❛❛കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി യുവ താരങ്ങളെ റാഞ്ചിയെടുക്കാൻ ശ്രമവുമായി ഐഎസ്എൽ വമ്പന്മാർ❜❜ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സീസൺ ആണ് ഇപ്പോൾ കടന്നു പോയത്. മികച്ച വിദേശ താരങ്ങളുടെ സാന്നിധ്യത്തിനോടൊപ്പം ഇന്ത്യൻ യുവ താരങ്ങളുടെ മികച്ച പ്രകടനവും ഈ സീസണിൽ ആരാധകർക്ക് കാണാൻ സാധിച്ചു. കഴിഞ്ഞു പോയ ഐഎസ്എല്ലിനെ ഏറെ ശ്രദ്ധേയമാക്കിയത് കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചു വരവ് തന്നെയാണ്.

കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാർ ഈ സീസണിൽ റണ്ണേഴ്‌സ് അപ്പ് ആയിട്ടാണ് സീസൺ അവസാനിപ്പിച്ചത്. വിദേശ താരങ്ങൾക്കൊപ്പം ബ്ലാസ്റ്റേഴ്സിന്റെ യുവ ഇന്ത്യൻ താരങ്ങളും മികച്ച പ്രകടനമാണ് നടത്തിയത്. സഹൽ ,രാഹുൽ , ഹോർമീപം , പ്യൂട്ടിയാ ,ജീക്സൺ .രാഹുൽ തുടങ്ങിയ താരങ്ങളെല്ലാം എല്ലാവരുടെയും ശ്രദ്ധ കേന്ദ്രമായി. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് യുവ താരങ്ങളെ റാഞ്ചിയെടുക്കാൻ വട്ടമിട്ടു പറക്കുകയാണ് ഐഎസ്ലിലെ വമ്പൻ ക്ലബ്ബുകൾ.

ട്രാൻസ്ഫർ ജാലകം തുറക്കാൻ ഇനിയും സമയമുണ്ടെങ്കിലും അതിനുമുമ്പ് തന്നെ ക്ലബുകൾ തങ്ങൾക്ക് വേണ്ട കളിക്കാരെ ലക്ഷ്യമിട്ട് കരുക്കൾ നീക്കിത്തുടങ്ങി .ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദ്, കെപി രാഹുൽ എന്നിവരെ നോട്ടമിട്ട് രണ്ട് ക്ലബുകൾ രം​ഗത്തുണ്ടെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ.ഈ സീസണിൽ മികച്ച പ്രകടനം നടത്തിയ സഹലിന് വേണ്ടി എ ടികെ അടക്കമുള്ള ക്ലബ്ബുകൾ ആദ്യം മുതൽ തന്നെ തലപര്യം പ്രകടിപ്പിച്ചിരുന്നു .

ഈ സീസണിൽ ജാംഷെഡ്പൂരിനെതിരെ സെമിയിലെ ആദ്യ പാദത്തിൽ നേടിയ ഗോൾ ഉൾപ്പെടെ ആറു ഗോളുകൾ താരം നേടിയിട്ടുണ്ട്. പരിക്ക് മൂലം ഫൈനലിൽ താരത്തിന് കളിക്കാനായില്ല. ഈ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ പരിക്കേറ്റ് പുറത്തു പോയ രാഹുൽ കെ പി അവസാന മത്സരങ്ങളിൽ ഫോമിലേക്ക് ഉയരുകയും ഫൈനലിൽ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടുകയും ചെയ്തിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്‌സുമായി ഇരു താരങ്ങൾക്കും ഇനിയും കരാർ അവശേഷിക്കുന്നുണ്ട്. മികച്ച പ്രകടനം നടത്തിയ താരങ്ങളെ അടുത്ത സീസണിലേക്കും നിലനിർത്തുക എന്നത് ബ്ലാസ്റ്റേഴ്സിന്റെ മുൻപിലുള്ള ഏറ്റവും വലിയ തലവേദനയാണ്.