾ മഴയിൽ മുക്കി കേരളം ഫൈനലിലേക്ക് മാർച്ച് ചെയ്തു. പയ്യനാട് നിറഞ്ഞു കവിഞ്ഞ ആരാധകർക്ക് മുന്നിൽ നടന്ന മത്സരത്തിൽ മൂന്നിനെതിരെ ഏഴു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ജയം. പകരക്കാരനായി ഇറങ്ങിയ ജെസിൻ കേരളത്തിനായി അഞ്ചു ഗോളുകൾ നേടി.

പയ്യനാടിൽ നിറഞ്ഞ് നിന്ന സ്റ്റേഡിയത്തിൽ കേരളം ആണ് മികച്ച രീതിയിൽ തുടങ്ങിയത്. കേരളമാണ് കളിയിൽ നിറഞ്ഞു കളിച്ചതെങ്കിലും നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തെ നിശബ്ദമാക്കികൊണ്ട് കർണാടക ഗോൾ നേടി. 25 ആം മിനുട്ടിൽ സുധീർ ആണ് കർണാടകയുടെ ഗോൾ നേടിയത്. ഗോൾ വീണതിന് ശേഷം കേരള പരിശീലകൻ ബിനോ ജോർജ്ജ് വിക്നേഷിനെ പിൻവലിച്ച് ജെസിനെ കളത്തിൽ എത്തിച്ചു.

പരിശീലകന്റെ തീരുമാനം ശെരി വെക്കുന്ന പ്രകടനമാണ് ജെസിൻ പുറത്തെടുത്തത്.30-ാം മിനുറ്റില്‍ പകരക്കാരനായി മൈതാനത്തിറങ്ങിയ ജസിന്‍ 10 മിനുറ്റിനിടെ ഹാട്രിക് പൂർത്തിയാക്കി. 34, 41, 44 മിനുറ്റുകളില്‍ വലകുലുക്കി. ആദ്യ മിനുറ്റുകളില്‍ അവസരങ്ങള്‍ കളഞ്ഞുകിളിച്ച ശേഷം കാണികളെ ത്രസിപ്പിച്ച് തിരിച്ചുവരികയായിരുന്നു കേരള ഫുട്ബോള്‍ ടീം. പിന്നാലെ ഷിഗിലും കൂടെ ഗോൾ നേടിയതോടെ കേരളം ആദ്യ പകുതിയിൽ തന്നെ 4-1ന് മുന്നിൽ എത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കർണാടക ഒരു ഗോൾ നേടി മത്സരത്തിലേക്ക് തിരിച്ചു വന്നു. എന്നത് 55 ആം മിനുട്ടിൽ ജേസിൻ മത്സരത്തിലെ തന്റെ നാലാം ഗോൾ നേടി സ്കോർ 5 -2 ആക്കി ഉയർത്തി. 60 ആം മിനുട്ടിൽ കേരളം ആറാമത്തെ ഗോൾ നേടി. 71 ആം മിനുട്ടിൽ ഒരു ലോങ്ങ് റേഞ്ച് ഗോളിലൂടെ കർണാടക ഒരു ഗോൾ കൂടി മടക്കി സ്കോർ 6 -3 ആക്കി കുറച്ചു. 73 ആം മിനുട്ടിൽ മികച്ചൊരു ഫിനിഷിംഗിലൂടെ ജെസിൻ സ്കോർ 7 -3 ആക്കി ഉയർത്തി. താരത്തിന്റെ മത്സരത്തിലെ അഞ്ചാമത്തെ ഗോളായിരുന്നു ഇത്.ഫൈനലിൽ വെസ്റ്റ് ബംഗാളോ മണിപ്പൂരോ ആകും കേരളത്തിന്റെ എതിരാളികൾ.