ലയണൽ മെസ്സിയും നെയ്മറും പിഎസ്ജിയിൽ തിരിച്ചെത്തുന്ന മത്സരത്തിൽ കൈലിയൻ എംബാപ്പെ കളിക്കില്ല

ഇന്ന് ലീഗ് 1-ൽ പാർക്ക് ഡെസ് പ്രിൻസസിൽ PSG ആംഗേഴ്സിനെ നേരിടും. നിലവിൽ ലീഗ് 1 പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള പിഎസ്ജിയും ഏറ്റവും താഴെയുള്ള ആംഗേഴ്സും തമ്മിലുള്ള മത്സരം ശ്രദ്ധ ആകർഷിക്കുന്നത് ലോകകപ്പ് വിജയത്തിന് ശേഷം പിഎസ്ജിയുമായുള്ള ലയണൽ മെസ്സിയുടെ ആദ്യ മത്സരമാണിത്. അർജന്റീനയുടെ ലോകകപ്പ് വിജയാഘോഷങ്ങൾക്ക് ശേഷം, മെസ്സി ജനുവരി 3 ന് പാരീസിലേക്ക് മടങ്ങിയിരുന്നു.രണ്ട് ലീഗ് 1 മത്സരങ്ങൾ നഷ്ടമാവുകയും ചെയ്തു.

ലയണൽ മെസ്സി കളിക്കാത്ത ലെൻസിനെതിരായ മത്സരത്തിൽ പിഎസ്ജിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ലെൻസിനെതിരെ സീസണിലെ ആദ്യ തോൽവിയാണ് പിഎസ്ജി ഏറ്റുവാങ്ങിയത്. ലെൻസിനെതിരായ മത്സരത്തിൽ ലയണൽ മെസ്സിക്ക് പുറമെ സ്ട്രാസ്ബർഗിനെതിരായ ലീഗ് വൺ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് വിലക്ക് നേരിട്ട നെയ്മർ കളിച്ചിരുന്നില്ല. ആംഗേഴ്സിനെതിരായ ഇന്നത്തെ മത്സരത്തിൽ ലയണൽ മെസ്സിക്കൊപ്പം നെയ്മർ പിഎസ്ജിയുടെ ടീമിൽ തിരിച്ചെത്തി.

പിഎസ്ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കർ കൈലിയൻ എംബാപ്പെ ഇന്നത്തെ മത്സരം കളിക്കില്ല. ഫിഫ ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ കൈലിയൻ എംബാപ്പെ പിഎസ്ജിയിൽ ചേർന്നു. ഖത്തർ ലോകകപ്പ് ഫൈനലിൽ കളിച്ചതോടെ എംബാപ്പെക്ക് വേണ്ടത്ര വിശ്രമം പോലും ലഭിച്ചില്ല. ലയണൽ മെസ്സി ടീമിലെത്താൻ വൈകുമെന്നതിനാൽ എംബാപ്പെയോട് വേഗത്തിൽ ടീമിൽ ചേരാൻ പിഎസ്ജി ആവശ്യപ്പെട്ടതായി അക്കാലത്ത് റിപ്പോർട്ടുകളുണ്ടായിരുന്നു. സ്ട്രാസ്ബർഗിനും ലെൻസിനുമെതിരായ ലീഗ് 1 മത്സരങ്ങളിൽ എംബാപ്പെ കളിച്ചു.

പിന്നാലെ, കൈലിയൻ എംബാപ്പെക്ക് പിഎസ്ജി പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയർ അവധി നൽകി. ഇതിന്റെ ഭാഗമായി അവധിക്കാലം ആഘോഷിക്കാൻ അമേരിക്കയിലേക്ക് പോയ എംബാപ്പെ ജനുവരി 12ന് മാത്രമേ പാരീസിലെത്തി ടീമിനൊപ്പം പരിശീലനം തുടരൂ. അതിനാൽ ആംഗേഴ്സിനെതിരായ ഇന്നത്തെ മത്സരം എംബാപ്പെയ്ക്ക് നഷ്ടമാകും. എംബാപ്പെ ഇനി ഞായറാഴ്ച റെന്നസിനെതിരെ കളിക്കും. അതുകൊണ്ട് തന്നെ ആംഗേഴ്സിനെതിരായ മത്സരത്തിൽ ലയണൽ മെസ്സിയും നെയ്മറും പിഎസ്ജിയുടെ മുന്നേറ്റം നയിക്കും.

Rate this post