” പിഎസ്ജി യുടെ ചാമ്പ്യൻസ് ലീഗ് കിരീട സ്വപ്നം നിറവേറ്റാൻ ഇനി ആരെ കൊണ്ട് വരണം ?”

ഖത്തർ കോടീശ്വരനായ നാസർ അൽ-ഖെലൈഫി ഫ്രഞ്ച് വമ്പന്മാരായ പാരീസ് സെന്റ് ജെർമെയ്ൻ ഏറ്റെടുത്തത് മുതൽ അവരുടെ ഏറ്റവും വലിയ ലക്ഷ്യം ചാമ്പ്യൻസ് ലീഗ് കിരീടമായിരുന്നു. ആഭ്യന്തര തലത്തിൽ നേടാവുന്ന എല്ലാ നേട്ടങ്ങളും അവർ സ്വന്തമാക്കിയെങ്കിലും യൂറോപ്യൻ കിരീടം മാത്രം അവരിൽ നിന്നും അകന്നു നിന്നു. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളെ വലിയ വില കൊടുത്ത് എത്തിച്ചെങ്കിലും കിരീടം മാത്രം അകന്നു നിന്നു. ഈ സീസണിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസ്സിയെ കൊണ്ട് വന്നെങ്കിലും നിരാശ തന്നെയായിരുന്നു ഫലം.

ലയണൽ മെസ്സി, കൈലിയൻ എംബാപ്പെ, നെയ്മർ എന്നിവരുടെ സ്റ്റാർ അറ്റാക്കിങ് ത്രിമൂർത്തിയുടെ നേതൃത്വത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത് എന്നാൽ പാതിവഴിയിൽ ഇടറിവീഴാനായിരുന്നു വിധി. ഇനി ഏത് കളിക്കാരനെ കൊണ്ട് വന്നാണ് പിഎസ്ജി ക്ക് കിരീടം നേടാൻ സാധിക്കുന്നത് ? എന്ന ചോദ്യമാണ് ഉയർന്നു വരുന്നത്. കഴിഞ്ഞ വർഷങ്ങളിൽ സെമിയിലും , ഫൈനലിലും എത്തി കിരീടത്തിന് അടുത്തെത്തിയതോടെ ടീം കൂടുതൽ ശക്തിപെടുത്തിയാൽ കിരീടം നേടാമെന്ന് അവർ കണക്കു കൂട്ടി.

ലയണൽ മെസ്സിയെ കൂടെ ടീമിൽ എത്തിച്ചപ്പോൾ ഈ സീസണിൽ കിരീടമുറപ്പിച്ച പോലെയാണ് അവർ മുന്നോട്ട് പോയത്. എന്നാൽ അവരുടെ യാത്ര റയലിന് മുന്നിൽ അവസാനിച്ചു. മെസ്സിക്കാവട്ടെ മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാനും സാധിച്ചില്ല.ലയണൽ മെസ്സിയുടെ വരവ് പി എസ് ജിക്ക് ഈ സീസണിൽ കാര്യമായ മുൻതൂക്കം എവിടെയും നൽകിയില്ല എന്നതും ഈ സീസണിലെ പി എസ് ജി പ്രകടനങ്ങൾ കാണിക്കുന്നു.

ഗ്രൂപ്പ് ഘട്ടങ്ങളിൽ മെസ്സി ഗോളുകൾ കണ്ടെത്തി മികവ് പുലർത്തി പ്രതീക്ഷ നൽകിയെങ്കിലും അത് മുന്നോട്ട് കൊണ്ട് പോവാൻ സാധിച്ചില്ല. ആദ്യ പാദത്തിൽ ലഭിച്ച പെനാൽറ്റി മെസ്സി നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു.പി.എസ്.ജി.ക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടുന്നതാണ് തന്റെ സ്വപ്നമെന്ന് താരം ക്ലബ്ബിലെത്തിയശേഷം ആദ്യ വാർത്ത സമ്മേളനങ്ങളിലൊന്നിൽ പറഞ്ഞിരുന്നു. കിരീടങ്ങൾ നേടാൻ കഴിയുന്ന ക്ലബ്ബിലാണ് എത്തിയതെന്നും നെയ്മർ, എംബാപ്പെ തുടങ്ങിയവർക്കൊപ്പമുള്ള കോംമ്പോ മികച്ചതാണെന്നും താരം അന്ന് പറയുകയും ചെയ്തിരുന്നു .

ഇത്രയധികം വമ്പൻ താരങ്ങൾ അണിനിരന്നിട്ടും എന്ത് കൊണ്ടാണ് പിഎസ്ജി ക്ക് ചാമ്പ്യൻസ് ലീഗിൽ മുന്നോട്ട് പോവാൻ സാധിക്കാത്തത് എന്ന ചോദ്യമാണ് ആരാധകർ മുന്നോട്ട് വെക്കുന്നത്. ഒന്നിൽ കൂടുതൽ സൂപ്പർ ഒരുമിച്ച് കൊണ്ട് പോവാൻ സാധിക്കാത്തതും പാരിസിനെ കാര്യമായി ബാധിക്കുകയും ചെയ്തു. പലപ്പോഴും ഒരു ടീമായി കളിക്കാൻ അവർക്ക് സാധിക്കാറില്ല. എന്തായാലും അടുത്ത സീസണിൽ പരിശീലകനടക്കം വലിയൊരു പൊളിച്ചെഴുത്ത് പിഎസ്ജി യിൽ ഉണ്ടാവും എന്ന കാര്യത്തിൽ സംശയമില്ല. ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി ഏതറ്റം വരെ പോവാനും പാരീസ് തയ്യാറായാണ്.