വീണ്ടും പരിക്കിന്റെ ആശങ്കയിൽ ഫ്രാൻസ് , പരിശീലന സെഷനിൽ പങ്കെടുക്കാതെ കൈലിയൻ എംബാപ്പെ |Qatar 2022 |Kylian Mbappe

കൈലിയൻ എംബാപ്പെ, ഒലിവിയർ ജിറൂഡ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ മികച്ച ഫോമിന്റെ പിൻബലത്തിലാണ് ഫ്രാൻസ് 2022 ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. റൗണ്ട് ഓഫ് 16 ഘട്ടത്തിൽ പോളണ്ടിനെ പരാജയപ്പെടുത്തിയ ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടും. ഇംഗ്ലണ്ടിനെതിരെ ശനിയാഴ്ച നടക്കുന്ന ലോകകപ്പ് ക്വാർട്ടർ ഫൈനലിന് തയ്യാറെടുക്കുന്ന ലെസ് ബ്ലൂസിന് ഇപ്പോൾ ആശങ്കാജനകമായ ഒരു വാർത്തയുണ്ട്. ചൊവ്വാഴ്ച നടന്ന ഫ്രാൻസിന്റെ പരിശീലന സെഷനിൽ കൈലിയൻ എംബാപ്പെ പങ്കെടുത്തില്ലെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

എംബാപ്പെയ്ക്ക് പുതിയ പരിക്ക് പറ്റിയതായി സൂചനയില്ല. നേരത്തെ, ഡെന്മാർക്കിനെതിരായ ഫ്രാൻസിന്റെ രണ്ടാം ഗ്രൂപ്പ് ഘട്ട മത്സരത്തിൽ എംബാപ്പെയ്ക്ക് ചെറിയ കണങ്കാലിന് പരിക്കേറ്റിരുന്നു. എന്നാൽ ഈ പരിക്ക് അദ്ദേഹത്തെ പിന്തുടർന്നതായി പിന്നീട് റിപ്പോർട്ടുകളൊന്നുമില്ല.ചൊവ്വാഴ്ച ഫ്രാൻസ് ടീമിന്റെ പരിശീലന സെഷനിൽ പങ്കെടുത്തില്ലെങ്കിലും, വ്യക്തിഗത ഷെഡ്യൂളിൽ എംബാപ്പെ ഒരു എക്സർസൈസ് ബൈക്കിൽ റിക്കവറി സെഷൻ നടത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷന്റെ നിർദേശപ്രകാരം എംബാപ്പെ പേർസണൽ റിക്കവറി സെഷനു മുൻഗണന നൽകിയതായും റിപ്പോർട്ടുകളുണ്ട്.

അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിന് കൈലിയൻ എംബാപ്പെയുടെ സാന്നിധ്യം ഉണ്ടാകുമെന്നാണ് കരുതുന്നത്. 2022 ലോകകപ്പിൽ ഇതുവരെ നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളാണ് 23 കാരനായ എംബാപ്പെ നേടിയത്. പോളണ്ടിനെതിരായ ഏറ്റവും പുതിയ റൗണ്ട് ഓഫ് 16 മത്സരത്തിൽ എംബാപ്പെ രണ്ട് ഗോളുകൾ നേടിയിരുന്നു. 5 ഗോളുകൾ നേടിയതിന് പുറമെ രണ്ട് അസിസ്റ്റുകളും ഈ പിഎസ്ജി താരത്തിനുണ്ട്.

ഗ്രൂപ്പ് ഘട്ടത്തിൽ ഡെൻമാർക്കിനെയും ഓസ്‌ട്രേലിയയെയും പരാജയപ്പെടുത്തിയ ഫ്രാൻസ് അവസാന മത്സരത്തിൽ ടുണീഷ്യയോട് തോറ്റു. എന്നാൽ റൗണ്ട് ഓഫ് 16 ഘട്ടത്തിൽ പോളണ്ടിനെതിരെ തകർപ്പൻ ജയത്തോടെ ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. 2018 ലോകകപ്പ് ചാമ്പ്യൻമാരായ ഫ്രാൻസ്, 2022-ലും ലോകകപ്പ് കിരീടം നേടാൻ ഏറ്റവും സാധ്യതയുള്ള ടീമുകളിലൊന്നായി കണക്കാക്കപ്പെടുന്നു. ലോകകപ്പ് കിരീടം നിലനിർത്താൻ ഒരുങ്ങുമ്പോൾ 23 കാരനായ കൈലിയൻ എംബാപ്പെയിൽ ഫ്രാൻസിന് വലിയ പ്രതീക്ഷയുണ്ട്.

Rate this post