❝കേരള ബ്ലാസ്റ്റേഴ്സിന്റെ വിലക്ക് ഉടൻ പിൻവലിക്കും ; പുതിയ വിദേശ താരങ്ങളെ നോട്ടമിട്ട് കൊമ്പന്മാർ❞

ഇന്ത്യൻ സൂപ്പർ ലീ​ഗിലെ കേരളത്തിന്റെ സ്വന്തം മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് ടീമിന് ഫിഫ ഏർപ്പെടുത്തിയ ട്രാൻസ്ഫർ വിലക്ക് ഉടൻ പിൻവലിച്ചേക്കും. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം മറ്റെജ് പൊപ്ലാനികിന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ വിലക്ക് ലഭിച്ചത്. താരത്തിന്റെ ബാക്കിയുള്ള വേതനം കേരള ബ്ലാസ്റ്റേഴ്സ് നൽകി. ഇതോടെയാണ് വിലക്ക് മാറാനുള്ള വഴി ഒരുങ്ങിയത്. ചില സാങ്കേതിക നടപടികൾ പൂർത്തിയായാൽ ഫിഫ കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ വിലക്ക് നീക്കും.

ട്രാൻസ്ഫർ വിലക്കിൽ ആശങ്കപ്പെടേണ്ടത് ഇല്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക കുറിപ്പിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിഫലക്കുടിശിക നൽകിയെന്നും മൂന്ന് ദിവസത്തിനുള്ളിൽ ഇക്കാര്യം സ്ഥിരീകരിക്കാൻ പോപ്ലാറ്റ്നിച്ചിനോട് ആവശ്യപ്പെട്ടെന്നുമാണ് റിപ്പോർട്ട്. 2018-ലാണ് പോപ്ലാറ്റ്നിച്ച് ബ്ലാസ്റ്റേഴ്സിലെത്തിയത്. ആദ്യ സീസണിൽ ക്ലബിനായി കളിച്ച താരം തൊട്ടടുത്ത സീസണിൽ ഹം​ഗറിയിൽ ലോണിൽ കളിക്കുകയായിരുന്നു. കഴിഞ്ഞ സീസണിലാണ് താരം സ്കോട്ടിഷ് ക്ലബ് ലിവിങ്സ്റ്റിനിലേക്ക് ചേക്കേറിയത്.


കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം ഈസ്റ്റ് ബംഗാളിനും ഫിഫ ട്രാൻസ്ഫർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈസ്റ്റ് ബംഗളിന്റെ ട്രാൻസ്ഫർ വിലക്ക് നീക്കാനുള്ള നടപടികൾ ഒന്നും ഇതുവരെ അവർ ആരംഭിച്ചിട്ടില്ല.ട്രാൻസ്ഫർ വിലക്ക് നീക്കി എന്ന് ഔദ്യോഗികമായി ഫിഫ അറിയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണിനായുള്ള ഒരുക്കങ്ങൾ സജീവമാകും.

ഇതിനകം തന്നെ പുതിയ പരിശീലകനെ സൈൻ ചെയ്ത കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പുതിയ വിദേശ തരങ്ങളെ എത്തിക്കാനുള്ള ചർച്ചയിലാണ്. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് വിലക്കേർപ്പെടുത്തിയതായി ഫിഫ ക്ലബിനെ ഔദ്യോ​ഗികമായി അറിയിച്ചത്.