ലയണൽ മെസ്സി ഏഴാം ബാലൺ ഡി ഓർ നേടുമെന്ന് വർഷങ്ങൾക്ക് മുമ്പ് പ്രവചിച്ച് ഫുട്ബോൾ ഇതിഹാസം ; ആ വാക്കുകൾ ഇങ്ങനെ ആയിരുന്നു

അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞ ഒരു വർഷമായി ചില ദുഷ്‌കരമായ സമയങ്ങളിലൂടെയാണ് കടന്നുപോയത്. ബാഴ്‌സലോണയിൽ അസാധാരണ സംഭവങ്ങൾ അരങ്ങേറുകയും, തുടർന്ന് ബാർസ ആരാധകരെ നിരാശരാക്കി മെസ്സി ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെർമെയ്‌നിൽ ചേരുകയും ചെയ്തു.

എല്ലാ പ്രശ്‌നങ്ങളും ഉണ്ടായിരുന്നിട്ടും, സൂപ്പർതാരത്തിന് കഴിഞ്ഞ സീസണിൽ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. ബാർസലോണയ്ക്കൊപ്പം കോപ്പ ഡെൽ റേ വിജയം, തുടർന്ന് അർജന്റീനിയൻ ദേശീയ ടീമിനെ 2021 ലെ കോപ്പ അമേരിക്ക വിജയത്തിലേക്ക് നയിച്ച്, മെസ്സി തന്റെ ആദ്യത്തെ അന്താരാഷ്ട്ര കിരീടവും നേടി. മാത്രമല്ല, 2021ൽ 41 ഗോളുകളും 17 അസിസ്റ്റുകളും നേടിയ മെസ്സിക്ക് ക്ലബ്ബിനും രാജ്യത്തിനുമായി മൊത്തം 58 ഗോളുകൾ നേടാൻ കഴിഞ്ഞു. അതിനാൽ, തിങ്കളാഴ്ച്ച രാത്രി പാരീസിൽ നടന്ന ബാലൺ ഡി ഓർ 2021-ന്റെ വിജയിയായി അദ്ദേഹത്തെ പ്രഖ്യാപിച്ചപ്പോൾ, പലരും ആശ്ചര്യപ്പെട്ടില്ല.

റോബർട്ട് ലെവൻഡോവ്‌സ്‌കിയെയോ ജോർജിഞ്ഞോയെയോ പോലെയുള്ളവർ ഇതിന് അർഹരാണെന്ന് കരുതുന്ന ചിലരെങ്കിലും ഉണ്ടായിരുന്നെങ്കിലും, മെസ്സി തന്റെ ഏഴാമത്തെ ബാലൺ ഡി ഓർ സ്വന്തമാക്കി, നിത്യ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ (5) രണ്ടെണ്ണത്തിന് പിന്നിലാക്കി. എന്നാൽ, ഒരു വ്യക്തി വളരെ വർഷങ്ങൾക്ക് മുമ്പ് മെസ്സിയുടെ ഈ നേട്ടം കൃത്യമായി പ്രവചിച്ചു.

ഫുട്ബോൾ ഇതിഹാസവും മുൻ ബാഴ്‌സലോണ മാനേജറുമായ ജോഹാൻ ക്രൈഫ്, 2012 ൽ മെസ്സി ഏഴ് ബാലൺ ഡി ഓർ നേടുമെന്ന് പ്രവചിച്ചിരുന്നു. 2012 ൽ, ലയണൽ മെസ്സി തന്റെ രണ്ടാമത്തെ ബാലൺ ഡി ഓർ നേടിയ സമയത്ത്, ഡയറിയോ ഓലേയോട് സംസാരിക്കുമ്പോൾ ബാഴ്‌സലോണ ഇതിഹാസം ജോഹാൻ ക്രൈഫ് പ്രവചിച്ചു: “ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺ ഡി ഓർ നേടുന്ന ആളായി ലയണൽ മെസ്സി മാറും.”

“അഞ്ചോ ആറോ ഏഴോ ബാലൺ ഡി’ഓറുകൾ നേടി മെസ്സി വിരമിക്കും,” മൂന്ന് തവണ ബാലൺ ഡി ഓർ ജേതാവായ ക്രൈഫ് പറഞ്ഞു. മെസ്സി ഈ അഭിമാനകരമായ നേട്ടത്തിൽ എത്തി നിൽക്കുമ്പോൾ വർഷങ്ങൾക്ക് മുമ്പ് നമ്മളെ വിട്ടുപോയ ഫുട്ബോൾ ഇതിഹാസത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കുകയാണ്.