ആരാധരെ അമ്പരപ്പിച്ച മെസ്സിയുടെ ‘ഔട്ട്സൈഡ് ഓഫ് ദി ഫൂട്ട്’ ഗോളിന് യുവേഫയുടെ അംഗീകാരം |Lionel Messi

പാരീസ് സെന്റ് ജെർമെയ്ൻ സൂപ്പർ താരം ലയണൽ മെസ്സി ഇസ്രായേലി ക്ലബായ മക്കാബി ഹൈഫക്കെതിരെ നേടിയ സെൻസേഷണൽ സ്‌ട്രൈക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് ഗോൾ ഓഫ് ദ വീക്ക് ആയി തിരഞ്ഞെടുക്കപ്പെട്ടു. മാച്ച് ഡേ ത്രീയിൽ എസ്റ്റാഡിയോ ഡ ലൂസിൽ ബെൻഫിക്കക്കെതിരെ നേടിയ ഗോളിനും ഗോൾ ഓഫ് ദ വീക്ക് പുരസ്‌കാരം ലഭിച്ചിരുന്നു.

മക്കാബിക്കെതിരെ രണ്ടിനെതിരെ ഏഴു ഗോളുകൾക്ക് പിഎസ്‌ജി തകർത്തപ്പോൾ അതിൽ രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയ മെസ്സി മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.മത്സരത്തിന്റെ 19, 44 മിനിറ്റുകളിലായിരുന്നു മെസ്സി ഗോളുകൾ നേടിയത്.ലയണൽ മെസ്സി നേടിയ ആദ്യ ഗോൾ തന്നെ ഫുട്ബോൾ ആരാധകരെ അമ്പരപ്പിച്ചു. ബോക്‌സിനുള്ളിൽ നിന്ന് എംബാപ്പെയുടെ പാസ് വലത് കാൽ കൊണ്ട് സ്വീകരിച്ച മെസ്സി ഡിഫൻഡറെ കബളിപ്പിച്ച് ഇടതുകാലിന്റെ പുറകുവശം കൊണ്ട് മികച്ചൊരു ഷോട്ടിലൂടെ ഗോൾകീപ്പര്ക്ക് ഒരു അവസരം കൊടുക്കാതെ മക്കാബി വലയിൽ എത്തിക്കുകയായിരുന്നു.ലയണൽ മെസ്സി ഷോട്ട് എടുത്ത രീതി ഫുട്ബോൾ ആരാധകരെ അമ്പരപ്പിച്ചു.

ഈ ഗോളാണ് യുവേഫ ഗോൾ ഓഫ് ദി വീക്ക് ആയി തെരഞ്ഞെടുത്തത്. മത്സരത്തിൽ ലയണൽ മെസ്സി നേടിയ രണ്ടാം ഗോളും അതിമനോഹരമായിരുന്നു.രണ്ട് മക്കാബി ഹൈഫ ഡിഫൻഡർമാരെ മറികടന്ന് അർജന്റീനിയൻ സ്‌പേസ് കണ്ടെത്തി ബോക്‌സിന് പുറത്ത് നിന്ന് വലയുടെ താഴത്തെ മൂലയിലേക്ക് ഒരു ഷോട്ട് പായിച്ചു. ബോക്‌സിന് പുറത്ത് നിന്ന് മെസ്സിയുടെ ശക്തമായ ഇടംകാലൻ ഷോട്ട് മക്കാബി ഹൈഫ പ്രതിരോധക്കാരെയും ഗോൾകീപ്പറെയും കീഴടക്കി വലയിലെത്തി.ഫ്രാങ്ക്ഫർട്ട് vs മാഴ്സെ മത്സരത്തിൽ മാറ്റിയോ ഗുണ്ടോസി നേടിയ ഗോൾ,സാൽസ്ബർഗ് vs ചെൽസി മത്സരത്തിൽ കായ് ഹാവെർട്സ് നേടിയ ഗോൾ, ബെൻഫിക്ക vs യുവന്റസ് മത്സരത്തിൽ റാഫ സിൽവ നേടിയ ഗോൾ,ഇവകളോടായിരുന്നു ലയണൽ മെസ്സിയുടെ ഗോൾ മത്സരിച്ചിരുന്നത്.

ഈ സീസണിൽ മിന്നുന്ന ഫോമിലാണ് മെസ്സി കളിച്ചികൊണ്ടിരിക്കുന്നത്.ഈ സീസണിൽ ഇതുവരെ ക്ലബ്ബിനും രാജ്യത്തിനുമായി 15 ഗോളുകളും 12 അസിസ്റ്റുകളും ലയണൽ മെസ്സി നേടിയിട്ടുണ്ട്.ഇതിൽ നാല് ഗോളുകൾ അർജന്റീനയുടെ ദേശീയ ടീമിന് വേണ്ടി നേടിയതാണ്.ബാക്കിയുള്ള 11 ഗോളുകളും 12 അസിസ്റ്റുകളും പിഎസ്ജിയുടെ ജേഴ്സിയിൽ പിറന്നതുമാണ്. ഈ സീസണിലെ മികച്ച 5 യൂറോപ്യൻ ലീഗുകളിലെ കളിക്കാർക്കിടയിൽ എല്ലാ മത്സരങ്ങളിലും 10+ ഗോളുകളും 10+ അസിസ്റ്റുകളും നേടുന്ന ഒരേയൊരു കളിക്കാരനായി മെസ്സി മാറുകയും ചെയ്തു. 35 വയസ്സുള്ള മെസ്സി തന്റെ പ്രതാപകാലത്ത് ഓർമിപ്പിക്കും വിധമുള്ള പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ഫോം ഖത്തറിലും മെസ്സി തുടരും എന്ന വിശ്വാസത്തിലാണ് ആരാധകർ.

Rate this post