ഇന്ത്യൻ ഫുട്ബോൾ തൂത്തുവാരി കേരള ടീമുകൾ😮ഫുട്ബോൾ കിരീടങ്ങൾ എല്ലാം കേരളത്തിലേക്ക് 😍ഇത് മലയാളികൾ ഫുട്ബോൾ സ്റ്റൈൽ

ഫുട്ബോളിനെ എക്കാലത്തും സ്നേഹിക്കുന്ന നാടാണ് കേരളം. ഇന്ത്യൻ ഫുട്ബോളിന് നിരവധി താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള ഈ നാട്, കോമ്പറ്റിഷൻ ഫുട്ബോളിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. ഫുട്ബോൾ എന്ന വികാരം നെഞ്ചിലേറ്റി നടക്കുന്ന ഒരു ജനതയ്ക്ക് വലിയ ആവേശം പകരുന്ന ഒരു ഫുട്ബോൾ സീസണാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിലെ പ്രധാന 5 ടൂർണമെന്റുകളുടെയും ഫൈനലിൽ പ്രവേശിച്ച കേരള ടീം, അതിൽ മൂന്നിലും ജേതാക്കളായി എന്നുള്ളതാണ് മലയാളി ഫുട്ബോൾ ആരാധകർക്ക് രോമാഞ്ചം പകരുന്നത്.

2022 മാർച്ച്‌ 20-ന് നടന്ന, ഇന്ത്യൻ സൂപ്പർ ലീഗിന്റെ 8-ാം സീസന്റെ ഫൈനലിൽ കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സ് ഉണ്ടായിരുന്നു. ഫൈനലിൽ നിർഭാഗ്യംക്കൊണ്ട് മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സ്, ഹൈദരാബാദ് എഫ്സിക്കെതിരെ പെനാൽറ്റി ഷൂട്ടഔട്ടിൽ പരാജയം നുണഞ്ഞത്. ഐഎസ്എൽ കൂടാതെ, ഈ വർഷം ആരംഭിച്ച യുവതാരങ്ങളുടെ ഡെവലപ്പ്മെന്റ് ലീഗിലും കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനക്കാരായി. പ്രഥമ ഡെവലപ്പ്മെന്റ് ലീഗിൽ 3 പോയിന്റുകളുടെ വ്യത്യാസത്തിലാണ് ബംഗളുരു എഫ്സിക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്‌സ് അടിയറവ് പറഞ്ഞത്.

എന്നാൽ, കേരളക്കരയെ മുഴുവൻ ആവേശത്തിലാക്കി 10 വർഷത്തെ ഇടവേളക്ക് ശേഷം സന്തോഷ്‌ ട്രോഫി വീണ്ടും കേരളത്തിലേക്ക് തിരിച്ചെത്തുകയും, കേരളം ജേതാക്കളാവുകയും ചെയ്തത്, ഓരോ മലയാളി ഫുട്ബോൾ ആരാധകരെയും സംബന്ധിച്ച് ആവേശത്തിന്റെയും ആത്മാഭിമാനത്തിന്റെയും നിമിഷങ്ങളാണ് സമ്മാനിച്ചത്. ചരിത്രത്തിലെ 7-ാം സന്തോഷ്‌ ട്രോഫി കിരീടമാണ് കേരളം, മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ പതിനായിരങ്ങളെ സാക്ഷികളാക്കി ഉയർത്തിയത്.

ഇനി വരുന്നത് ഐ-ലീഗിലേക്കാണ്. ഇന്ത്യയുടെ പ്രഥമ ഫുട്ബോൾ ലീഗായ ഐ-ലീഗ് തുടർച്ചയായ രണ്ടാം തവണയും കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്സി സ്വന്തമാക്കിയിരിക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള മൊഹമ്മദൻ എസ്സിയേക്കാൾ 6 പോയിന്റ് വ്യത്യാസത്തിലാണ് ഗോകുലം കേരള ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. നേരത്തെ, കേരള വിമൻസ് ലീഗിൽ ഗോകുലത്തിന്റെ വനിതാ ടീമും ജേതാക്കളായിരുന്നു.