ലോകകപ്പിൽ ഡീഗോ മറഡോണയുടെ ഗോൾ നേട്ടം മറികടന്ന് ലയണൽ മെസ്സി |Qatar 2022 |Lionel Messi

മിശിഹായുടെ ചിറകിൽ അർജന്റീന 2022 ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക്. ഓസ്‌ട്രേലിയയെ 2-1ന് പരാജയപ്പെടുത്തിയാണ് ആൽബിസെലെസ്റ്റെ ക്വാർട്ടറിൽ കടന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിലാണ് ലയണൽ മെസ്സിയുടെ അസാധാരണ പ്രകടനം കണ്ടത്. ആരാധകരെ ആവേശത്തിലാഴ്ത്തി മത്സരത്തിലെ ആദ്യ ഗോൾ നേടി അർജന്റീനയെ മുന്നിലെത്തിച്ചത് മെസ്സിയാണ്. ഇരുടീമുകളും വലിയ ആക്രമണങ്ങളൊന്നും നടത്താതിരുന്നപ്പോൾ ആദ്യ പകുതിയുടെ 35-ാം മിനിറ്റിൽ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി ആദ്യ ഗോൾ നേടി.

ഓസ്‌ട്രേലിയക്കെതിരെ നേടിയ ഗോളോടെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ റെക്കോർഡാണ് ലയണൽ മെസ്സി മറികടന്നത്. ഫിഫ ലോകകപ്പിൽ മറഡോണയുടെ ഗോൾ റെക്കോർഡാണ് ലയണൽ മെസ്സി മറികടന്നത്. ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി 8 ഗോളുകളാണ് മറഡോണ നേടിയത്. ഇപ്പോൾ 9 ഗോളുമായി മെസ്സി മറഡോണയെ മറികടന്നു. ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയ്ക്ക് ലോകകപ്പിൽ 10 ഗോളുകൾ ഉണ്ട്.തന്റെ പ്രൊഫഷണൽ കരിയറിലെ 1000-ാം മത്സരത്തിലാണ് മെസ്സി ഈ നേട്ടം കൈവരിച്ചത്.

ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ മെസ്സിയുടെ ആദ്യ ഗോൾ കൂടിയാണിത്. ഈ ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി മെസ്സി ഇതുവരെ 3 ഗോളുകൾ നേടിയിട്ടുണ്ട്. പ്രീക്വാർട്ടർ പോരാട്ടത്തിൽ ആത്മവിശ്വാസവുമായി ഇറങ്ങിയ ഓസീസ് മെസ്സിയുടെ മാന്ത്രിക ഷോട്ടിൽ അടിയറവ് പറയുകയായിരുന്നു. പിന്നീട് ഫുൾകോർട്ട് കളിച്ച മെസ്സിയെ തടയാൻ ഓസീസ് പ്രതിരോധം വിയർക്കുന്നത് നമുക്ക് കാണാൻ കഴിഞ്ഞു. 65-ാം മിനിറ്റിൽ ഓസീസ് ഗോൾകീപ്പറുടെ പിഴവ് മുതലാക്കി ജൂലിയൻ അൽവാരസ് അർജന്റീനയുടെ രണ്ടാം ഗോൾ നേടി.

രണ്ട് ഗോളുകൾക്ക് ശേഷം ഉണർന്ന് കളിച്ച ഓസ്‌ട്രേലിയ 77-ാം മിനിറ്റിൽ അർജന്റീനയുടെ വല കുലുക്കി. 25 വാര അകലെ നിന്ന് ഓസീസ് വിങ്ങർ ഗുഡ്‌വിന്റെ ഷോട്ട് അർജന്റീനൻ താരം എൻസോ ഫെർണാണ്ടസിന്റെ ദേഹത്ത് തട്ടി വലയിലെത്തി. ആൽബിസെലെസ്റ്റിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടം നെതർലൻഡുമായാണ്. അമേരിക്കയെ 3-1ന് പരാജയപ്പെടുത്തിയാണ് ഡച്ച് ടീം ക്വാർട്ടറിൽ കടന്നത്

Rate this post