❝കേരള ബ്ലാസ്റ്റേഴ്സിൽ അഡ്രിയാൻ ലൂണ മാജിക് 2024 വരെ കാണാം❞|Adrian Luna |Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ സീസണിലെ നെടുംതൂൺ അഡ്രിയാൻ നിക്കോളാസ്‌ ലൂണയുമായുള്ള കരാർ പുതുക്കി മാനേജ്‍മെന്റ്. രണ്ടു വർഷത്തേക്കാണ് കരാർ പുതുക്കിയത്. കഴിഞ്ഞ സീസണിൽ രണ്ടു വർഷത്തെ കരാറിൽ ടീമിലെത്തിയ ഉറുഗ്വേൻ അറ്റാക്കിങ്‌ മിഡ്‌ഫീൽഡർ 2024 വരെ ക്ലബ്ബിൽ തുടരുമെന്ന് മാനേജ്‍മെന്റ് അറിയിച്ചു.

കരാറിൽ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനുമുണ്ട്.ക്ലബ് വൈസ് ക്യാപ്റ്റനായാണ് ലൂണ സീസൺ ആരംഭിച്ചത് ,പിന്നീട് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ജെസൽ കാർനെയ്‌റോ രിക്കിനെത്തുടർന്ന് പുറത്തായപ്പോൾ ക്യാപ്റ്റനായി മാറ്റി.തന്റെ കന്നി ബ്ലാസ്റ്റേഴ്‌സ് ക്യാമ്പയിനിൽ ലൂണയ്ക്ക് ആറ് ഗോളുകളും ഏഴ് അസിസ്റ്റുകളും ഉണ്ടായിരുന്നു.എല്ലായ്‌പ്പോഴും ഊർജ്വസലതയോടെ കളംനിറഞ്ഞ്‌ ഓടുന്ന ലൂണ ടാക്ലിങ്ങിലും പന്ത്‌ തിരിച്ചെടുക്കുന്നതിലും കഴിഞ്ഞ വർഷത്തെ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഉന്നത നിലവാരം പുലർത്തി. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ സംഭാവന നൽകുന്ന അദ്ദേഹം ഹീറോ ഐഎസ്‌എൽ ഓഫ്‌ ദി ഇയർ ടീമിലും ഇടംനേടി.

ഉറുഗ്വേയിലാണ്‌ ലൂണയുടെ കളിജീവിതം ആരംഭിച്ചത്‌, ക്ലബ്ബ്‌ അത്‌ലറ്റികോ പ്രോഗ്രസോ, മോണ്ടെവിഡിയോ വാണ്ടറേഴ്‌സ്‌, ഡിഫെൻസർ സ്‌പോർടിങ്‌ എന്നിവയ്‌ക്കൊപ്പമായിരുന്നു അക്കാദമി വർഷങ്ങൾ ചിലവഴിച്ചത്‌. 2010ൽ ഡിഫെൻസറിൽ ക്ലബ്ബിന്റെ ആദ്യ സീനിയർ കുപ്പായത്തിൽ ഇറങ്ങുന്നതിന്‌ മുമ്പ് അണ്ടർ 19 ടീമിലായിരുന്നു. അധികം വൈകാതെ, സ്‌പാനിഷ്‌ ക്ലബ്ബുകളായ എസ്‌പാന്യോൾ, ജിംനാസ്‌റ്റിക്‌, സിഇ സബാഡെൾ എന്നിവയിൽ വായ്‌പാടിസ്ഥാനത്തിൽ എത്തി. പിന്നീട് മെക്‌സിക്കോയിൽ എത്തിയ ഈ ഇരുപത്തൊൻപതുകാരൻ അവിടെ ടിബുറോനെസ്‌ റോഹാസ, വെനാഡോസ എഫ്‌സി ടീമുകളെ പ്രതിനിധീകരിച്ചു. 2021 സമ്മറിൽ കേരള ബ്ലാസ്‌റ്റേഴ്‌സിൽ ചേരുന്നതിന്‌ മുൻപ് ഓസ്‌ട്രേലിയൻ ക്ലബ്ബായ മെൽബൺ സിറ്റിയുമായി കരാർ ഒപ്പിട്ട ലൂണ രണ്ട്‌ വർഷത്തിനിടെ 51 മത്സരങ്ങളിൽ ടീമിനായി കളിച്ചു.

2009ലെ ഫിഫ അണ്ടർ 17 ലോകകപ്പ്‌, 2011ലെ ഫിഫ അണ്ടർ 20 ലോകകപ്പ്‌ എന്നിവയിലും ലൂണ കളിച്ചിട്ടുണ്ട്‌. രണ്ട്‌ ടൂർണമെന്റുകളിൽ ഓരോ ഗോളുമടിച്ചു. ക്ലബ്ബ്‌ കരിയറിൽ 11 വർഷത്തിനിടെ വിവിധ ക്ലബ്ബുകൾക്കായി 364 മത്സരങ്ങളിൽ ഈ അറ്റാക്കിങ്‌ മിഡ്‌ഫീൽഡർ ഇറങ്ങി, 53 ഗോളടിക്കുകയും 53 എണ്ണത്തിന്‌ അവസമൊരുക്കുകയും ചെയ്‌തു.

ലൂണ ടീമിനൊപ്പം തുടരുന്നത് പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ സ്വാഗതം ചെയ്തു. “കഴിഞ്ഞ സീസണിൽ ഞാൻ പറഞ്ഞപോലെ അഡ്രിയാൻ ക്ലബ്ബിന്‌ ഏറ്റവും യോജിച്ച കളിക്കാരനായിരുന്നു. ഐഎസ്‌എലിലെ ഏറ്റവും മൂല്യമുള്ള കളിക്കാരിലൊരാളാണ്‌. മഹത്തായ വ്യക്തിത്വമുള്ള അദ്ദേഹം ടീമിലേക്ക്‌ എതെങ്കിലും തരത്തിലുള്ള പ്രത്യേകത കൊണ്ടുവരുന്ന കളിക്കാരനാണ്‌. കരാർ നീട്ടിയതിൽ ഞങ്ങളെല്ലാവരും ആവേശത്തിലാണ്‌. അടുത്ത സീസണിൽ അദ്ദേഹം കൊച്ചിയിലെത്തുമെന്നതിൽ സന്തോഷമുണ്ട്. ആ മഞ്ഞക്കടലിനു മുന്നിൽ കളിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ്‌ അദ്ദേഹമെന്നും എനിക്ക് ഉറപ്പുണ്ട്” ഇവാൻ വുകോമനോവിച്ച്‌ പറഞ്ഞു.

‘ഞങ്ങളുടെ ക്ലബ്ബിൽ ദീർഘകാലത്തേക്ക്‌ അഡ്രിയാൻ കാട്ടുന്ന പ്രതിബദ്ധതയിൽ എനിക്ക് സന്തോഷമുണ്ട്. ലൂണ ഒരു യഥാർഥ നേതാവും പോരാളിയും വലിയ വ്യക്തിത്വവുമാണ്. അദ്ദേഹത്തെപ്പോലെ കൂടുതൽ കളിക്കാർ ഉണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹവുമായി കരാർ നീട്ടിയത് ക്ലബ്ബിന്റെ വലിയ നേട്ടമാണ്, ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു‐ കരാർ നീട്ടിയതിന്റെ ആവേശം പങ്കുവച്ചുകൊണ്ട്‌ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ്‌ പറഞ്ഞു.