❝പിഎസ്ജി ഗോൾ കീപ്പർ കെയ്‌ലർ നവാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പരിശീലകൻ❞

മുൻ റയൽ മാഡ്രിഡ് താരവും നിലവിൽ പിഎസ്ജി ഗോൾ കീപ്പറുമായ കെയ്‌ലർ നവാസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കോസ്റ്റാറിക്കൻ ഫുട്ബോൾ ഫെഡറേഷൻ. ദേശീയ ടീം പരിശീലകനായിരുന്ന ജോർജ് ലൂയിസ് പിന്റോയെ പുറത്താക്കുന്നതിന് വേണ്ടി മത്സരം തോറ്റുകൊടുക്കാൻ കെയ്‌ലർ നവാസ് തയ്യാറായെന്ന് ആരോപണം. കോസ്റ്റാറിക്കൻ ഫുട്ബോൾ ഫെ‍ഡറേഷൻ മുൻ പ്രസിഡന്റ് എഡ്വാർഡോ ലീയാണ് ഈ ​ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

2011 മുതൽ മൂന്ന് വർഷം കോസ്റ്റാറിക്കയുടെ പരിശീലകനായിരുന്നു പിന്റോ. ഇക്കാലയളവിലാണ് അവർ ലോകകപ്പിൽ കളിച്ചത്. എന്നാൽ ലോകകപ്പിൽ കോസ്റ്ററിക്കയെ ക്വാർട്ടർ വരെയെത്തിച്ചെങ്കിലും ടൂർണമെന്റിന് പിന്നാലെ പിന്റോ സ്ഥാനമൊഴിഞ്ഞു. നവാസ്, ബ്രയാൻ റൂയിസ്, കെൽസോ ബോർജസ് തുടങ്ങിയ താരങ്ങളാണ് പിന്റെയുടെ സ്ഥാനമൊഴിയലിന് പിന്നിലെന്ന് ആരോപണമുയർന്നിരുന്നു. അതിന്റ പേരിൽ കേസ് ഇപ്പോഴും നടക്കുന്നുണ്ട്. ഇതിന്റെ വിചാരണയ്ക്കിടെയാണ് ലീ, നവാസിനെതിരെ ആരോപണമുന്നയിച്ചത്.

2011 മുതൽ 2014 വരെയാണ് പിന്റോ കോസ്റ്റാറിക്കൻ ടീമിന്റെ പരിശീലകനായിരുന്നത്. ബ്രസീലിൽ വെച്ചു നടന്ന ലോകകപ്പിൽ ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് കഴിയുകയും 2014 ലാറ്റിനമേരിക്കൻ ഫുട്ബോളിലെ മികച്ച പരിശീലകനുള്ള അവാർഡ് സ്വന്തമാക്കുകയും ചെയ്‌തിരുന്നു. എന്നാൽ ലോകകപ്പിന് ശേഷം ടീമിൽ പലതരം പ്രശ്നങ്ങൾ ഉടലെടുത്തതിനെ തുടർന്നാണ് അദ്ദേഹം ഒഴിവാക്കപ്പെടുന്നത്.

പിന്റോയുടെ കരാറിൽ, തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോറ്റാൽ പരിശീലകനെ പുറത്താക്കാം എന്നൊരു ക്ലോസ് ഉണ്ടായിരുന്നു. ഈ ക്ലോസ് നവാസടക്കമുള്ള കളിക്കാർ എങ്ങനെയോ മനസിലാക്കിയെടുത്തു.തുടർന്ന് ലോകകപ്പിന് ശേഷവും പിന്റോ തുടരുകയാണെങ്കിൽ, മത്സരങ്ങൾ മനപ്പൂർവം തോറ്റുകൊടുക്കുമെന്ന് നവാസ് പറഞ്ഞു, ലീ വിചാരണയ്ക്കിടെ ആരോപിച്ചു.ലീയുടെ ആരോപണം കോസ്റ്റാറിക്കൻ ഫുട്ബോളിൽ പുതിയ വിവാദത്തിന് വഴിതെളിച്ചേക്കും. അതിനിടെ കൊളംബിയക്കാരനായി പരിശീലകൻ പിന്റോ ഇന്ന് വിചാരണയ്ക്ക് ഹാജരാകും. പിന്റോ എന്ത് പറയുന്നു എന്നതാണ് കോസ്റ്റാറിക്കൻ ഫുട്ബോൾ ആകാംഷയോട് കാത്തിരിക്കുന്നത്.