❝ ആദ്യ മൂന്നു ⚽🔥 സ്ഥാനക്കാരും ഇന്ന്
ഒരേ ✊💥 സമയം ഇറങ്ങുന്നു സ്പെയിൻ ഇന്ന് കത്തും ❞

യൂറോപ്പിലെ ബിഗ് ലീഗുകളായ സിരി എ യിലും ,ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ,ബുണ്ടസ് ലീഗയിലും കിരീട ധാരണം നടന്നു കഴിഞ്ഞിട്ടും സ്പെയിനിൽ ഇപ്പോഴും ആര് കിരീടം നേടും എന്നത് അനിശ്ചിതമായി തുടരുകയാണ്. ഈ അടുത്ത കാലത്തൊന്നും ലാ ലീഗയിൽ ഇത്രയും കടുത്ത പോരാട്ടം നടന്നിട്ടില്ല . 2013 -14 ശേഷമുള്ള ആദ്യ കിരീടത്തിനായി അത്ലറ്റികോ ഇറങ്ങുമ്പോൾ കിരീടം നിലനിർത്താനുള്ള ഒരുക്കത്തിലാണ് റയൽ മാഡ്രിഡ്. റയലിന്റെയും അത്ലറ്റികോയുടെയും തോൽവികളിലാണ് ബാഴ്സലോണയുടെ ആകെ പ്രതീക്ഷ.

ലാലിഗയിൽ ഇന്ന് നിർണായക പോരാട്ടങ്ങളാണ് നടക്കുന്നത്. ഇനി സീസണിൽ രണ്ട് മത്സരങ്ങൾ മാത്രം ബാക്കിയിരിക്കെ ആര് കിരീടം നേടും എന്ന് പറയാൻ പറ്റാത്ത അവസ്ഥയാണ് ലാ ലീഗയിൽ ഇപ്പോഴും ഉള്ളത്. അവസാന രണ്ടു റൗണ്ടിലും ലാലിഗയിൽ എല്ലാ മത്സരങ്ങൾക്കും ഒരേ കിക്കോഫ് സമയമാണ്. ഇന്ന് രാത്രി ഒരേ സമയത്ത് അത്ലറ്റിക്കോ മാഡ്രിഡും, ബാഴ്സലോണയും, റയൽ മാഡ്രിഡും വ്യത്യസ്ത മത്സരങ്ങളിൽ ഇറങ്ങും.


ഒന്നാമതുള്ള അത്ലറ്റിക്കോ മാഡ്രിഡ് ആണ് കിരീടത്തിനായി ഇപ്പോൾ ഫേവറിറ്റ്. കഴിഞ്ഞ മത്സരത്തിൽ റയൽ സോസിഡാഡിനെ തോൽപ്പിച്ചതോടെ 80 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. 78 പോയിന്റുള്ള റയൽ മാഡ്രിഡ് രണ്ടാമതും 76 പോയിന്റുള്ള ബാഴ്സലോണ മൂന്നാമതും നിൽക്കുന്നു.ഇന്ന് ഹോം ഗ്രൗണ്ടിൽ ഒസാസുനയെ അത്ലറ്റിക്കോ മാഡ്രിഡ് നേരിടേണ്ടത്. അവസാന മത്സരത്തിൽ വല്ലഡോയിഡിനെ ആകും അത്ലറ്റിക്കോ മാഡ്രിഡ് നേരിടേണ്ടത്. താരതമ്യേന ദുർബലരായ ഒസാസുനയെ പരാജയപെടുത്താം എന്ന വിശ്വാസത്തിലാണ് അത്ലറ്റികോ മാഡ്രിഡ് . ഇന്നത്തെ മത്സരത്തിൽ അത്ലറ്റികോ ജയിക്കുകയും റയൽ മാഡ്രിഡ് പരാജയപെടുകയോ സമനില ആവുകയോ ചെയ്താൽ കിരീടം അത്ലറ്റികോ മാഡ്രിഡിന് സ്വന്തമാക്കാം. അല്ലെങ്കിൽ മെയ് 23 ലെ അവസാന ദിവസം വരെ കാത്തിരിക്കണം.

നിലവിൽ ലാ ലിഗാ സ്റ്റാൻഡിംഗുകളിൽ ഒമ്പതാം സ്ഥാനത്തുള്ള അത്ലറ്റികോ ബിൽബാവൊയെ ആണ് റയൽ മാഡ്രിഡ് ഇന്ന് നേരിടേണ്ടത്. എവേ മത്സരം വിജയിക്കുക റയലിന് ഒട്ടും എളുപ്പമാകില്ല. അടുത്ത ആഴ്ച അവസാന മത്സരത്തിൽ വിയ്യറയലിനെ ആകും റയൽ നേരിടേണ്ടത്.കഴിഞ്ഞ മത്സരത്തിൽ ഗ്രാനഡയെ 4-1 ന് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് സിദാൻ. ഡാനി കാർവാജൽ, ലൂക്കാസ് വാസ്‌ക്വസ്, സെർജിയോ റാമോസ്, ഫെർലാൻഡ് മെൻഡി, റാഫേൽ വരാനെ എന്നിവർ പരിക്ക് മൂലം ഇന്നത്തെ മത്സരത്തിലും കളിക്കില്ല. ഇന്നത്തെ മത്സരസത്തിൽ അത്ലറ്റികോ പരാജയപെടുകയോ സമനിലയിൽ ആവുകയും റയൽ വിജയിക്കുകയും ചെയ്താൽ ഹെഡ് ടു ഹെഡ് റെക്കോർഡിൽ റയലിന് മുന്നിലെത്താം.

സെൽറ്റ വിഗൊയെ ആണ് ബാഴ്സലോണ ഇന്ന് നേരിടേണ്ടത്. ക്യാമ്പ്നുവിൽ വെച്ചാണ് മത്സരം നടക്കുക. ഐബർ ആണ് അവസാന മത്സരത്തിലെ ബാഴ്സയുടെ എതിരാളികൾ. റയലിന്റെയും ബാര്സയുടെയും തോൽവിയിൽ മാത്രമായിരിക്കും ബാഴ്സയുടെ പ്രതീക്ഷകൾ.ഇന്ന് അത്ലറ്റിക്കോ മാഡ്രിഡ് വിജയിക്കുകയും റയൽ മാഡ്രിഡ് വിജയിക്കാതിരിക്കുകയും ചെയ്താൽ ലാലിഗ കിരീടം അത്ലറ്റിക്കോ മാഡ്രിഡിന് സ്വന്തമാക്കാൻ ആകും. അവസാനമായി 2013-14 സീസണിലാണ് അത്ലറ്റിക്കോ മാഡ്രിഡ് ലാലിഗ കിരീടം നേടിയത്. അതിനു ശേഷം ഉള്ള സീസണുകളിൽ റയലോ ബാഴ്സലോണയോ അല്ലാതെ വേറെ ഒരു ടീമും ലാലിഗ കിരീടം തൊട്ടിട്ടില്ല. എല്ലാ മത്സരങ്ങളും രാത്രി 10 മണിക്കാണ് നടക്കുക.