❝മെസ്സി മാജിക്കിൽ രാജകീയം ബാഴ്സലോണ ; കിരീട പോരാട്ടത്തിൽ നിർണായക വിജയവുമായി അത്‌ലറ്റികോ മാഡ്രിഡ് ; അഞ്ചടിച്ച് നാപോളി❞

പതിവ് പോലെ ലാ ലീഗയിൽ സൂപ്പർ താരം ലയണൽ മെസ്സി ഗോളുമായി മുന്നിൽ നിന്നും നയിച്ചപ്പോൾ തകർപ്പൻ ജയവുമായി ബാഴ്സലോണ.ഇന്നലെ നടന്ന മത്സത്തിൽ 5-2നാണ് മികച്ച ഫോമിൽ കളിക്കുന്ന ബാഴ്‌സലോണ ഗെറ്റാഫെയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ എട്ടാം മിനുട്ടിൽ തന്നെ മെസ്സിയുടെ ഗോളിൽ ബാഴ്‌സലോണ മുൻപിലെത്തി. എന്നാൽ ലെങ്ലൈറ്റിന്റെ സെൽഫ് ഗോൾ ഗെറ്റാഫെക്ക് പ്രതീക്ഷ നൽകിയെങ്കിലും ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് 2 ഗോളുകൾ കൂടി നേടി ബാഴ്‌സലോണ മത്സരത്തിൽ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. ആദ്യം സോഫിയാൻ ചക്ലയുടെ സെൽഫ് ഗോളിൽ ലീഡ് വർദ്ധിപ്പിച്ച ബാഴ്‌സലോണ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ മെസ്സിയുടെ രണ്ടാമത്തെ ഗോളോടെ മത്സരത്തിൽ ആധിപത്യം പുലർത്തുകയായിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ എനെസ് ഉനലിലൂടെ ഗെറ്റാഫ രണ്ടാമത്തെ ഗോൾ നേടി മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും മെസ്സിയുടെ കോർണറിൽ നിന്ന് അറായു ബാഴ്‌സലോണയുടെ നാലാമത്തെ ഗോൾ നേടി മത്സരം തങ്ങളുടേതാക്കി മാറ്റുകയായിരിക്കുന്നു. തുടർന്ന് ഇഞ്ചുറി ടൈമിൽ ഗ്രീസ്മാനെ ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി ഗ്രീസ്മാൻ തന്നെ ബാഴ്‌സലോണയുടെ അഞ്ചാമത്തെ ഗോളും നേടി ബാഴ്‌സലോണയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. മെസ്സിക്ക് ഹാട്രിക്ക് നേടാൻ അവസരം ഉണ്ടായിട്ടും സഹതാരം ഗ്രീസ്മാന് അവസരം നൽകുകയായിരുന്നു.

ലാലിഗയിൽ അത്ലറ്റിക്കോ മാഡ്രിഡിന് നിർണായക വിജയം. ഇന്നലെ നടന്ന ഹുയെസ്കക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അത്ലറ്റിക്കോയുടെ വിജയം.ആദ്യ പകുതിയുൽ 39ആം മിനുട്ടിൽ കൊറേയ ആണ് അത്ലറ്റിക്കോ മാഡ്രിഡിന് ലീഡ് നൽകിയത്. യൊറന്റെയുടെ പാസിൽ നിന്നായുരുന്നു ഗോൾ. രണ്ടാം പകുതിയിൽ 80ആം മിനുട്ടിൽ യൊറന്റെ ഒരിക്കൽ കൂടെ അവസരം ഒരുക്കിയപ്പോൾ കരാസ്കോ ഗോളുമായി അത്ലറ്റിക്കോ മാഡ്രിഡിന്റെ മൂന്ന് പോയിന്റ് ഉറപ്പിച്ചു. ഈ വിജയത്തോടെ 32 മത്സരങ്ങളിൽ 73 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്. നിലവിൽ അത്ലറ്റികോ മാഡ്രിഡിനെക്കാളും റയൽ മാഡ്രിഡിനെക്കാളും ഒരു മത്സരം കുറവ് കളിച്ച ബാഴ്‌സലോണ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡിനെക്കാൾ അഞ്ച് പോയിന്റ് പിറകിലാണ്.


ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി ലെസ്റ്റർ സിറ്റി. ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന് വെസ്റ്റ്ബ്രോമിനെ പരാജയപ്പെടുത്തി അടുത്ത സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്ക് ഒരുപടികൂടി അടുത്തു.ആദ്യ പകുതിയിൽ 13 മിനുറ്റിനിടെ 3 ഗോളുകൾ നേടിയാണ് ലെസ്റ്റർ സിറ്റി ഇന്നത്തെ മത്സരം കൈപ്പിടിയിൽ ഒതുക്കിയത്. വാർഡിയിലൂടെ ഗോളടി തുടങ്ങിയ ലെസ്റ്റർ സിറ്റി തുടർന്ന് ഇവൻസിലൂടെ രണ്ടാമത്തെ ഗോളും നേടുകയായിരുന്നു. തുടർന്ന് 2021ൽ തന്റെ മികച്ച ഫോം തുടരുന്ന ഇഹിനാചോ ലെസ്റ്റർ സിറ്റിക്ക് വേണ്ടി മൂന്നാമത്തെ ഗോളും നേടി. 2021ൽ എല്ലാ മത്സരങ്ങളിലും കൂടി ഇഹിനാചോവിന്റെ 13മത്തെ ഗോളായിരുന്നു ഇത്. 32 മത്സരങ്ങളിൽ നിന്നും 59 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ലെസ്റ്റർ സിറ്റി.

ഇറ്റാലിയൻ സിരി എ യിൽ അറ്റ്ലാന്റായെ സമനിലയിൽ തളച്ച് എ സ് റോമ. 26 ആം മിനുട്ടിൽ റുസ്ലാൻ മാലിനോവ്സ്കിയിലൂടെ അറ്റ്ലാന്റ മുന്നിലെത്തി. എന്നാൽ 75 ആം മിനുട്ടിൽ ബ്രയാൻ ക്രിസ്റ്റാൻ ഇടിമിന്നൽ ലോംഗ് റേഞ്ച് സ്ട്രൈക്കിലൂടെ റോമയുടെ സമനില പിടിച്ചു. 69 ആം മിനുട്ടിൽ അറ്റ്ലാന്റ താരം ഗോസെൻസ് ചുവപ്പ് കാർഡ് കണ്ടതിനെ തുടർന്ന് 10 പെരുമായാണ് മത്സരം അവസാനിപ്പിച്ചത്.

മറ്റൊരു മത്സരത്തിൽ നാപോളി രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ലാസിയോയെ തകർത്തു.ലോറെൻസോ ഇൻസൈൻ (7 ‘പെൻ, 53’) മാറ്റിയോ പൊളിറ്റാനോ (12 ‘) ഡ്രൈസ് മെർട്ടൻസ് (65’) വിക്ടർ ഒസിംഹെൻ (80 ‘) എന്നിവർ നാപോളിക്ക് വേണ്ടി ഗോൾ നേടിയപ്പോൾ സിറോ ഇമ്മൊബൈൽ (70 ‘) സെർജ് മിലിങ്കോവിക്-സാവിക് (74’) എന്നിവർ ലാസിയോക്ക് വേണ്ടി score ചെയ്തു. ജയത്തോടെ അടുത്ത സീസണിലേക്കുള്ള ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ് നാപോളി.