റൊണാൾഡോയെ പിന്നിലാക്കി മെസ്സി കുതിക്കുന്നു

സ്പാനിഷ് ക്ലബ്‌ ബാഴ്സലോണ വിടാനൊരുങ്ങുകയും എന്നാൽ പണത്തിന്റെ കാര്യത്തിൽ തട്ടി നീക്കം അവസാനിപ്പിക്കുകയും ചെയ്ത ലോകത്തെ വിലയേറിയ താരങ്ങളിൽ ഒരാളായ അര്ജന്റീന താരം ലയണൽ മെസ്സി ലോകത്തിലെ ഏറ്റവും സമ്പന്നനായ ഫുട്ബോൾ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഫോർബ്‌സിന്റെ പുതിയ പട്ടികയിൽ പോർട്ടുഗീസ് സുപ്പർ താരം റൊണാൾഡോയെയാണ് മെസ്സി പിന്തള്ളിയത്.

മെസ്സിയുടെ ഈ വർഷത്തെ വരുമാനം 126 ദശലക്ഷം ഡോളറാണ്. ശമ്പള ഇനത്തിൽ മാത്രം 92 ദശലക്ഷം കൈപ്പറ്റുന്ന മെസ്സി പരസ്യ വരുമാനത്തിലൂടെ നേടുന്നത് 34 ദശലക്ഷമാണ്. പട്ടികയിൽ രണ്ടാമതായ റൊണാൾഡോയുടെ വരുമാനം 117 ദശലക്ഷം ഡോളറാണ്. 96 ദശലക്ഷം ഡോളറുമായി ബ്രസീലിയൻ താരം നെയ്മറാണ് മൂന്നാം സ്ഥാനത്ത്. പിഎസ്ജി യുടെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ 42 ദശലക്ഷം ഡോളറുമായി നാലാം സ്ഥാനത്താണ്. 37 ദശലക്ഷം ഡോളറുമായി ലിവർപൂൾ താരം സല അഞ്ചാം സ്ഥാനത്താണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫ്രഞ്ച് മിഡ് ഫീൽഡർ പോൾ പോഗ്ബ 34 ദശലക്ഷം ഡോളറുമായി ആറാം സ്ഥാനത്താണ്. ആദ്യ പത്തു പേരിൽ 3 പ്രീമിയർ ലീഗ് താരങ്ങൾ ഇടം പിടിച്ചു. ബാഴ്സലോണയുടെ ഗ്രീസ്മനും, റയൽ മാഡ്രിഡിന്റെ ഗരത് ബയിലും എഴും, എട്ടും സ്ഥാനങ്ങൾ സ്വന്തമാക്കി. ബയേൺ മ്യൂണിക്കിന്റെ പോളിഷ് താരം റോബെർട്ടോ ലെഡഡൻഡോസ്കി ഒൻപതാം സ്ഥാനത്തും, മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡി ഗിയ പത്താം സ്ഥാനവും നേടി.