Kerala Blasters : “തോറ്റു പോകുമെന്ന് തോന്നിയാലും ഭയപ്പെടരുത്,തോൽ‌വിയിൽ പോലും ധീരത കാട്ടുന്നവർ ഒരിക്കൽ അന്തസായി വിജയിക്കുന്നവർ ആണ്”

നിരന്തരമായി കളിയാക്കലുകളും ,വിമർശനങ്ങളും ഏറ്റുവാങ്ങിയ ഒരു ടീം .ഈ ടീം ഒരിക്കലും രക്ഷപ്പെടില്ല എന്ന് പറഞ്ഞ് വിമർശകർ തള്ളി കളഞ്ഞ ആ സങ്കത്തെ രക്ഷിക്കാൻ പലപ്പോഴായി പലരും വന്നു.ഓരോ തവണയും വിമർശകർക്ക് പറഞ്ഞ് ചിരിക്കാൻ ഒരു തമാശയായി നിന്ന ടീമിന് അധികം പേരോ പ്രശസ്തിയോ ഒന്നുമില്ലാത്ത ഒരു മനുഷ്യൻ രക്ഷകനായി വന്നു. ഈ ടീമിനെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആരാധകരുടെ വിശ്വാസത്തെ കണ്ടില്ലെന്ന് നടിക്കാൻ അയാൾക്ക് സാധിച്ചില്ല.

ഒന്നും ഇല്ലായിമയിൽ നിന്ന് ചാരത്തിൽ നിന്ന് അയാൾ ഒരു ടീമിനെ പോത്തുയർത്തി അവരോട് ഇങ്ങനെ പറഞ്ഞു കാണും -തോറ്റു പോകുമെന്ന് തോന്നിയാലും ഭയപ്പെടരുത്,തോൽ‌വിയിൽ പോലും ധീരത കാട്ടുന്നവർ ഒരിക്കൽ അന്തസായി വിജയിക്കുന്നവർ ആണ് .പരിശീലകന്റെ വാക്കുകൾ പ്രചോദനമായി കണ്ട അവർ ഇന്ന് എല്ലാവരെയും അത്ഭുധപെടുത്തികൊണ്ട് ഒരു നല്ല ഫുട്‍ബോൾ കാലത്തിലൂടെ കടന്ന് പോവുകയാണ് . കേരളം ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന രക്ഷകൻ ഇവാൻ വുകോമനോവിച്ച്. ഇവാനും പടയാളികളും നടത്തുന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ സപ്നതുല്യമായ യാത്ര ആദ്യ പാദം പിന്നിടുമ്പോൾ പരിശീലകനും ടീമിനും ആരാധകർ നൽകുന്നു-എ പ്ലസ്

kerala Blasters

കപ്പടിക്കണം കലിപ്പടക്കണം എന്ന ആഗ്രഹവുമായി ഓരോ സീസണുകളിലും വരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് കപ്പും ഇല്ല കലിപ്പും ഇല്ലാതെ നിരാശരായി മടങ്ങുന്നതായിരുന്നു പതിവ് .2 വട്ടം ഫൈനലിൽ എത്തിയതൊഴിച്ചാൽ ഓർക്കൻ പ്ലം വലിയ ഐ .എസ്.എൽ ഓർമ്മകൾ ഇല്ല .ആകെ ഉള്ളത് മഞ്ഞപ്പട തീർക്കുന്ന ആവേശവും ഗാലറിയിലെ ആരവങ്ങളും മാത്രം.ഓരോ വർഷവും മാറി മാറി വരുന്ന താരങ്ങളും,പരിശീലകരും ഒകെ ഉള്ള ടീമിന് പലപ്പോഴും കൃത്യമായി ഒരു ഇലവൻ കണ്ടെത്താൻ പോലും സാധിച്ചില്ല.

എന്നാൽ ലിത്വാനിയയിലെ ടോപ്പ് ഡിവിഷന്‍ ക്ലബ്ബായ എഫ് കെ സുഡുവയുടെ സ്‌പോര്‍ട്ടിംഗ് ഡയറക്ടറായി അര പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുണ്ടായിരുന്ന കരോലിസ് സ്‌കിന്‍കിസ് 2020 ൽ ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ സ്ഥാനം ഏറ്റെടുത്തതോടെ ക്ലബിന് ഒരു പ്രൊഫഷണൽ സമീപനം കൈവന്നു എന്ന് പറയാം.യുവത്വവും പരിചയസമ്പത്തും സമം ചേർത്തുള്ള ഒരു സങ്കത്തെ വർഷങ്ങൾ ഒരുപാട് മുന്നില്കണ്ടുള്ള കെട്ടുറപ്പുള്ള ടീമിനെ കരോലിസ് വാർത്തെടുത്തു. ടീമിനാകെ പ്രചോദനം ആകാൻ കെല്പുള്ള ഒരു പരിശീലകൻ എത്തിയതോടെ ഈ സീസണിൽ കാര്യങ്ങൾ മാറി മറിഞ്ഞു. 2014നുശേഷം ചുരുങ്ങിയത് 10 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് ടേബിള്‍ ലീഡ് ചെയ്യുന്നത് ഇതാദ്യമാണ്.

എടികെ മോഹൻ ബഗാൻ എന്ന വൻമരത്തിൽ തുടങ്ങി ഹൈദരാബാദ് എഫ്സി എന്ന സെൻസേഷനൽ സംഘം വരെ നീണ്ട 10 മത്സരങ്ങൾ.ആദ്യ മത്സരത്തിലെ തോൽവി കണ്ട് “ശങ്കരൻ വീണ്ടും തെങ്ങിൽ തന്നെ “എന്ന് പറഞ്ഞിടത്ത് നിന്നും പിന്നീടുള്ള 9 മത്സരങ്ങൾ കഴിഞ്ഞപ്പോൾ “തോൽവിയോ അത് എന്ത് സാധനം എന്ന് ചോദിപ്പിച്ചു ” ടീം.ഇന്ന് ലോക ഫുട്ബോളിൽ ട്രെൻഡിങ്ങ് ആയിക്കൊണ്ടിരിക്കുന്ന ഫോർമേഷനാണ് 4-2-3-1. സ്റ്റാൻഡേർഡ് ഫോർമേഷൻ ആണ് 4-4 -2 ,ഇതിൽ ട്രെൻഡിങ് ഫോർമേഷൻ ഇഷ്ടപ്പെട്ടിരുന്ന ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മികച്ച ഒരു ഡിഫെൻസിവ് മിഡ്‌ഫീൽഡറുടെ അഭാവം കാരണം സ്റ്റാൻഡേർഡ് ഫോർമേഷൻ തിരഞ്ഞെടുത്തു. എണ്ണയിട്ട യന്ത്രം പോലെ നന്ദനം സിനിമയിലെ കുമ്പിടിയെപോലെ എല്ലായിടത്തും കാണാവുന്ന ഒരു സാനിദ്യം ആയ അഡ്രിയാൻ ലൂണ ആണ് തുറുപ്പുചീട്.

മികച്ച താരമാണെങ്കിലും പോയ വർഷങ്ങളിൽ ഒകെ ഓവർ സ്കില്ലിന്റെ പേരിൽ വലിയ വിമർശനം കേട്ടിട്ടുള്ള സഹൽ ഇതുവരെ 4 ഗോളുകൾ നേടിക്കഴിഞ്ഞു എന്നതിൽ തന്നെ കോച്ച് നടത്തിയ ഹോംവർക്കിന്റെ റിസൾട്ട് കാണാം.ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ പെപ് ഗ്വാർഡിയോളയുടെ സിറ്റി പുറത്തെടുക്കുന്ന അപ്രമാദിത്തത്തിന്റെ ഇന്ത്യൻ വകഭേദമായ സിറ്റി ഗ്രൂപ്പിന്റെ മുംബൈ സിറ്റി നടത്തിയ സ്വപ്നകുതിപ്പിന് തടയിട്ട് ഇവന്റെ ടീം അടിച്ച് കേറ്റിയത് 3 ഗോളുകൾ .ആക്രമണത്തിലും പ്രതിരോധത്തിലും കണിശക്കാരായ മികച്ച താരങ്ങൾ അടങ്ങിയ മുംബൈ,ചെന്നൈ ടീമുകൾക്ക് എതിരെ ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ച വേഗതയേറിയ ഫുട്‍ബോൾ കണ്ട് ആരാധകർ ഇങ്ങനെ പറഞ്ഞ് കാണും “എന്റെ ബ്ലാസ്റ്റേഴ്‌സ് ഇങ്ങനെ അല്ല “

ശരിയാണ്,ബ്ലാസ്റ്റേഴ്‌സ് ഇങ്ങനെ ഒന്നും ആയിരുന്നില്ല.എന്നാൽ ഇനി മുതൽ ഇങ്ങനെ ആണ്.ആരാധകർ കാണാൻ ആഗ്രഹിച്ച അടിമുടി മാറിയ ഒരു പ്രൊഫഷനൽ ടീം .”ഞങ്ങൾ ലീഗിലെ ഏറ്റവും മികച്ചതും, സംഘടിതവുമായ ടീമുകളിലൊന്നിനെതിരെയാണ് കളിച്ചതെന്ന് ഞാൻ കരുതുന്നു.നിലവിലെ കണക്കുകൾ കണ്ട് വളരെ തിരക്കിട്ട് ഞങ്ങൾ ഒരു തീരുമാനത്തിലെത്തില്ല. കാരണം ഇനിയും പത്ത് മത്സരങ്ങളുണ്ടെന്നും 30 പോയിന്റുകൾക്ക് വേണ്ടി മത്സരിക്കാനുണ്ടെന്നും ഞങ്ങൾ മനസിലാക്കേണ്ടതുണ്ട്. എല്ലാ മത്സരങ്ങളേയും ഫൈനൽ പോലെയാണ് ഞങ്ങൾ കാണുന്നത്. അത് പോലെ തന്നെ ഞങ്ങൾ മുന്നോട്ട് പോകേണ്ടതുണ്ട്. സീസണിന്റെ രണ്ടാം പകുതിയിലും ഞങ്ങൾ ഞങ്ങളുടെ മികച്ച പ്രകടനം തുടരേണ്ടതുണ്ട്. പല‌ ടീമുകളിലും അഴിച്ചു പണികൾ നടന്നതിനാൽ ഇത് അല്പം കഠിനമാകും.ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ പറഞ്ഞ വാക്കുകളിൽ ഉണ്ട് വിജയങ്ങളിൽ അഹങ്കരിക്കാതെ ടീം കാണിക്കേണ്ട സമീപന രീതി

Kerala Blasters

ക്രിസ്ത്മസ് പരീക്ഷയിൽ ടോപ് സ്‌കോറർ ആയ കുട്ടിയെ പോലെ ഫൈനൽ പരീക്ഷയിലും അത് ആവർത്തിക്കണം. നന്നായി തുടങ്ങിയത് ബ്ലാസ്റ്റേഴ്സിന് നന്നായി അവസാനിപ്പിക്കാൻ സാധിക്കട്ടെ,നമ്മൾ നേടും ഫുൾ എ പ്ലസ് ..