“സഞ്ജുവിനെ വാനോളം പുകഴ്ത്തി മുൻ താരം, ഇന്ത്യയുടെ ഭാവിയാണ് അയാൾ” |Sanju Samson |IPL2022

മുൻ ഇംഗ്ലണ്ട് ബാറ്റർ കെവിൻ പീറ്റേഴ്സൺ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെ പ്രശംസിച്ച് രംഗത്തെത്തി. 27 കാരനായ സഞ്ജു സാംസൺ, ദേശീയ ടീമിൽ ഇടം കണ്ടെത്താൻ മത്സരിക്കുന്ന യുവ ബാറ്റിംഗ് പ്രതിഭകൾക്കിടയിൽ തീർച്ചയായും ഒരു മുൻനിരക്കാരനാണ് എന്ന് കെവിൻ പീറ്റേഴ്സൺ പറഞ്ഞു. ഐപിഎൽ 2022 സീസണിലെ രാജസ്ഥാൻ റോയൽസിന്റെ ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 55 റൺസെടുത്ത സഞ്ജുവിന്റെ പ്രകടനം പീറ്റേഴ്സൺ എടുത്തു പറഞ്ഞു.

2015 ന്റെ തുടക്കത്തിൽ തന്നെ സീനിയർ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച സഞ്ജു സാംസൺ, ടീമിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ പാടുപെട്ടു. കഴിഞ്ഞ 7 വർഷമായി ഇന്ത്യയ്‌ക്കായി 13 ടി20 കളും ഒരു ഏകദിനവും മാത്രമാണ് സഞ്ജു സാംസണ് കളിക്കാനായത്. എന്നാൽ സമീപകാലത്ത് തന്റെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിന്റെ ലക്ഷണങ്ങൾ കേരള ബാറ്റർ കാണിക്കുന്നുണ്ട്. ഈ സൂചനയാണ് മുൻ ഇംഗ്ലണ്ട് താരം ഉയർത്തി കാണിക്കുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ പ്രതിഭകൊണ്ട് അദ്ദേഹം എപ്പോഴും തിളങ്ങിയിട്ടുണ്ടെങ്കിലും, യുവ ബാറ്ററുടെ മൊത്തത്തിലുള്ള ഗെയിം അവബോധം തീർച്ചയായും മെച്ചപ്പെട്ടതായി തോന്നുന്നു. കഴിഞ്ഞ മാസം ശ്രീലങ്കയ്‌ക്കെതിരായ പരിമിത ഓവർ പരമ്പരയിൽ ആർആർ ക്യാപ്റ്റൻ ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ സഞ്ജു സാംസണിന്റെ കഴിവിനെ പ്രശംസിച്ചിരുന്നു.

“സാംസണിന്റെ 55 റൺസ് പ്രകടനം ടൂർണമെന്റിലെ ഇതുവരെയുള്ള മികച്ച നോക്കുകളിൽ ഒന്നാണ്. ഇന്ത്യയുടെ ബാറ്റിംഗ് നിരയിലെ സ്ഥാനങ്ങൾക്കായുള്ള പോരാട്ടം എത്രത്തോളം മത്സരാത്മകമാണെന്ന് നമ്മൾക്കറിയാം. ഇന്ത്യൻ ടീമിൽ ഇതിനകം തന്നെ കെഎൽ രാഹുൽ, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി തുടങ്ങിയ മികച്ച താരങ്ങൾ അവരുടെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. തുടർന്നുള്ള മറ്റ് സ്ഥാനങ്ങൾക്കായി മത്സരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാൽ, ആ പട്ടികയിൽ സാംസൺ മുന്നിൽ നിൽക്കുന്നു,” കെവിൻ പീറ്റേഴ്സൺ പറഞ്ഞു.