സ്പാനിഷ് സ്‌ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സിലേക്ക് കൂടുതൽ അടുക്കുന്നു, ആദ്യ ഓഫർ സമർപ്പിച്ച് ക്ലബ് |Kerala Blasters |Sergio Moreno

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന വിദേശ താരം ആരായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. കഴിഞ്ഞ ദിവസങ്ങളിൽ പരിശീലകൻ ഇവാൻ വുകമനോവിച് വിദേശ താരത്തെക്കുറിച്ചുള്ള സൂചനകൾ നൽകുകയും ചെയ്തു. ആ താരം ഞങ്ങളുടെ ടീമിന് വലിയ മുതൽകൂട്ടാകും,ഒരു എക്സ്ട്രാ കരുത്ത് നൽകുന്നയാളാവും ടീമിനെ കൂടുതൽ ശക്തരാക്കുന്ന ഒരു താരമായിരിക്കും എന്നും പറയുകയും ചെയ്തു.

അവസാന വിദേശ താരമായി സ്പാനിഷ് താരമായ സെർജിയോ മൊറേനോയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിന്റെ ക്ലബായ റയോ വയ്യെകാനോയെ ആദ്യ ഓഫറുമായി ബന്ധപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. താരവുമായി കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ ചർച്ചകൾ നടത്തിയിരുന്നു. ലോണിൽ താരത്തെ സ്വന്തമാക്കാൻ ആണ് ബ്ലാസ്റ്റേഴ്സ് ശ്രമം നടത്തുന്നത്.ലാ ലീഗയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം താരത്തെ റയോ വല്ലക്കാനോ ഈ സീസൺ വേണ്ടിയുള്ള ടീമിൽ രജിസ്റ്റർ ചെയ്തിട്ടില്ല.ഈ ഒരു കാര്യവും ബ്ലാസ്റ്റേഴ്‌സുമായിയുള്ള അഭ്യുഹങ്ങളും ചേർത്ത് വായിക്കുമ്പോൾ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തും എന്ന് തന്നെ പ്രതീക്ഷിക്കാം.

മൊറേനോ റയോ വായെക്കാനോയിൽ നിന്ന് അവസാന മൂന്ന് സീസണിലും ലോണിൽ ആയിരുന്നു കളിച്ചിരുന്നത്. അവസാനമായി അമൊരെബിയേറ്റയിലാണ് ലോണിൽ കളിച്ചത്. അത്ലറ്റിക്കോ മാഡ്രിഡിന്റെ അക്കാദമിയിൽ കളിച്ചിട്ടുള്ള താരം മുമ്പ് വലൻസിയയുടെ ബി ടീമിനായും കളിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസം കഴിയുന്നതോടെ അവസാനിക്കുന്ന ട്രാൻസ്ഫർ വിൻഡോക്ക് മുൻപായി കേരള ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ അവസാന വിദേശ താരത്തെയും ക്ലബ്ബിലെത്തിക്കണം.

നിലവില്‍ കൊച്ചിയില്‍ പ്രീസീസണ്‍ പരിശീലനത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇവിടത്തെ പരിശീലനത്തിനു ശേഷം ടീം യുഎഇയിലേക്ക് മല്‍സരങ്ങള്‍ കളിക്കാന്‍ പോകും. അതിനു മുമ്പ് ചില കെപിഎല്‍ ടീമുകളുമായി പരിശീലന മല്‍സരം കളിക്കും.

റിയോ വിയാക്കാനോയുടെ യൂത്ത് ക്ലബ്ബിലൂടെയാണ് സെർജിയോ മൊറേനോ മാർട്ടിനെസ് സീനിയർ ലെവലിൽ എത്തിയത്. 2018ൽ വയക്കാനോ ബി ടീമിൽ അരങ്ങേറ്റം കുറിച്ചു. അതേ വർഷം തന്നെ സീനിയർ ടീമിൽ കളിക്കാൻ വൈയ്ക്കാനോയ്ക്കും അവസരം ലഭിച്ചു. റയോ വല്ലക്കാനോ ബി ടീമിനായി 35 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും വല്ലക്കാനോ സീനിയർ ടീമിനായി രണ്ട് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളും സെർജിയോ മൊറേനോ മാർട്ടിനെസ് നേടി.

2019ൽ ലോണിൽ സ്പാനിഷ് ലാ ലിഗ ക്ലബ് വലൻസിയയുടെ റിസർവ് ടീമിൽ ചേർന്നു. വലൻസിയ ബി ടീമിനായി 25 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളും അദ്ദേഹം നേടി. 2020-ൽ ലാ ലിഗ ബി ഡിവിഷൻ ക്ലബ്ബായ സി.ഡി മറാൻഡെസിനും 2022-ൽ രണ്ടാം ഡിവിഷൻ ക്ലബ് എസ്.ഡി അമോറെബെയ്റ്റയ്ക്കും വേണ്ടി ലോണിൽ കളിച്ചു.