❝മെസ്സിയും അഗ്യൂറോയും ബാഴ്‌സലോണയിൽ ഒരുമിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് അർജന്റീനിയൻ സഹ താരം❞

അർജന്റീനിയൻ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയുടെയും സെർജിയോ അഗ്യൂറോയുടെയും ഭാവിയെക്കുറിച്ച് ധാരാളം അഭ്യൂഹങ്ങൾ നടക്കുന്നുണ്ട്. ഈ സീസൺ അവസാനത്തോടെ ഇരുവരുടെയും ക്ലബ്ബുകളായ ബാഴ്‌സലോണ, മാഞ്ചസ്റ്റർ സിറ്റി എന്നിവരായുള്ള കരാർ അവസാനിക്കും. ഈ സീസൺ അവസാനത്തോടെ മെസ്സി ബാഴ്സയിലെ തന്റെ ഭാവി തീരുമാനിക്കും എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മെസിയെ ബാഴ്സയിൽ നിലനിർത്താൻ തന്നെയാണ് പ്രസിഡന്റ് ലപോർട്ടയുടെ ശ്രമം. മെസ്സിയെ ബാഴ്സയിൽ നിലനിർത്താനായി ദേശീയ ടീമിലെ സഹതാരവും ഉറ്റ സുഹൃത്തുമായ അഗ്യൂറയെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ബാഴ്സ.

മെസ്സിക്കും അഗ്യൂറോക്കും ബാഴ്സലോണയുടെ ഒരുമിക്കാനുള്ള നല്ല അവസരമാണ് വന്നിരിക്കുന്നതെന്ന് ഇരുവരുടെയും അർജന്റീനിയൻ സഹ താരം പോളോ ഡിബാല പറഞ്ഞു. 10 വർഷം ക്ലബ്ബിൽ ചെലവഴിച്ചതിന് ശേഷം സീസണിന്റെ അവസാനത്തിൽ മാഞ്ചസ്റ്ററിന്റെ നീല ജേഴ്സിയിൽ നിന്നും പുറത്തു പോവാൻ ഒരുങ്ങുകയാണ് 32 കാരനായ അർജന്റീനിയൻ സ്‌ട്രൈക്കർ. മറുവശത്ത്, ബാഴ്‌സലോണയിലെ ലയണൽ മെസ്സിയുടെ ഭാവിയും സംശയത്തിലാണ്.സീസണിൽ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിന്റെ കയ്യിൽ 8-2 ന് തോറ്റതിന് ശേഷം ബാഴ്സലോണ വിട്ടുപോകാനുള്ള മെസ്സിയുടെ ആഗ്രഹം പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.


ഈ സീസൺ അവസാനത്തോടെ സെർജിയോ അഗ്യൂറോയെ ബാഴ്സ സ്വന്തമാക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് ഡിബാല.”അഗ്യൂറോ ഒരു പ്രത്യേക കഥാപാത്രമാണ്. അവൻ എങ്ങനെയാണെന്ന് ആളുകൾക്ക് അറിയാം, അദ്ദേഹം പിച്ചിലും പുറത്തും ഒരു പ്രതിഭാസമാണ്, അതിനു ഒരു മറു ചോദ്യവുമില്ല.”ട്വിച്ച് സ്ട്രീമർ ഇബായിയോട് സംസാരിക്കുമ്പോൾ യുവന്റസ് സ്‌ട്രൈക്കർ പറഞ്ഞു. അടുത്ത സീസണിൽ മെസ്സി ബാഴ്‌സലോണയിൽ തുടരുമെന്നും കൂടുതൽ കിരീടങ്ങൾ നേടുമെന്നും ഡിബാല പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിയിലെ ഒരു ആധുനിക ഇതിഹാസമാണ് സെർജിയോ അഗ്യൂറോ. 2011 ൽ ക്ലബ്ബിൽ ചേർന്നതിനുശേഷം ടീമിനായി 450 ൽ അധികം മത്സരങ്ങൾ കളിക്കുകയും 257 ഗോളുകൾ നേടുകയും ചെയ്തു.ഇത് ക്ലബിലെ എക്കാലത്തെയും റെക്കോർഡാണ്. 2012 ൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ പ്രീമിയർ ലീഗ് കിരീടം നേടുന്നതിനായി ക്യുപിആറിനെതിരെ നേടിയ ഗോൾ എന്നും ഓര്മിക്കപെടുന്നതാണ്.