ലയണൽ മെസ്സിയുടെ കരിയറിലെ ആദ്യ ബൈസിക്കിൾ കിക്ക് ഗോൾ |Lionel Messi

ഫ്രഞ്ച് ലീഗ് 1 ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ PSG ക്ലർമോണ്ട് ഫൂട്ടിനെ 5-0 ന് പരാജയപ്പെടുത്തി, സൂപ്പർ സ്‌ട്രൈക്കർമാരായ നെയ്‌മറും മെസ്സിയും ഗോളുകളും അസിസ്റ്റുകളുമായി കളത്തിൽ നിറഞ്ഞു കളിച്ചു.നെയ്മർ ഒരു ഗോളും മൂന്ന് അസിസ്റ്റും നേടിയപ്പോൾ മെസ്സിക്ക് രണ്ട് ഗോളും ഒരു അസിസ്റ്റും നേടി . രണ്ടാം പകുതിയിൽ ലയണൽ മെസ്സിയുടെ ബൈസിക്കിൾ കിക്ക് ഗോളാണ് മത്സരത്തിലെ ഹൈലൈറ്റ്.

അർജന്റീനിയൻ സഹതാരം പരേഡസിന്റെ മനോഹരമായ ലോംഗ് പാസ് സ്വീകരിച്ച മെസ്സി, പെനാൽറ്റി സ്പോട്ടിൽ നിന്ന് ബൈസിക്കിൾ കിക്കിലൂടെ ഗോളാക്കി മാറ്റി. ഇത് ലോകമെമ്പാടുമുള്ള മെസ്സി ആരാധകരെ ആവേശത്തിലാഴ്ത്തി. മത്സരത്തിന്റെ 86-ാം മിനിറ്റിലായിരുന്നു ഈ ഗോൾ. മത്സരത്തിലെ മെസ്സിയുടെ രണ്ടാം ഗോളായിരുന്നു ഇത്. നേരത്തെ, 80-ാം മിനിറ്റിൽ മെസ്സി തന്റെ ആദ്യ ഗോൾ നേടി. ആദ്യ പകുതിയിൽ നെയ്മറിനായി അർജന്റീനയുടെ സ്‌ട്രൈക്കറും തകർപ്പൻ അസിസ്റ്റ് നടത്തി.

കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയിൽ നിന്ന് പിഎസ്ജിയിലേക്ക് ഫ്രീ ട്രാൻസ്ഫറിൽ എത്തിയതു മുതൽ മെസ്സിക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. തന്റെ അരങ്ങേറ്റ സീസണിൽ ലീഗ് 1-ൽ സ്വാധീനം ചെലുത്താൻ അദ്ദേഹം പാടുപെട്ടു. കഴിഞ്ഞ സീസണിൽ ലീഗ് വണ്ണിൽ ആറ് ഗോളുകൾ മാത്രമാണ് താരത്തിന് നേടാനായത്. എന്നാൽ ഇപ്പോഴിതാ ഈ പുതിയ സീസണിൽ വലിയ നേട്ടങ്ങൾ മനസ്സിൽ വെച്ചാണ് മെസ്സി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വാരാന്ത്യത്തിൽ ട്രോഫി ഡെസ് ചാമ്പ്യൻസ് ഫൈനലിൽ നാന്റസിനെതിരെ പിഎസ്ജിയുടെ 4-0 വിജയത്തിലും മെസ്സി സ്കോർ ചെയ്തു.

സീസണിലെ ആദ്യ മത്സരത്തിലെ ഈ ഗംഭീര തുടക്കമാണ് സീസണിലുടനീളം ആരാധകർ മെസിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഈ സീസണിൽ രണ്ട് വലിയ ലക്ഷ്യങ്ങളാണ് മെസ്സിക്ക് മുന്നിലുള്ളത്. അഞ്ചാം ചാമ്പ്യൻസ് ലീഗും അർജന്റീനയ്‌ക്കൊപ്പം ലോകകപ്പും നേടുക എന്നതാണ് മെസ്സിയുടെ പ്രധാന ലക്ഷ്യങ്ങൾ. 35 കാരനായ മെസ്സിക്ക് സ്വന്തം രാജ്യത്തിനായി ലോകകപ്പ് ഉയർത്താനുള്ള അവസാന അവസരമാണ് ഖത്തർ ലോകകപ്പ്.