“കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ പുതുക്കി യുവ ഇന്ത്യൻ മിഡ്ഫീൽഡർ”|Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്റ്റേഴ്‌സ്. പരിശീലകനടക്കം വിദേശ താരങ്ങളുമായി കരാർ പുതുക്കിയ കേരള ടീം ഇന്ത്യൻ യുവ താരങ്ങളുമായി കരാർ പുതുക്കി തുടങ്ങിയിരിക്കുകയാണ്. പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ യുവ ഡിഫെൻസിവ് മിഡ്ഫീൽഡർ ജീക്സൺ സിംഗ് ബ്ലാസ്റ്റേഴ്‌സുമായി കരാർ പുതുക്കിയിരിക്കുകയാണ്. 2025 വരെയാണ് താരം കരാർ ഒപ്പിട്ടത്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി 19 മത്സരങ്ങൾ ജീക്സൺ കളിച്ചു. രണ്ട് അസിസ്റ്റ് നൽകാനും ഒരു ഗോൾ നേടാനും ഇരുപത് കാരനായി. ഇതുവരെ ഐ എസ് എല്ലിൽ ആകെ 48 മത്സരങ്ങൾ ജീക്സൺ കളിച്ചു കഴിഞ്ഞു. മുമ്പ് ജീക്സൺ ഇന്ത്യൻ ആരോസിനായും മിനേർവ പഞ്ചാബിനായും കളിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ത്യൻ ദേശീയ ടീമിലും ജീക്സൻ ഉണ്ട്. 2017ലെ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കായി ഗോൾ നേടാൻ ജീക്സനായിരുന്നു.

എതിരാളികളെ ‍ഞൊടിയിടയിൽ തടയാനും പന്തു പിടിച്ചെടുക്കാനും അസാമാന്യമായ കഴിവുള്ള ജീക്സൺ ടീമിനായി നടത്തുന്ന പോരാട്ടങ്ങളാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയുടെ ജോലി എളുപ്പമാക്കുന്നത് എന്ന് പറയാം. വലിയ ബഹളങ്ങൾ ഒന്നുമില്ലാതെ തൻ്റെ ജോലി കൃത്യമായി ചെയ്ത് ഒരു ചെറുപുഞ്ചിരിയോടെ ഗ്രൗണ്ടിൽ കാണപ്പെടുന്ന താരം ഇന്ത്യൻ മധ്യനിരയുടെ ഭാവിയായി വിലയിരുത്തപ്പെടുന്നു. ഒരു സുപ്രഭാതത്തിൽ വന്ന് ചേർന്ന സൗഭാഗ്യങ്ങൾ അല്ല ഇതൊന്നും എന്ന് താരത്തിന് നന്നായി അറിയാം.

കേരള ബ്ലാസ്റ്റേഴ്സിൽ താരം ഗോൾ അടിച്ചും ,അടിപ്പിച്ചും, എതിരാളികളെ തടഞ്ഞും,തന്റെ ഓൾ റൗണ്ട് മികവ് തുടർന്നു . ആരും വിചാരിക്കാത്ത രീതിയിൽ കഴിഞ്ഞ സീസണിൽ കുതിപ്പ് തുടർന്ന ബ്ലാസ്റ്റേഴ്‌സ് നിരക്ക് കരുത്ത് പകർന്നുകൊണ്ട് എതിർ മുന്നേറ്റ നിരക്ക് തലവേദനായി ജീക്സൺ നിൽക്കുമ്പോൾ രാജ്യം അയാളിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നു