വീണ്ടും അതേ പിഴവ് 😱പാഠങ്ങൾ പഠിക്കാത്ത താരമാണോ കോഹ്ലിയെന്ന് മുൻ ഇതിഹാസ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ സംബന്ധിച്ച് വളരെ അധികം വെല്ലുവിളികളും ഒപ്പം നാണക്കേടുകളും ലഭിച്ച ഒരു ടെസ്റ്റ്‌ മത്സരമാണ് ലീഡ്സിൽ അവസാനിച്ചത്. ലോർഡ്‌സ് ടെസ്റ്റിലെ ഐതിഹാസിക ജയത്തിന് പിന്നാലെ വളരെ അധികം ആത്മവിശ്വാസവുമായി ലീഡ്സിൽ കളിക്കാൻ എത്തിയ ഇന്ത്യൻ ടീമിന് ചരിത്രത്തിലെ നാണംകെട്ട ഇന്നിങ്സ് തോൽവിയാണ് ലീഡ്സ് മണ്ണിൽ ജോ റൂട്ടും സംഘവും സമ്മാനിച്ചത്. ലോർഡ്‌സ് ടെസ്റ്റിലെ തോൽവിക്ക് മധുര പ്രതികാരം വീട്ടുവാൻ റൂട്ടിനും ടീമിനും കഴിഞ്ഞപ്പോൾ തലകൾ ഉയർത്തി മടങ്ങുവാൻ മാത്രം വിരാട് കോഹ്ലിക്കും ഇന്ത്യൻ ടീമിനും സാധിച്ചു. നിർണായകമായ നാലാം ടെസ്റ്റ്‌ സെപ്റ്റംബർ 2ന് ആരംഭിക്കുവാനിരിക്കെ ക്രിക്കറ്റ്‌ ആരാധകരിൽ എല്ലാം വളരെ അധികം ചർച്ചയായി മാറുന്നത് നായകൻ വിരാട് കോഹ്ലിയുടെ മോശം ബാറ്റിങ് ഫോം തന്നെയാണ്.

തുടർച്ചയായി ഓഫ്‌ സ്റ്റമ്പിന് പുറത്ത് കൂടെ പോകുന്ന പന്തുകളിൽ ബാറ്റ് വെച്ച് വിക്കറ്റ് നഷ്ടമാക്കുന്ന കോഹ്ലിക്ക് എതിരെ രൂക്ഷ വിമർശനം ശക്തമാണ്. ഒന്നാം ടെസ്റ്റിലും രണ്ടാം ടെസ്റ്റിലും ഓഫ്‌ സ്റ്റമ്പിന് പുറത്ത് കൂടി പോയ പന്തുകളിൽ മോശം ഷോട്ട് കളിച്ച് വിക്കറ്റ് നഷ്ടമാക്കിയ കോഹ്ലി മൂന്നാം ടെസ്റ്റിലും അതേ പിഴവുകൾ തന്നെ ആവർത്തിച്ചുവെന്നതാണ് സത്യം. കരിയറിലെ ഏറ്റവും മോശം ഫോമിൽ തുടരുന്ന കോഹ്ലിക്കും പരമ്പരയിൽ വരാനിരിക്കുന്ന രണ്ട് ടെസ്റ്റുകൾ ഏറെ നിർണായകമാണ്. താരത്തെ ടീമിൽ നിന്നും പുറത്താക്കണം എന്നുള്ള ചില ആവശ്യം വിമർശകർ അടക്കം ഇപ്പോൾ ഉന്നയിക്കുന്നുണ്ട്. താരത്തിന്റെ തെറ്റുകൾ ചൂണ്ടികാട്ടി വളരെ രൂക്ഷമായ ഭാഷയിൽ രംഗത്ത് എത്തുകയാണ് ഇതിഹാസ താരം സുനിൽ ഗവാസ്ക്കർ.

“കോഹ്ലി വീണ്ടും ഒരേ തെറ്റുകൾ തന്നെ ആവർത്തിച്ച് പുറത്താക്കുകയാണ്. ഈ ടെസ്റ്റ്‌ പരമ്പരയിൽ തന്നെ കോഹ്ലി തന്റെ വിക്കറ്റ് നഷ്ടമാക്കിയ രീതി നമ്മൾ എല്ലാം പരിശോധിച്ചാൽ അദ്ദേഹം വീണ്ടും വീണ്ടും ആവർത്തിക്കുന്ന പിഴവുകൾ നമുക്ക് എല്ലാം മനസ്സിലാകും. ഓഫ്‌ സ്റ്റമ്പിന് ഏറെ പുറത്ത് കൂടെ പോകുന്ന പന്തുകളിൽ പോലും കോഹ്ലി ബാറ്റ് അനാവശ്യമായി വെക്കുകയാണ്. താരത്തിന്റ ഇത്തരം മോശമായ പുറത്താകലുകൾ നമുക്ക് വളരെ ഏറെ നിരാശയാണ് നൽകുന്നത് ” സുനിൽ ഗവാസ്ക്കർ തന്റെ അഭിപ്രായം വ്യക്തമാക്കി.