” ജംഷഡ്പൂരിന്റെ ഗ്രെഗ് സ്റ്റുവർട്ടിന് അഡ്രിയാൻ ലൂണയിലൂടെ മറുപടികൊടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിനാവുമോ ?”

ചെന്നൈയിൻ എഫ്‌സിക്കെതിരായ തങ്ങളുടെ നിർണായക മത്സരത്തിൽ ആദ്യ പകുതിയിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ഗോളൊന്നും കേരള ബ്ലാസ്റ്റേഴ്സിനായില്ല. എന്നാൽ രണ്ടാം പകുതിയിൽ അഡ്രിയാൻ ലൂണയുടെ അസ്സിസ്റ്റിൽ നിന്നും ഡയസ് ബ്ലാസ്റ്റേഴ്‌സ് അക്കൗണ്ട് തുറന്നു. മൂന്നു മിനുട്ടിനു ശേഷം ഡയസ് തന്റെ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചെങ്കിലും ഇഞ്ചുറി ടൈമിൽ ബ്ലാസ്റ്റേഴ്‌സ് പ്ലെ മേക്കർ അഡ്രിയാൻ ലൂണ നേടിയ സ്വെർവിംഗ് ഫ്രീ-കിക്ക് ഗോൾ ഏവർക്കും അത്ഭുതം സൃഷ്ടിക്കുന്നതെയിരുന്നു. യൂറോപ്യൻ ടോപ് ഫ്ലൈറ്റിൽ മാത്രം കണ്ടു വരുന്ന തരത്തിലുള്ള ഗോളായിരുന്നു ഇത്.

കേരള ബ്ലാസ്റ്റേഴ്സിനെ ലൂണ മാജിക് വഴിനയിച്ച അനേകം സന്ദർഭങ്ങളിൽ ഒന്നായിരുന്നു അത്. ബ്ലാസ്റ്റേഴ്സിന്റെ ഇടത്-മിഡ്ഫീൽഡ് സ്ഥാനം തന്റേതാക്കി മാറ്റിയ അദ്ദേഹം, തന്റെ വേഗതയും കഴിവുകളും തന്ത്രങ്ങളും കൊണ്ട് മൈതാനത്ത് സുന്ദരമായി കളി നെയ്തു മുന്നേറി. മുന്നേറ്റനിരയിൽ വസ്ക്വാസ് -ഡയസ് – സഹൽ എന്നിവർക്ക് നിരന്തരം പന്തുകൾ കിട്ടിക്കൊണ്ടിരുന്നു. ടീമിനെ ഒത്തിണക്കത്തോടെ മുന്നോട്ട് കൊണ്ട് പോകുന്നതിൽ ഉറുഗ്വേൻ പ്രധാന പങ്കു വഹിക്കുകയും ചെയ്തു. മുന്നേറ്റ നിരയിൽ ഇവർ പരസ്പരം സ്ഥാനങ്ങൾ മാറി എതിർ ടീമിന് ആശയകുഴപ്പം ഉണ്ടാക്കിക്കൊണ്ടിരുന്നു.

ലൂണയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ദീപശിഖ വഹിച്ചതെങ്കിൽ ജംഷഡ്പൂർ എഫ്‌സിയുടെ പ്രേരകശക്തി ഗ്രെഗ് സ്റ്റുവാർട്ടായിരുന്നു. ബ്ലാസ്റ്റേഴ്‌സിനെതിരായ അദ്ദേഹത്തിന്റെ ഫ്രീകിക്ക് ഇന്ത്യൻ ആരാധകരുടെ മാത്രമല്ല വിദേശ രാജ്യത്തുള്ള ഫുട്ബോൾ ആരാധരുടെ ഹൃദയവും കീഴടക്കിയിരുന്നു. സ്റ്റുവർട്ടിന്റെ സാന്നിധ്യം ജംഷഡ്പൂരിന്റെ ആക്രമണത്തിൽ ജീവൻ പകരുകയും ചെയ്തതോടൊപ്പം ഗോളുകൾ നേടുകയും അതേ സമയം സഹതാരങ്ങൾക്ക് ഗോളവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

ATK മോഹൻ ബഗാനെതിരായ അവരുടെ അവസാന മത്സരത്തിൽ റിത്വിക് ദാസിന്റെ ഗോളിന് പിന്നിൽ സ്റ്റുവർട്ട് ആയിരുന്നു.സ്കോട്ടിഷ് താരത്തിന്റെ ബുദ്ധിപരമായ മുന്നേറ്റമാണ് ഗോളായി കലാശിച്ചത്.സ്റ്റീവൻ ജെറാർഡിന്റെ കീഴിൽ പരിശീലിക്കാൻ ഭാഗ്യം ലഭിച്ച മുൻ റേഞ്ചേഴ്‌സ്-മാൻ ഓവൻ കോയ്‌ലിന്റെ ഒരു മികച്ച തിരഞ്ഞെടുപ്പാണ്. ഡിസംബറിൽ ഒഡീഷ എഫ്‌സിക്കെതിരെ നേടിയ ഹാട്രിക്ക് അദ്ദേഹത്തിന്റെ ക്ലാസിനെയും നിലവാരത്തെയും കുറിച്ചുള്ള സംശയങ്ങൾ നീക്കി.ബോക്‌സിന് പുറത്ത് നിന്ന് വലംകാലുള്ള മികച്ചൊരു ഷോട്ടിലൂടെ അദ്ദേഹം ആദ്യ ഗോൾ നേടി.രണ്ടാമത്തേത് മെസ്സിയെ ഓർമിപ്പിക്കുന്ന ഇടം കാൽ ഫ്രീകിക്ക് ഗോളും മൂന്നാമത്തെ ഒരു ക്ലിനിക്കൽ ബ്രില്യൻസ് ഫിനിഷുമായിരുന്നു.

ലൂണയും സ്റ്റുവാർട്ടും അവരുടെ പ്രകടനങ്ങളുമായി സ്ഥിരത പുലർത്തുന്നു, മാത്രമല്ല അവരുടെ ടീമിന് ഏറ്റവും ആവശ്യമുള്ള അവസരങ്ങളിൽ അവർ മികച്ച പ്രകടനം നടത്തുകയും ചെയ്തു. 20 മത്സരങ്ങൾ കളിച്ച ലൂണ അഞ്ചു ഗോളുകളും 7 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചപ്പോൾ 19 മത്സരങ്ങളിൽ നിന്നും സ്റ്റുവർട്ട് 10 ഗോളുകളും 10 അസിസ്റ്റും നേടി. ബോക്സിനു പുറത്തു നിന്നും ലൂണ മൂന്നു ഗോളും സ്റ്റുവർട്ട് നാല് ഗോളും നേടി. ഇരു താരങ്ങളും രണ്ടു ഫ്രീകിക്ക് ഗോളുകളും നേടി. ലൂണ 10 ഡ്രിബിൾസ് കമ്പ്ലീറ്റ് ചെയ്തപ്പോൾ സ്റ്റുവർട്ട് 32 ഡ്രിബിൾസ് വിജയകരമായി പൂർത്തിയാക്കി.

കണക്കുകൾ പരിശോധിച്ചു നോക്കുമ്പോൾ ഐ‌എസ്‌എല്ലിന്റെ ലീഗ് ഘട്ടങ്ങളിൽ സ്റ്റുവാർട്ട് ലൂണയെ അരികിലെത്തി എന്ന് വ്യക്തമാണ്. 79.05 മിനിറ്റിൽ ഒരു ഗോൾ സംഭാവനയോടെ, ആക്രമണത്തിലെ ഏറ്റവും മാരകമായ കളിക്കാരിൽ ഒരാളാണ് സ്റ്റുവർട്ട്.മുൻ റേഞ്ചേഴ്‌സ് എഫ്‌സി താരത്തിന് ലൂണയേക്കാൾ കൂടുതൽ പാസിംഗ് കൃത്യതയുണ്ട്. എന്നാൽ പ്രതിരോധത്തിൽ മികച്ച പ്രകടനമാണ് ലൂണയുടെ ഭാഗത്തു നിന്നും ഉണ്ടായത്.വെള്ളിയാഴ്ച ജംഷഡ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റുമുട്ടുമ്പോൾ എല്ലാ കണ്ണുകളും ലൂണയിലും സ്റ്റുവാർട്ടിലും ആയിരിക്കും. ആദ്യ പാദത്തിൽ വിജയിച്ച് റിട്ടേൺ ലെഗിന് മുമ്പ് ഒരു നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് ഇരു താരങ്ങളും.

Rate this post