❝മൂന്നാം സ്ഥാനത്തെത്തിയത് സ്വപ്നം പോലെയെന്ന് ക്ലോപ്പ്;
ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയത് ഭാഗ്യം കൊണ്ട് മാത്രമെന്ന് ട്യുചെൽ❞

അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിൽ യോഗ്യത നേടാൻ സാധിച്ചതിന്റെ സന്തോഷം ലിവർപൂൾ മാനേജർ ജർഗൻ ക്ലോപ്പിന് മറച്ചു വെക്കാൻ സാധിച്ചില്ല. ഏതാനും ആഴ്ചകൾക്ക് മുമ്പ് യോഗ്യത അസാധ്യമാണെന്ന് തോന്നിയ സ്ഥലത്തു നിന്നാണ് ലിവർപൂൾ പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്തെത്തിയത്. പ്രീമിയർ ലീഗിൽ നിന്ന് ഇത്തവണ ചാമ്പ്യൻസ് ലീഗിൽ യോഗ്യത നേടാൻ കഴിഞ്ഞ ടീമിന്റെ വലിയ നേട്ടം തന്നെയാണ് എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്.

അവസാന കുറച്ച് ആഴ്ചകളിൽ ലിവർപൂൾ ടീം ഗംഭീരമായാണ് കളിച്ചത് എന്നും ഇത് ഏറെ സന്തോഷം നൽകുന്നു എന്നും ക്ലോപ്പ് പറഞ്ഞു. തുടർച്ചയായ അഞ്ചു മത്സരങ്ങൾ വിജയിക്കാന് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചത്. ഇന്നലെ ക്രിസ്റ്റൽ പാലസിനെ പരാജയപ്പെടുത്തി ആയിരുന്നു ലിവർപൂൾ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചത്‌.മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് സ്വപ്നം പോലെയാണെന്നും സ്വപ്നത്തിൽ പോലും ഇതിനെക്കാൾ വലുത് തനിക്ക് ആഗ്രഹിക്കാൻ ആകുമായിരുന്നില്ല എന്നും ക്ലോപ്പ് പറഞ്ഞു.


ആരാധകർ തിരിച്ചു വന്നതും ടീമിന് ഏറെ സഹായകരമായി എന്നും ക്ലോപ്പ് പറഞ്ഞു. ഇന്നലത്തെ വിജയത്തോടെ 69 പോയിന്റുമായാണ് ലിവർപൂൾ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഒരുപാട് പരിക്കുകളോട് പൊരുതേണ്ടി വന്ന സീസണായിരുന്നു ഇത്തവണ ലിവർപൂളിന്. ആൻഫീൽഡിൽ നേരിട്ട തുടർച്ചയായ തോൽവികളും വലിയ തിരിച്ചടിയാവുകയും പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു.

ഇന്നലെ പ്രീമിയർ ലീഗിലെ അവസാന ദിവസത്തിൽ ആസ്റ്റൺ വില്ലയോട് പരാജയപ്പെട്ടെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ചെൽസിക്ക് ആയിരുന്നു. ചെൽസിയുടെ പിറകിൽ ആയിരുന്ന ലെസ്റ്റർ സിറ്റി സ്പർസിനോട് അവസാനം പരാജയപ്പെട്ടതാണ് സഹായകരമായത്. ഈ യോഗ്യത ഭാഗ്യം കൊണ്ട് മാത്രമാണെന്ന് ചെൽസി പരിശീലകൻ ടൂഹൽ പറഞ്ഞു.പരാജയം തനിക്ക് സങ്കടം നൽകും എങ്കിലും ഉദ്ദേശിച്ച ലക്ഷ്യത്തിൽ എത്താൻ ക്ലബിനായി എന്നതാണ് പ്രധാനം എന്ന് ടൂഹൽ പറഞ്ഞു. ഇതിന് താരങ്ങളെ ഒക്കെ അഭിനന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ അവസരങ്ങൾ നഷ്ടപ്പെടുത്തിയതാണ് പരാജയത്തിന് കാരണം എന്നും ടൂഹൽ അഭിപ്രായപ്പെട്ടു. ഇനി ചാമ്പ്യൻസ് ലീഗ് ഫൈനലിനായുള്ള ഒരുക്കമാണെന്നും ചെൽസി ഇപ്പോൾ ഒരു യുവടീമാണെന്നും ടൂഹൽ പറഞ്ഞു. പ്രീമിയർ ലീഗിൽ അവസാന നാല് മത്സരങ്ങളിൽ മുന്നിലും പരാജയപ്പെട്ട ചെൽസി മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ശനിയാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ എന്ന വിശ്വാസത്തിലാണ്.