❝ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട സന്തോഷ് ട്രോഫി താരത്തിനായി വമ്പൻ ഓഫറുമായി മോഹൻ ബഗാൻ ❞ | Kerala Blasters

മഞ്ചേരിയിൽ കഴിഞ്ഞ ദിവസം അവസാനിച്ച 75 മത് സന്തോഷ് ട്രോഫി ആരാധക ബാഹുല്യം കൊണ്ടും കളി മികവ് കൊണ്ടും ഇന്ത്യയിലെ എല്ലാ ഫുട്ബോൾ പ്രേമികളുടെയും ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. ഫൈനലിൽ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ബംഗാളിനെ കീഴടക്കി കേരളം ഏഴാം കിരീടത്തിൽ മുത്തമിടുകയും ചെയ്തു. സന്തോഷ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ കേരളത്തിന്റെ താരങ്ങളെ സ്വന്തമാക്കാൻ ഇന്ത്യൻ സൂപ്പർ ലീഗിലെ സൂപ്പർ ക്ലബ്ബുകൾ പിന്നാലെ കൂടിയിരിക്കുകയാണ്.

പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട സന്തോഷ് ട്രോഫിയിലെ ടോപ് സ്‌കോറർ ആയ ജെസിനെ ഐ എസ് എല്ലിലെ വമ്പന്മാരായ എടികെ മോഹൻ ബഗാൻ താല്പര്യപ്പെടുന്നുണ്ടെന്നും അതിനായി വലിയ ഓഫർ വെക്കാനുള്ള ഒരുക്കത്തിലാണ് കൊല്കത്തൻ ക്ലബ്.സെമി ഫൈനലിൽ കർണാടകക്കെതിരെ അഞ്ച് ഗോളുകളടിച്ചു കൂട്ടിയ ജെസിൻ ഈ ഒരൊറ്റ മത്സരം കൊണ്ട് ഇന്ത്യൻ ഫുട്ബോളിൽ മുഴുവൻ ശ്രദ്ധ കേന്ദ്രമാവുകയും ചെയ്തിരുന്നു.ദേശീയ ശ്രദ്ധയാകർഷിക്കുന്നതിന് മുന്നേ ജെസിനെ ടീമിലെത്തിക്കാൻ ശ്രമിച്ച് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു എന്നതാണ് ശ്രദ്ധേയം. ജെസിന്റെ ക്ലബ്ബായ കേരള യുണൈറ്റഡ് അദ്ദേഹത്തെ വിട്ടു നൽകാൻ തയ്യാറാവാത്തതിനാലായിരുന്നു ബ്ലാസ്റ്റേഴ്സ് ആ നീക്കത്തിൽ പരാജയപ്പെട്ടത്.

22 കാരനായ താരത്തിന് നിലവിൽ കേരള യുണൈറ്റഡ് എഫ്‌സിയുമായി കരാറുണ്ട്.ജെസിനെ സ്വന്തം തട്ടകത്തിലെത്തിക്കാൻ കേരള യുണൈറ്റഡിന് വമ്പൻ തുക ട്രാൻസ്ഫർ ഫീ നൽകാൻ എടികെ മോഹൻ ബഗാൻ തയ്യാറാണ്.ഒരു മത്സരത്തിൽ അഞ്ച് ഗോളുകൾ ഉൾപ്പെടെ 9 ഗോളുകൾ നേടിയ ജെസിൻ അടുത്തിടെ സമാപിച്ച സന്തോഷ് ട്രോഫിയുടെ ടോപ് സ്കോററായി. യുവ കളിക്കാരെ വളർത്തിയെടുക്കുന്നതിൽ പേരുകേട്ട പരിശീലകനായ ജുവാൻ ഫെറാൻഡോയുടെ കീഴിൽ പ്രവർത്തിക്കുന്നത് അദ്ദേഹത്തിന് ശരിക്കും ഗുണം ചെയ്യും.

വരാനിരിക്കുന്ന സീസണിൽ കൽക്കട്ട ഫുട്ബോൾ ലീഗ്, ഡ്യൂറൻഡ് കപ്പ്, ഐഎഫ്എ ഷീൽഡ് തുടങ്ങിയ മത്സരങ്ങളിൽ എടികെ മോഹൻ ബഗാൻ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജുവാൻ ഫെറാൻഡോയുടെ നേതൃത്വത്തിൽ എടികെ ശക്തമായ ഒരു സ്ക്വാഡ് കെട്ടിപ്പടുക്കാൻ തുടങ്ങി, വരും വർഷങ്ങളിൽ ഇന്ത്യൻ ഫുട്ബോളിൽ ആധിപത്യം സ്ഥാപിക്കാൻ ലക്ഷ്യമിടുകയാണ് അവർ.ATK മോഹൻ ബഗാൻ അവരുടെ മുൻനിരയിൽ ഒരു നവീകരണത്തിന് പദ്ധതിയിടുന്നു. മോഹൻ ബഗാൻ ഇതിനകം കേരള യുണൈറ്റഡുമായി ജെസിനു വേണ്ടി ബന്ധപ്പെട്ടിട്ടുണ്ട്.