❝എടികെ മോഹൻ ബഗാൻ സൂപ്പർ ഡിഫെൻഡർക്കായി വമ്പൻ ഓഫർ വെക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്❞|Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞു പോയ സീസണിൽ പുറത്തെടുത്തത്.ആറു വർഷങ്ങൾക്ക് ഫൈനലിൽ എത്തിയ ബ്ലാസ്റ്റേഴ്സിന് കപ്പിനും ചുണ്ടിനും ഇടയിലാണ് കിരീടം നഷ്ടമായത്. എന്നാൽ നഷ്ടമായതെല്ലാം അടുത്ത സീസണിൽ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴേ ആരംഭിച്ചിരിക്കുകയാണ്.

പരിശീലകന്റേയും പ്രധാന വിദേശതാരങ്ങളുടേയും കരാർ പുതുക്കാൻ നീക്കങ്ങൾ നടത്തുന്ന ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ താരങ്ങളെയും ടീമിനൊപ്പം ചേർക്കാനായി ശ്രമം നടത്തുന്നുണ്ട്. ഐ-ലീഗിലും ,ഐഎസ്എല്ലിലും തിളങ്ങിയ ഇന്ത്യൻ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് നിരീക്ഷിക്കുന്നുണ്ട് എന്ന് അതികൃതർ വ്യക്തമാക്കിയിരുന്നു . ഇപ്പോഴിതാ പുറത്തു വരുന്ന റിപോർട്ടുകൾ പ്രകാരം എടികെ മോഹന്‍ ബഗാന്റെ പ്രതിരോധ താരമായ പ്രീതം കോട്ടലിനെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്.

റൈറ്റ് ബാക്കായും സെന്റർ ബാക്കായും കളിക്കുന്ന താരത്തിനായി ബ്ലാസ്റ്റേഴ്സ് മികച്ച ഓഫർ മുന്നോട്ടു വെക്കാനുള്ള ഒരുക്കത്തിലാണ്. എടികെ യുമായി ദീർഘകരാർ ഒപ്പിട്ടിട്ടില്ലെങ്കിൽ താരം ക്ലബ് വിടാനുള്ള സാധ്യതയുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ എടി കെ ക്കായി റൈറ്റ് ബാക്ക് പൊസിഷനിൽ മികച്ച പ്രകടനമാണ് 28 കാരൻ ഇതുവരെ പുറത്തെടുത്തിട്ടുള്ളത്.നിലവില്‍ എടികെ മോഹന്‍ ബഗാന്റെ ക്യാപ്റ്റനാണ് പ്രീതം കോട്ടല്‍. 2021 – 2022 സീസണില്‍ 22 മത്സരങ്ങളില്‍ എടികെ മോഹന്‍ ബഗാനായി ഇറങ്ങിയ പ്രീതം ഒരു ഗോള്‍ നേടി, രണ്ട് ഗോളിന് അസിസ്റ്റ് ചെയ്തു.

2011-ൽ പൈലൻ ആരോസിലൂടെയാണ് പ്രീതം കോട്ടാൽ തന്റെ ക്ലബ് കരിയർ ആരംഭിച്ചത്. ആ ടീം പിരിച്ചുവിട്ടതിന് ശേഷം, 2013-14 സീസണിൽ പ്രീതം മോഹൻ ബഗാനിലേക്ക് മാറുകയും തന്റെ പ്രകടനത്തിലൂടെ 2015 ഐ-ലീഗ് കിരീടം നേടാൻ അവരെ സഹായിക്കുകയും ചെയ്തു.2014 ലെ ഉദ്ഘാടന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ഭാഗമായിരുന്ന 84 ഇന്ത്യക്കാരിൽ പ്രീതവും ഉൾപ്പെട്ടിരുന്നു.പൂനെ സിറ്റിക്ക് വേണ്ടിയാണു താരം ബൂട്ടണിഞ്ഞത്.

അവിടെ അദ്ദേഹം മുൻ ഇന്റർ മിലാൻ ഡിഫൻഡർ ബ്രൂണോ സിറില്ലോയ്‌ക്കൊപ്പം കളിച്ചു, അത് അദ്ദേഹത്തിന്റെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിച്ചു.പക്ഷേ അവിടെ അധികം കളിക്കാൻ സാധിച്ചില്ല, 2016ൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയിലേക്ക് മാറി, അടുത്ത സീസണിൽ ഡൽഹി ഡൈനാമോസ് സ്വന്തമാക്കുകയും ചെയ്തു. 2018 മുതൽ എടികെ ക്ക് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന കോട്ടൽ ഐഎസ്എല്ലില്‍ ആകെ 119 മത്സരങ്ങളില്‍ അഞ്ച് ഗോള്‍ നേടുകയും എട്ട് ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തിട്ടുണ്ട്.