❝ യൂറോപ്യൻ 💪⚽ ഫുട്ബോളിലെ 🔥🗣 ആരാധക
വിപ്ലവം 💛💙 കേരളത്തിലും വരാൻ പോകുന്നു ❞

യൂറോപ്യന്‍ സൂപ്പര്‍ ലീഗുമായി ലോക ക്ലബ്ബ് ഫുട്‌ബോളിലെ വമ്പന്‍മാരായ 12 ടീമുകള്‍ ഇറങ്ങിതിരിച്ചപ്പോള്‍ ഇതിനെ തടഞ്ഞത് ഫിഫയുടേയും യുവേഫയുടേയും നിലപാടുകള്‍ക്കപ്പുറത്ത് ആരാധകരാണ് ഫുട്‌ബോളെന്ന സന്ദേശവുമായി ഇറങ്ങിപുറപ്പെട്ട ഫുട്‌ബോള്‍ പ്രേമികളായിരുന്നു. ലോക ഫുട്‌ബോളില്‍ പലകാലങ്ങളിലും ആരാധകര്‍ തിരുത്തല്‍ ശക്തികളായിട്ടുണ്ട്. നല്ലതും ചീത്തതുമായ തിരുത്തലുകള്‍ ആരാധകര്‍ നടത്തിയിട്ടുമുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേയടക്കം വമ്പന്‍മാരെ ആരാധകര്‍ മുട്ടുകുത്തിക്കുമ്പോള്‍ ഇന്ത്യൻ ഫുട്ബോളിലും പ്രത്യേകിച്ച് കേരള ഫുട്ബോളിലും ഒരു ആരാധക വിപ്ലവം ആവശ്യമായി വരികയാണ്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇതുവരെ കിരീടവിജയം നേടിയിട്ടില്ലെങ്കിലും പ്രൊഫഷണല്‍ ആരാധകരുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ദക്ഷിണ-മധ്യ ഏഷ്യയില്‍ ആരാധകരുടെ കരുത്തില്‍ രണ്ടാം സ്ഥാനത്തുള്ള ക്ലബ്ബ്. ഇന്ത്യയില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ക്ലബ്ബ്. ഏതാണ്ട് 50 ലക്ഷത്തോളം പേര്‍ വിവിധ സാമൂഹിക മാധ്യമങ്ങളിലായി ബ്ലാസ്റ്റേഴ്‌സിനെ പിന്തുടരുന്നുണ്ട്. രണ്ടാം സ്ഥാനത്തുള്ള എ.ടി.കെ മോഹന്‍ ബഗാന് 18 ലക്ഷം ഫോളോവേഴ്‌സാണുള്ളതെന്നോര്‍ക്കണം.

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം നിറക്കാനും എവേ മത്സരങ്ങളില്‍ ഗാലറിയുടെ ഒരു ഭാഗം മഞ്ഞപ്പിക്കാനും ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകൂട്ടായ്മക്ക് കഴിയാറുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ ഫാന്‍ ഫൈറ്റുകളിലും ശക്തിതെളിയിക്കുന്നു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തില്‍ സ്ഥിരത വരുത്താന്‍ ഇതുവരെ ആരാധകര്‍ക്ക് കഴിയാതെ പോകുന്നുവെന്നതാണ് യാഥാര്‍ഥ്യം. എ.ടി.കെ, ബെംഗളുരു എഫ്.സി., ചെന്നൈയിന്‍, എഫ്.സി ഗോവ ടീമുകള്‍ കളിനിലവാരത്തില്‍ സ്ഥിരത പുലര്‍ത്തുമ്പോള്‍ രണ്ട് സീസണുകളിലൊഴിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിക്കാറുള്ളത്. കൃത്യമായ പദ്ധതികളോ, ആസൂത്രണമോയില്ലാതെയാണ് ക്ലബ്ബിന്റെ മുന്നോട്ട് പോക്ക്. സ്‌പോര്‍ട്ടിങ് ഡയറക്ടറായി കരോളിസ് സ്‌കിന്‍കിസ് വന്നതിന് ശേഷം ചിലമാറ്റങ്ങള്‍ കാണാറുണ്ടെങ്കിലും ക്ലബ്ബിനെ തിരുത്താനുള്ള ശക്തിയായി ആരാധകര്‍ മാറുന്നില്ല..


നീണ്ട ഇടവേളക്ക് ശേഷം കേരള ഫുട്‌ബോളിലേക്ക് ഉണര്‍വ് കൊണ്ടുവരാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ആ ഉണര്‍വിനെ വലിയതോതിലേക്ക് മാറ്റാന്‍ കഴിയാതെ പോകുന്നു. എല്ലാ സീസണുകളുടെ തുടക്കത്തില്‍ അമിത പ്രതീക്ഷയും ഒടുക്കം നിരാശയും സമ്മാനിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് കളം വിടുന്നത്. ആരാധക കരുത്തില്‍ മികച്ച സ്‌പോണ്‍സര്‍ഷിപ്പുകളും പ്രശസ്തിയും കൈവന്ന ടീമിനെ വിജയവഴിയിലേക്ക് നയിക്കാന്‍ മാനേജ്‌മെന്റിനോളം ഉത്തരവാദിത്തം ആരാധകര്‍ക്കുണ്ട്. ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയങ്ങള്‍ കേരള ഫുട്‌ബോളിന് ഒന്നടങ്കം വലിയ മാറ്റങ്ങളാകും സമ്മാനിക്കുന്നത്.

ഇന്ത്യന്‍ ഫുട്‌ബോളിനേയും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനേയും വാണിജ്യപങ്കാളികള്‍ വിഴുങ്ങിക്കഴിഞ്ഞ വര്‍ത്തമാനകാലയാഥാര്‍ഥ്യത്തില്‍ ആരാധകര്‍ക്ക് വലിയ റോളുണ്ട്. ദേശീയ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താനും സൂപ്പര്‍ ലീഗിന്റെ നിലവാരം കൂടുതല്‍ ഉയര്‍ത്താനും ഗ്രാസ് റൂട്ട്തലം മുതല്‍ കൃത്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിപ്പെടുന്നതിനും ആരാധകര്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. ആരാധകരാണ് ഫുട്‌ബോളെന്ന തത്ത്വം ഇന്ത്യന്‍ ഫുട്‌ബോളിലേക്കും കടന്നുവരേണ്ടതുണ്ട്. സാമ്പത്തികമടക്കമുള്ള കാര്യങ്ങളില്‍ മുണ്ടുംമുറുക്കിയുടുത്ത് കളി കാണുന്നവനും സ്വന്തം ക്ലബ്ബിനായി സാമൂഹ്യ മാധ്യമങ്ങളിൽ തല്ലുകൂടുന്നവനും തിരുത്തല്‍ ശക്തികൂടിയാകേണ്ടതുണ്ട്.

ചെറിയ കാലയളവ് കൊണ്ട് തന്നെ മറ്റൊരു കേരള ക്ലബായ ഗോകുലം കേരള ഉണ്ടാക്കിയെടുതെ വളർച്ച കേരള ബ്ലാസ്റ്റേഴ്സിന് ഒരു പാഠമാവേണ്ടത് തന്നെയാണ്. മികവുറ്റ ആസൂത്രണവും, മികച്ച മാനേജ്മെന്റും, ആത്മാർത്ഥതയുള്ള താരങ്ങളും ഗോകുലത്തിന്റെ ശക്തിയായി മാറി. ഐ ലീഗിലെയും കേരള പ്രീമിയർ ലീഗിലെയും വിജയങ്ങൾ ഗോകുലത്തിനു കേരളത്തിൽ വളരെയധികം ആരാധകരെ സൃഷ്ടിച്ചു. തങ്ങളെ പിന്തുണക്കുന്ന ആയിരക്കണക്കിനുള്ള ആരാധകർക്ക് മികച്ച വിജയങ്ങളിലൂടെ നന്ദി അർപ്പിക്കുന്ന ഗോകുലത്തിന്റെ മാതൃക ബ്ലാസ്റ്റേഴ്സും പിന്തുടരേണ്ടതാണ്. പലപ്പോഴും കടലാസ്സിൽ പുലികളും കളിക്കളത്തിൽ എലികളുമാവുമാണ് ബ്ലാസ്റ്റേഴ്‌സ് വരും സീസണുകളിൽ മികവിലേക്കുയർന്നില്ലെങ്കിൽ ലക്ഷകണക്കിന് വരുന്ന ആരാധകർക്ക് ക്ലബ്ബിനെ കയ്യൊഴിയേണ്ടി വരും.

കടപ്പാട്