“ആശങ്കകൾക്ക് വിരാമമായി ക്യാപ്റ്റൻ ടീമിൽ തിരിച്ചെത്തി , കിരീട പോരാട്ടത്തിന് ശക്തമായ ടീമുമായി ബ്ലാസ്റ്റേഴ്‌സ് “| Adrian Luna

ഇന്ത്യൻ സൂപ്പർ ലീഗിൽ കലാശ പോരാട്ടത്തിൽ ഹൈദരാബാദിനെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി സൂപ്പർ താരവും ടീം ക്യാപ്റ്റനുമായ അഡ്രിയാൻ ലൂണ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചു.
പരുക്കേറ്റതോടെ കളിക്കുമോയെന്ന് സംശയച്ചിരുന്ന ലൂണ ടീമിൽ ഇടം പിടിച്ചത് ആരാധകർക്ക് ആവേശമായി.ഒപ്പം സൂപ്പർതാരം ജീക്സൻ സിങ് ആദ്യ ഇലവനിൽ തിരിച്ചെത്തി.

ഗോൾഡൻ ​ഗ്ലൗ ഉറപ്പിച്ച പ്രഭ്സുഖാൻ ​ഗില്ലാണ് ഇന്ന് ബ്ലാസ്റ്റേഴ്സിനായി ​ഗോൾവല കാക്കുന്നത്. ഹർമൻജ്യോത് ഖബ്ര റൈറ്റ് ബാക്കായി കളിക്കുമ്പോൾ സന്ദീപ് സിങ്ങാണ് ലെഫ്റ്റ് ബാക്ക് റോളിൽ. റൂയിവ ഹോർമിപാം-മാർക്കോ ലെസ്കോവിച്ചാണ് പ്രതിരോധക്കോട്ട കെട്ടുന്നത്. മധ്യനിരയിൽ ജീക്സൻ-പ്യൂയ്റ്റിയ കൂട്ടുകെട്ട് ഒരിടവേളയ്ക്ക് ശേഷം ആദ്യ ഇലവനിൽ ഒന്നിച്ചിറങ്ങും. ഇടതുവിങ്ങിൽ അഡ്രിയാൻ ലൂണ കളിക്കുമ്പോൾ വലതുവിങ്ങിന്റെ ചുമതല മലയാളി താരം കെപി രാഹുലിനാണ്. അൽവാരോ വാസ്ക്വെസ്-ജോർജ് പെരേയ്ര ഡയസ് സഖ്യമാണ് ഇന്നും ആക്രമണത്തിന്റെ ചുമതല വഹിക്കുക

രാത്രി 7.30ന് ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തിലാണ് ഹൈദരാബാദ് എഫ്‌സി-കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍. കന്നിക്കിരീടം കേരളത്തിലെത്തിക്കാന്‍ മഞ്ഞപ്പട ആരാധകരെക്കൊണ്ട് ഗോവ നിറഞ്ഞിരിക്കുകയാണ്. ഹൈദരാബാദ് എഫ്‌സിയും കന്നിക്കിരീടം തേടിയാണ് ഇറങ്ങുന്നത്.

ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദും ഓരോ കളിയില്‍ ജയിച്ചു. ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് മഞ്ഞ ജേഴ്സി ഇടാനാവില്ല. ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്‍റ് നേടിയതിനാല്‍ ഹൈദരാബാദിന് ഹോം ജേഴ്‌സിയായ മഞ്ഞ കുപ്പായം ധരിക്കാം.