” ലക്ഷ്യം വിജയം മാത്രം ” : ഒഡീഷ കീഴടക്കി ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യവുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡിഷ എ ഫ് സി യെ നേരിടും. ഗോവയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തങ്ങളുടെ അപരാജിത കുതിപ്പ് തുടരാം എന്ന വിശ്വാസത്തിലാണ് കൊമ്പന്മാർ. രാത്രി 7 .30 നാണ് മത്സരം അരങ്ങേറുന്നത്.നിലവിൽ ഒമ്പത് മത്സരങ്ങളിൽ നിന്ന് പതിമൂന്ന് പോയിന്റുമായി ഒഡിഷ എഫ്‌സി എട്ടാം സ്ഥാനത്തും പത്ത് മത്സരങ്ങളിൽ നിന്ന് പതിനേഴു പോയിന്റുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്തുമാണ്.

കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റിയെ തോൽപ്പിച്ച് വരുന്ന ഒഡീഷ കേരള ബ്ലാസ്റ്റേഴ്സിനെയും തോൽപ്പിച്ച് ആദ്യ നാലിൽ എത്താൻ ആണ് ശ്രമിക്കുന്നത്. ഈ സീസണിൽ ആദ്യം ഇരുവരും ഏറ്റുമുട്ടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചിരുന്നു. അതേസമയം ഒമ്പത് മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വിജയിച്ച് ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ആണ് ശ്രമിക്കുക. ജംഷദ്പൂർ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചതോടെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.

നാലു വിജയവും അഞ്ച് സമനിലയും ഒരു തോൽവിയുമായി 17 പോയിന്റുമായി നിൽക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ. ഒൻപതു മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുന്ന ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഈ സീസണിൽ ഏറ്റവും കൂടുതൽ സമനില വഴങ്ങിയിരിക്കുന്നത്.ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ നേടിയതും ബ്ലാസ്റ്റേഴ്‌സ് ആണ്. നാലു മത്സരങ്ങളാണ് ഗോളുകളൊന്നും വഴങ്ങാതെ ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയത്. നേടിയ വിജയാനങ്ങളിൽ മുംബൈക്ക് പിന്നിൽ രരണ്ടാമതാണ് ബ്ലാസ്റ്റേഴ്‌സ് .സീസണിൽ ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയ രണ്ടു ടീമുകളിലൊന്നാണ് ബ്ലാസ്റ്റേഴ്‌സ്. പത്തു മത്സരങ്ങളിൽ നിന്നായി വെറും 10 ഗോളുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയത്. അതിൽ നാലു ഗോളുകളും ആദ്യ മത്സരത്തിൽ നിന്നായിരുന്നു.

ഇതുവരെ അഞ്ചു മത്സരങ്ങളിലാണ് ഒഡിഷയും ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടിയിട്ടുള്ളത്. ഓരോ മത്സരങ്ങളിൽ വീതം ഒഡിഷയും കേരളാ ബ്ലാസ്റ്റേഴ്സും വിജയം സ്വന്തമാക്കിയപ്പോൾ മൂന്നു മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. ഏറ്റവുമൊടുവിലായി ഇരു ടീമുകളും ഈ സീസണിലാണ് ഏറ്റുമുട്ടിയത്. അവസാനം കളിച്ച 5 മത്സരങ്ങളിൽ 3 എണ്ണത്തിലും ഒഡീഷ തോറ്റിരുന്നു. മറുവശത്ത് കഴിഞ്ഞ 5 മത്സരങ്ങളിൽ 3 എണ്ണത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചു. ബ്ലാസ്റ്റേഴ്സിനെതിരെ ഒഡീഷയുടെ ആശങ്ക അവരുടെ ചോർന്നൊലിക്കുന്ന ബാക്ക്‌ലൈൻ ആയിരിക്കും.

ഒമ്പത് മത്സരങ്ങളിൽ നിന്ന് 22 ഗോളുകൾ വഴങ്ങിയ അവർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനൊപ്പം ലീഗിലെ ഏറ്റവും മോശം പ്രതിരോധ റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്.മറുവശത്ത് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പതിനാറ് ഗോളുകൾ നേടുകയും പത്ത് ഗോളുകൾ വഴങ്ങുകയും ചെയ്തു. നാലു ഗോളുകൾ വീതം നേടിയ ജാവി ഹെർണാണ്ടസ്, അരിദായ് കബ്രേര എന്നിവരാണ് ഒഡീഷ എഫ്സിയിലെ ടോപ് ഗോൾ സ്കോറെഴ്സ്. നാലു ഗോളുകൾ വീതം നേടിയ അൽവാരോ വാസ്ക്വസ്, സഹൽ അബ്ദുൾ സമദ് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയിലെ ടോപ് ഗോൾ സ്കോറെഴ്സ്.കേരളവും ഒഡീഷയും ഗോളുകൾ നേടാൻ ഇഷ്ടപ്പെടുന്നതിനാൽ മത്സരം ഉയർന്ന സ്‌കോറിംഗ് മത്സരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

മധ്യനിരയിലും മുന്നിലും ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഉറുഗ്വേയിൽ നിന്നുള്ള പ്രതിഭാധനനായ മിഡ്ഫീൽഡറായ അഡ്രിയാൻ ലൂണയാണ് കേരള ടീമിന്റെ കളി നിയന്ത്രിക്കുന്നത്. ലൂണയുടെ കൂടെ സഹൽ സമദ്, ജോർജ് പെരേര ഡയസ്, അൽവാരോ വാസ്‌ക്വസ് എന്നിവരും കൂടെ ചേരുമ്പോൾ ഐഎസ്എൽ തന്നെ ഏറ്റവും മികച്ച മുന്നേറ്റ നിരായുള്ള ടീമായി ബ്ലാസ്റ്റേഴ്‌സ് മാറും.ലെസ്‌കോവിക് നേതൃത്വം നൽകുന്ന പ്രതിരോധ നിര ഒരു മത്സരം കഴിയുന്തോറും കൂടുതൽ മികവിലേക്കുയരുകയാണ്. എന്നാൽ പരിക്കേറ്റ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ജെസൽ കാർനെറോക്ക് കളിക്കാൻ സാധിക്കാത്തത് ബ്ലാസ്റ്റേഴ്സിന് ചെറിയ ക്ഷീണമുണ്ടാക്കും.

ഒഡീഷ എഫ്‌സി (4-2-3-1) – കമൽജിത്, അന്റണയ്, മോംഗിൽ, റോഡാസ്, ലാൽറുഅത്തറ, ഐസക്, തോയ്ബ, ജെറി, ജാവി, നന്ദ, ജോനാഥാസ്.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി (4-4-2) – ഗിൽ, ഖബ്ര, റൂയിവ, ലെസ്‌കോവിച്ച്, സഞ്ജീവ്, സഹൽ, പ്യൂട്ടിയ, ജീക്‌സൺ, ലൂണ, ഡയസ്, വാസ്‌ക്വസ്.