❝ 💪🏆കപ്പുറപ്പിച്ചിട്ടേ ഇനി കളിക്കാൻ 🔥⚽
ഇറങ്ങുന്നുള്ളൂ ടീം 💛💙 കേരള ബ്ലാസ്റ്റേഴ്‌സ് ❞

കഴിഞ്ഞ സീസണിൽ ഒരുപിടി വമ്പൻ സൈനിങ്ങുകളാണ് കേരളാ ബ്ലാസ്റ്റേഴ്സ് നടത്തിയത്. ​ഇം​ഗ്ലീഷ് താരം ​ഗാരി ഹൂപ്പർ മുതൽ ഇന്ത്യൻ താരം നിഷു കുമാർ വരെ ഇത്തരം വൻ സൈനിങ്ങായിരുന്നു. എന്നാൽ പ്രതീക്ഷിച്ചത്ര മികച്ച പ്രകടനം നടത്താൻ ഇവർക്ക് സാധിച്ചില്ല. ഇത് ടീമിനേയും ബാധിച്ചു.വൻ സൈനിംഗുകൾ നടത്തിയ ‌ടീം സീസണിൽ പത്താം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബായ ബ്ലാസ്റ്റേഴ്‌സ് പ്രകടനങ്ങളുടെ കാര്യത്തിൽ ഓരോ സീസണിലും പിന്നിലോട്ടാണ്.

ഇപ്പോൾ ഐ.എസ്.എൽ എട്ടാം സീസണിനായുള്ള തയ്യാറെടുപ്പുകളിലാണ് ബ്ലാസ്റ്റേഴ്സ്. എന്നാൽ ഇക്കുറി പേരും മുമ്പ് കളിച്ച ടീമുകളും മാത്രം നോക്കി വിദേശതാരങ്ങളെ സൈൻ ചെയ്യില്ല എന്ന സൂചനയാണ് പുറത്തുവരുന്നത്. ഐ.എസ്.എൽ വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസ് ഇങ്ങനെയൊരു സൂചന നൽകിയത്.ഇക്കുറി വലിയ സൈനിംഗുകൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടാകുമോ എന്ന ചോദ്യത്തിന് ടീമിന്റെ ബജറ്റിൽ നിന്ന് കൊണ്ട്‌ സിസ്റ്റത്തിന് ഏറ്റവും യോജ്യരായ, ഗുണനിലവാരമുള്ള കളിക്കാരെ കൊണ്ടു വരുമെന്നായിരുന്നു സ്കിൻകിസ് നൽകിയ മറുപടി.


ടീമിന്റെ ശൈലിക്ക് ഇണങ്ങുന്ന, മികച്ച നിലവാരം പുലർത്തുന്ന കളിക്കാരെയാണ് ഇക്കുറി സൈൻ ചെയ്യുക എന്നാണ് സ്കിൻകിസ് പറഞ്ഞത്. ക്ലബിന്റെ ബഡ്ജറ്റ് കൂടി പരി​ഗണിച്ചാകും സൈനിങ്ങുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുൻ പരിശീലകൻ എൽക്കോ ഷട്ടോരി ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുമോയെന്ന ചോദ്യവും സ്കിൻകിസ് നേരിട്ടു.മികച്ചൊരു പരിശീലകനെ ടീമിലെത്തിച്ച് നല്ലൊരു പ്രീസീസൺ സംഘടിപ്പിക്കേണ്ടത്തിന്റെ ആവശ്യകതയെ കുറിച്ചും സ്കിൻകിസ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ സീസൺ അവസാനിക്കുന്നതിന് മുൻപേ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ കിബു വിക്കൂനയ്ക്ക് പകരം പുതിയ പരിശീലകനെ കണ്ടു പിടിക്കുന്നതാണ് ഇക്കുറി തന്റെ ആദ്യ ലക്ഷ്യമെന്ന് സ്കിൻകിസ് പറയുന്നു.ക്ലബിന്റെ പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങൾ സജീവമാണ്, എന്നാൽ ആരുടേയും പേരുകൾ വെളിപ്പെടുത്താൻ ഇപ്പോൾ കഴിയില്ലെന്നാണ് ഇതിന് സ്കിൻകിസ് പറഞ്ഞ മറുപടി. മുൻ സീസണുകളിൽ ആവർത്തിച്ച പിഴവുകളിൽ നിന്നും പാഠം ഉൾകൊണ്ട് തിരിച്ചു വരണമെന്ന പ്രതീക്ഷയിലാണ് കേരളം ബ്ലാസ്റ്റേഴ്‌സ്. മികവ് കുറഞ്ഞ വിദേശ താരങ്ങളെ കൂടുതൽ ആശ്രയിക്കുന്നതിനു പകരം പ്രാദേശികമായ കഴിവുള്ള താരങ്ങളെ കൂടുതൽ ടീമിൽ ഉൾപ്പെടുത്തിയാൽ ടീമിന്റെ പ്രകടനത്തിൽ മാറ്റം വരുത്താൻ കഴിയുമെന്നാണ് വിദഗ്ദാഭിപ്രായം.