❝ഡെവലപ്പ്മെന്റ് ലീഗിൽ തകർപ്പൻ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് ,നെക്സ്റ്റ് ജെൻ കപ്പിന് യോഗ്യത ഉറപ്പാക്കി❞|Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളുടെ റിസേർവ് ടീമുകൾ പങ്കെടുക്കുന്ന ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ റിലയൻസ് ഫൗണ്ടേഷൻ അക്കാദമി ടീമിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.

ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാമത്തെ ജയമായിരുന്നു ഇത്.ആദ്യ പകുതിയിൽ ബാസിതും, രണ്ടാം പകുതിയിൽ നിഹാൽ സുധീഷ്, വിൻസി ബാരെറ്റോ, ശ്രീക്കുട്ടൻ എന്നിവരുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ കണ്ടെത്തിയത്.ബാസിതാണ് ഗോൾ വേട്ടക്ക്‌ തുടക്കം കുറിച്ചത്. ലീഗിൽ തന്റെ നാലാമത്തെ ഗോൾ നേടിയ നിഹാൽ ബ്ലാസ്റ്റേഴ്‌സിന്റെ ലീഡ് ഉയർത്തി. വിൻസി ഗോൾ മൂന്നാമത്തെ ഗോൾ നേടിയപ്പോൾ ശ്രീക്കുട്ടൻ ബ്ലാസ്റ്റേഴ്‌സ് ഗോൾ പട്ടിക തികച്ചു.വിജയത്തോടെ ഈ വർഷം യു.കെയിൽ വച്ചു നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പിന് ബ്ലാസ്റ്റേഴ്‌സ് യോഗ്യത നേടി.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ തിരഞ്ഞെടുക്കപ്പെടുന്ന പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളും പങ്കെടുക്കും.ആറ് മത്സരങ്ങളിൽ നിന്നും ആറും വിജയിച്ച് 18 പോയിന്റുള്ള ബെംഗളൂരു എഫ്.സിയും, ആറ് മത്സരങ്ങളിൽ നിന്നും അഞ്ച് വിജയവും 15 പോയിന്റുമുള്ള കേരള ബ്ലാസ്റ്റേഴ്സുമാണ് പട്ടികയുടെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ. മെയ് 12ന് ബ്ലാസ്റ്റേഴ്സും – ബെംഗളൂരു എഫ്.സിയും ഏറ്റുമുട്ടുന്ന ഇരുവരുടെയും അവസാന മത്സരം ലീഗ് ജേതാക്കളെ നിർണ്ണയിക്കുന്ന മത്സരമായി മാറും.

ഡെവലപ്മെന്റ് ലീഗിന്റെ അവസാനത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്ക് ഈ വർഷാവസാനം യുണൈറ്റഡ് കിംഗ്ഡത്തിൽ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന നെക്സ്റ്റ് ജെൻ കപ്പിൽ പങ്കെടുക്കാനുള്ള അവസരം നൽകും.ഇന്ത്യയിലെ ഫുട്ബോൾ വികസനത്തിന് പിന്തുണ നൽകുന്നതിനായി ഹീറോ ഐഎസ്എല്ലുമായുള്ള ദീർഘകാല പങ്കാളിത്തത്തിന്റെ ഭാഗമായി പ്രീമിയർ ലീഗ് (PL) നെക്സ്റ്റ് ജെൻ കപ്പ് സംഘടിപ്പിക്കുന്നത് .ആർഎഫ് ഡെവലപ്‌മെന്റ് ലീഗിലെ മികച്ച രണ്ട് ടീമുകൾക്കൊപ്പം തിരഞ്ഞെടുത്ത PL ക്ലബ്ബ് യൂത്ത് ടീമുകൾ ചേരും, ഇത് ഇന്ത്യൻ കളിക്കാർക്ക് യുകെയിൽ കളിക്കാനും ലോകത്ത് ഏറ്റവുമധികം ആളുകൾ കാണുന്ന ഫുട്ബോൾ ലീഗിൽ നിന്ന് അക്കാദമി ടീമുകൾക്കെതിരെ മത്സരിക്കാനും അവസരം നൽകും.

ഏപ്രില്‍ 15ന് ആരംഭിച്ച ആര്‍ എഫ് ഡി എല്‍ ചാമ്പ്യന്‍ഷിപ്പ് മേയ് 12 വരെ നീണ്ടുനില്‍ക്കും. ഏഴ് ഐ എസ് എല്‍ ക്ലബ്ബുകളുടെ അണ്ടര്‍ 23 ടീമുകളും റിലൈന്‍സ് ഫൗണ്ടേഷന്‍ യംഗ് ചാംപ്‌സും (ആര്‍ എഫ് വൈ സി) ഉള്‍പ്പെടെ ആകെ എട്ട് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുക.കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്ക് ഒപ്പം ഹൈദാരാബാദ് എഫ് സി, എഫ് സി ഗോവ, മുംബൈ സിറ്റി എഫ് സി, ബംഗളൂരു എഫ് സി, ചെന്നൈയിന്‍ എഫ് സി, ജംഷഡ്പുര്‍ എഫ് സി ടീമുകളാണ് ഐ എസ് എല്ലില്‍ നിന്നുള്ളത്.