” ഗോളുകൾ അടിച്ചു കൂട്ടുന്ന ഹൈദരാബിദിനെ ക്ലീൻ ഷീറ്റുകൾ കൂടുതലുള്ള ബ്ലാസ്റ്റേഴ്സിന് പിടിച്ചു കെട്ടാൻ സാധിക്കുമോ “

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ ഈ സീസണിലെ തന്നെ ഏറ്റവും മികച്ച രണ്ടു ടീമുകൾ തന്നെയാണ് ഏറ്റുമുട്ടുന്നത് എന്ന കാര്യത്തിൽ സംശയമില്ല.ലീഗ് റൗണ്ടിലും സെമിയിലും സ്ഥിരാതെയാർന്നതും നിലവാരമുള്ള പ്രകടനമാണ് ഇരു ടീമുകളും കാഴ്ച്ചവെച്ചത്. രണ്ടു വർഷത്തിന് ശേഷം ആരാധകർ സ്റ്റേഡിയത്തിലെത്തുന്നത് ബ്ലാസ്റ്റേഴ്സിന് ഒരു മുൻ‌തൂക്കം നൽകുന്നുണ്ടെങ്കിലും പ്രധാന താരങ്ങളുടെ പരിക്കുകൾ കേരള ടീമിന് വലിയ തിരിച്ചടിയാവും.

ലീഗിന്റെ പോയിന്റ് പട്ടികയിൽ ഹൈദരാബാദ് എഫ്സി രണ്ടാം സ്ഥാനത്തും കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. അതിനാൽ ഫൈനലിലെ ജേഴ്സി തിരഞ്ഞെടുക്കാനുള്ള ആനുകൂല്യം ഹൈദരാബാദിനെ കിട്ടുന്നുവെന്നുള്ളതാണ് മത്സരത്തിന് മുമ്പുതന്നെ ഈ ഫൈനൽ മത്സരത്തെ ശ്രദ്ധേയമാക്കുന്നത്. തങ്ങളുടെ ടീം ആദ്യമായി ഐഎസ്എല്‍ കിരീടം ഉയര്‍ത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ഹൈദരാബാദ്, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത ടീം ഏറ്റവും കൂടുതല്‍ ക്ലീന്‍ ഷീറ്റുകളുള്ള ടീമിനെതിരെ ഇറങ്ങുമ്പോള്‍ പോരാട്ടം കടുപ്പമാവുമെന്ന് ഉറപ്പാണ്.

ഈ സീസണിൽ ഏറ്റവും കൂടുതൽ നേടിയ ടീമിന് ഹൈദരബാദ്. 46 ഗോളുകളാണ് അവർ അടിച്ചു കൂട്ടിയത്.അതിൽ 18 ഗോളുകൾ നേടിയത് മുൻ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ഓഗ്‌ബെച്ചയായിരുന്നു. 7 ഗോളുമായി സ്പാനിഷ് യുവ താരം ഹാവിയർ സിവേരിയോ നൈജീരിയൻ സ്‌ട്രൈക്കർക്ക് മികച്ച പിന്തുണ നൽകുന്നുണ്ട്. ഓഗ്‌ബെച്ചയെ പ്രതിരോധ ജോഡികളായ ലെസ്‌കോയും – ഹോർമിയും എങ്ങനെ പിടിച്ചു കെട്ടും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ മത്സരത്തിന്റെ ഫലം. വിങ്ങുകളിൽ നിന്നും നിരന്തരം ബോക്സിലേക്ക് ക്രോസ്സ് കൊടുത്ത് കളിക്കുന്ന ശൈലിയാണ് ഹൈദരാബാദ് ഈ സീസണിൽ പിന്തുടരുന്ന ശൈലി.സീസണില്‍ ഏറ്റവും കൂടുതല്‍ ക്രോസുകള്‍ വന്നത് ഹൈദരാബാദില്‍ നിന്നാണ്. 348 ക്രോസുകള്‍.

ഈ സീസണിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ നേടിയ ടീമിന് ബ്ലാസ്റ്റേഴ്‌സ്. ഗോൾ വഴങ്ങാൻ ഏറ്റവും മടിയുള്ള ടീമാണ് ബ്ലാസ്റ്റേഴ്‌സ്. മികച്ച രണ്ടു രണ്ടു പ്രതിരോധ താരങ്ങളും ഗോൾഡൻ ഗ്ലൗ നേടുമെന്ന് ഉറപ്പുള്ള യുവ കീപ്പർ ഗില്ലിന്റെ സാനിധ്യം ബ്ലാസ്റ്റേഴ്സിന് കൂടുതൽ ശക്തിയുള്ള ടീമാക്കി മാറ്റുന്നു. പരിക്ക് മൂലം ലൂണ ഇന്ന് കളിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ലൂണയെ എങ്ങനെ ഹൈദരാബാദ് മാർക് ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ മത്സരത്തിൽ നിസാമീസിന്റെ വിജയ സാധ്യത.സീസണ്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ തന്റെ ടീമിനായി സൃഷ്ടിച്ച താരമാണ് അഡ്രിയാന്‍ ലൂണ(10). ലൂണയെ പൂട്ടാന്‍ ജാവോ വിക്ടറിന്റെ പരിചയ സമ്പത്ത് ഗുണം ചെയ്‌തേക്കും.

4:4:2 എന്ന ഫോർമേഷനിൽ തന്നെ ആയിരിക്കും കേരളാ ബ്ലാസ്റ്റേഴ്സ് കളിക്കാൻ പോകുന്നത്. ലൂണയെയും സഹലിനെയും ഒഴിച്ചാൽ അൽവാരോ, പെരേര ഡയസ്, ലെസ്കോവിച്ച്, ഹോർമിപാം, ഖബ്ര, നിഷു കുമാർ, ജീക്സൺ സിംഗ്, പ്യുട്ടിയ, ഗിൽ എന്നിവരുടെ ലഭ്യതയിൽ യാതൊരു സംശയവുമില്ല.4-2-3-1 എന്ന ഫോര്‍മേഷനില്‍ ഓഗ്‌ബെച്ചയെ മുൻ നിർത്തിയാവും ഹൈദരാബാദ് ഇറങ്ങുക.ജംഷധ്പൂര്‍ എഫ് സിയെ ഇരു പാദങ്ങളിലുമായി 2-1 ന് പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സ് ഫൈനലില്‍ എത്തിയത്. മറുവശത്ത് ഹൈദരാബാദും ഒട്ടും മോശമല്ല. കരുത്തരായ എടികെ മോഹന്‍ ബഗാനെ ഇരു പാദങ്ങളിലുമായി 3-2 നാണ് കീഴടക്കിയത്. എന്തായാലും കന്നിക്കിരീടം തേടിയിറങ്ങുന്ന ഇരുടീമുകളും ഫുട്ബോള്‍ പ്രേമികള്‍ക്ക് വിരുന്നൊരുക്കിയേക്കും.