❝നായകൻ, ബാറ്റർ, മെന്റർ..!! വിശേഷണങ്ങൾക്ക് അതീതൻ സഞ്ജു സാംസൺ❞ | Sanju Samson

ക്യാപ്റ്റൻസിയുടെ സമ്മർദ്ദം കാരണം മികച്ച താരങ്ങൾ വരെ ഐപിഎൽ 2022 സീസണിൽ ഫോം കണ്ടെത്താൻ വിഷമിക്കുമ്പോൾ, അവരിൽ തീർത്തും വ്യത്യസ്തനാവുകയാണ് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. കളിച്ച 7 കളികളിൽ അഞ്ചെണ്ണത്തിലും ടീമിനെ ജയത്തിലേക്ക് നയിച്ച സഞ്ജു മികച്ച ക്യാപ്റ്റൻസി കാഴ്ച്ചവെച്ചതോടൊപ്പം 7 ഇന്നിംഗ്സുകളിൽ നിന്ന് 201 റൺസുമായി ടീമിന്റെ ബാറ്റിംഗ് ഡിപ്പാർട്മെന്റിലെ അഭിവാജ്യ ഘടകവുമാണ്.

മൈതാനത്ത് ഫീൽഡ് സെറ്റ് ചെയ്യുകയും ബൗളറെ തിരഞ്ഞെടുക്കുകയും ചെയ്യുന്നത് പോലുള്ള ഒരു ക്യാപ്റ്റന്റെ അടിസ്ഥാന കർത്തവ്യങ്ങൾക്കൊപ്പം തന്റെ കളിക്കാരെ മൊട്ടീവ് ചെയ്യുന്ന ഒരു മെന്റർക്കൂടിയാണ് രാജസ്ഥാൻ റോയൽസ് നായകൻ. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിൽ, ഇന്നിംഗ്സിന്റെ അവസാന ഓവറിൽ ഡൽഹി ബാറ്റർ റോവ്മാൻ പവൽ തന്റെ ബോളർ ഒബദ് മക്കോയിക്കെതിരെ തുടർച്ചയായി 3 സിക്സുകൾ നേടിയപ്പോഴും ബോളറോട് യാതൊരു നീരസവും പ്രകടിപ്പിക്കാതെ മക്കോയിക്ക് ആവേശം പകർന്ന് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന സഞ്ജുവിനെ നമ്മൾ കണ്ടതാണ്.

രാജസ്ഥാൻ റോയൽസിന്റെ ഡയറക്ടർ എഫിഷ്യൻസി സുബിൻ ബറൂച്ച, സഞ്ജു ഫ്രാഞ്ചൈസിയിൽ ചേർന്ന ഒന്നാം ദിവസം മുതൽ സഞ്ജുവിനെ കാണുന്നതാണ്. അദ്ദേഹം സഞ്ജുവിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ, “സഞ്ജുവിന്റെ ഏറ്റവും വലിയ ഊർജ്ജവും ആസ്തിയും അവൻ മറ്റൊരാളാകാൻ ശ്രമിക്കുന്നില്ല എന്നതാണ്. അവന്റെ മാനേജ്മെന്റ് പാഷൻ വളരെ ഉദ്ദേശശുദ്ധിയുള്ളതും വളരെ യഥാർത്ഥവുമാണ്.”

“അവൻ ക്യാപ്റ്റൻ ആണെന്ന് മറ്റുള്ളവർക്ക് മുന്നിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നില്ല. അവൻ അവന്റെ ജോലി കൃത്യമായി ചെയ്യുന്നു. അവന്റെ മാനേജ്‌മെന്റിൽ നിങ്ങൾ അവന്റെ സ്വഭാവം കാണുന്നു. ഗ്രൂപ്പ് ചർച്ചകളിൽ, വിയോജിക്കാൻ അവൻ സഹതാരങ്ങളെ അനുവദിക്കുന്നു, എന്നിരുന്നാലും അവസാനം ഓരോ സംഭവങ്ങളും സുഖകരമായിത്തീരുന്നു. ഞാൻ ശരിയായ ആളാണെന്നോ നിങ്ങൾ തെറ്റിദ്ധരിച്ചേക്കാം എന്നോ തെളിയുക്കന്നതല്ല മികച്ച ക്യാപ്റ്റന്റെ പാരമ്പര്യം എന്ന് അദ്ദേഹം ഉറപ്പാക്കിയിട്ടുണ്ട്,” ബറൂച്ച പറഞ്ഞു.