ദിമിട്രിയോസ് ഡയമന്റകോസിന്റെ ഇരട്ട ഗോളിൽ വിജയ വഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഐഎഎഎല്ലിൽ വിജയ വഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്‌സ് . കൊച്ചിയിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. ബ്ലാസ്റ്റേഴ്സിനായി ഗ്രീക്ക് സ്‌ട്രൈക്കർ ദിമിട്രിയോസ് ഡയമന്റകോസ് ഇരട്ട ഗോളുകൾ നേടി.

ഗോവയ്ക്കെതിരായ കഴിഞ്ഞ മത്സരത്തിലെ സ്റ്റാർട്ടിങ് ഇലവനിൽ നിന്ന് വൻ മാറ്റങ്ങളാണ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ഇന്ന് ബ്ലാസ്‌റ്റേഴ്‌സിനെ അണിനിരത്തിയത്.​ഗില്ലിന് പകരം കരൺജിത് സിങ് ആദ്യ ഇലവനിൽ ഇടം നേടി. പിൻനിരയിൽ ഹർമൻജ്യോത് ഖബ്ര, ജെസ്സൽ കാർനെയ്റോ എന്നിവർ തിരിച്ചെത്തി. പരുക്കേറ്റ സന്ദീപ് സിങ്ങിനും നിഷു കുമാറിനും പകരമാണിത്. ഹോം ഗ്രൗണ്ടില്‍ തുടക്കം മുതല്‍ അവസരങ്ങള്‍ തുറന്നെങ്കിലും നോര്‍ത്ത് ഈസ്റ്റ് ഗോളി അരിന്ദം ഭട്ടാചാര്യയെ മറികടന്ന് വലയിലേക്ക് പ്രവേശിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനായില്ല.

33-ാം മിനുറ്റില്‍ ലൂണയുടെ ഫ്രീകിക്കില്‍ ഗോള്‍ പ്രതീക്ഷിച്ചെങ്കിലും പന്ത് ഗോളിയുടെ കൈകളില്‍ അവസാനിച്ചു. തൊട്ടുപിന്നാലെ ലഭിച്ച മറ്റൊരു ഫ്രീകിക്കും ലൂണയ്ക്ക് പിഴച്ചു. 35-ാം മിനുറ്റില്‍ കെ പി രാഹുലിന്‍റെ ഷോട്ട് അരിന്ദമിന്‍റെ കൈകളില്‍ ഒതുങ്ങി. 42-ാം മിനുറ്റില്‍ ഡയമന്‍റക്കോസിലൂടെ നിര്‍ണായക ലീഡ് എടുക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. രണ്ടു മിനുട്ടിനുള്ളിൽ ഡയമന്‍റക്കോസ് തന്നെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ദിമിട്രിയോസ് ഡയമന്റകോസിന്റെ ബോക്‌സിന് പുറത്ത് നിന്നുള്ള ഷോട്ട് പുറത്തേക്ക് പോയി. പിന്നീട് അപ്പോസ്റ്റലോസ് ജിയാനോയുടെയും സഹലിന്റെയും ഷോട്ടുകൾ നോർത്ത് ഈസ്റ്റ് പ്രതിരോധ താരങ്ങൾ തടുക്കുകയും ചെയ്തു.തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ നോർത്ത് ഈസ്റ്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം തകർക്കാൻ കഴിഞ്ഞില്ല.81 ആം മിനുട്ടിൽ ലൂണയുടെ ഫ്രീകിക്ക് പുറത്തേക്ക് പോയി. 85 ആം മിനുട്ടിൽ ദിമിട്രിയോസ് ഡയമന്റകോസിന് ഹാട്രിക്ക് നേടാൻ അവസരം ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.

Rate this post