മക്കാബി ഹൈഫയ്‌ക്കെതിരെ ഔട്ട്സൈഡ് -ദി-ബൂട്ട് ഫിനിഷുമായി ലയണൽ മെസ്സി |Lionel Messi

ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഒരു വമ്പൻ വിജയമാണ് പിഎസ്ജി സ്വന്തമാക്കിയത്. രണ്ടിനെതിരെ 7 ഗോളുകൾക്കാണ് പിഎസ്ജി മക്കാബി ഹൈഫയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയാണ് ഈ വിജയം പിഎസ്ജി സ്വന്തമാക്കിയിട്ടുള്ളത്. അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി മിന്നുന്ന പ്രകടനം പുറത്തെടുത്തു.

ഈ സീസണിൽ ഇതുവരെ ഇരട്ട അക്ക ഗോളുകൾ നേടുകയും ഇരട്ട അക്ക അസിസ്റ്റുകൾ നൽകുകയും ചെയ്യുന്ന യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലെ ആദ്യ കളിക്കാരനായി മെസ്സി മാറിയിരിക്കുകയാണ്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ബൂട്ടിന് പുറകു വശം കൊണ്ട് മിന്നുന്ന ഗോൾ നേടിയ ലയണൽ മെസ്സി തന്റെ ഏറ്റവും മികച്ച പ്രകടനത്തിലേക്ക് തിരിച്ചുവരുന്നു. മത്സരത്തിന്റെ 19 ആം മിനുട്ടിൽ ബോക്സിന്റെ ഇടതു വശത്ത് നിന്നും എംബാപ്പയിൽ നിന്നും പന്ത് സ്വീകരിച്ച മെസ്സി ഡിഫൻഡറെ കബളിപ്പിച്ച് ഇടതുകാലിന്റെ പുറകുവശം കൊണ്ട് മികച്ചൊരു ഷോട്ടിലൂടെ ഗോൾകീപ്പര്ക്ക് ഒരു അവസരം കൊടുക്കാതെ മക്കാബി വലയിൽ എത്തിക്കുകയായിരുന്നു.

സീസണിലെ അദ്ദേഹത്തിന്റെ മൂന്നാമത്തെ ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു ഇത്. 35 ആം മിനുട്ടിൽ നെയ്മറുടെ ഗോളിന് വഴിയൊരുക്കിയതോടെ ഈ സീസണിലെ മികച്ച 5 യൂറോപ്യൻ ലീഗുകളിലെ കളിക്കാർക്കിടയിൽ എല്ലാ മത്സരങ്ങളിലും 10+ ഗോളുകളും 10+ അസിസ്റ്റുകളും നേടുന്ന ഒരേയൊരു കളിക്കാരനായി മെസ്സി മാറുകയും ചെയ്തു. ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപേ ബോക്‌സിന് പുറത്ത് നിന്നുള്ള മോനാഹരമായ ഷോട്ടിലൂടെ മെസ്സി മത്സരത്തിലെ തന്റെ രണ്ടമത്തെ ഗോൾ സ്വന്തമാക്കി. ഈ സീസണിലെ മെസ്സിയുടെ 11 മത്തെ ഗോളായിരുന്നു ഇത്. ഈ ഗോളോടെ ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് തകർത്തിരിക്കുകയാണ് മെസ്സി.ചാമ്പ്യൻസ് ലീഗിൽ ബോക്സിന് പുറത്ത് നിന്ന് ഏറ്റവുമധികം ഗോളുകൾ നേടിയതിന്റെ റെക്കോർഡാണ് മെസ്സി സ്വന്തമാക്കിയത് .

പിഎസ്ജിക്ക് വേണ്ടി ഏഴാമത്തെ ഗോൾ നേടിയ കാർലോസ് സോളറിനും അസിസ്റ്റ് നൽകിയത് മെസ്സി ആയിരുന്നു.ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 18 മത്സരങ്ങളാണ് ലയണൽ മെസ്സി സീസണിൽ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 15 ഗോളുകളും 12 അസിസ്റ്റുകളും നേടാൻ മെസ്സിക്ക് സാധിച്ചു. അതായത് 27 ഗോൾ പങ്കാളിത്തങ്ങൾ.ഇതിൽ നാല് ഗോളുകൾ അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി നേടിയതാണ്.ബാക്കിയുള്ള 11 ഗോളുകളും 12 അസിസ്റ്റുകളും പിഎസ്ജിയുടെ ജേഴ്സിയിൽ പിറന്നതുമാണ്.35 വയസ്സുള്ള മെസ്സി തന്റെ പ്രതാപകാലത്ത് ഓർമിപ്പിക്കും വിധമുള്ള പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ഫോം ഖത്തറിലും മെസ്സി തുടരും എന്ന വിശ്വാസത്തിലാണ് ആരാധകർ.

Rate this post