സ്കലോനിസം -❝അർജന്റീനയുടെ അപരാജിത കുതിപ്പ് തുടങ്ങിയിട്ട് മൂന്നു വർഷം ❞|Argentina

“അർജന്റീനയുടെ സ്ഥിതി മോശമാണ്, ടീം മോശമാണ്. ഈ ടീം നല്ലതല്ല. പദ്ധതിയില്ല, ഘടനയില്ല..” 2019 ൽ കോപ്പ അമേരിക്ക സെമി ഫൈനലിൽ ബ്രസീലിനോട് പരാജയപ്പെട്ട് അര്ജന്റീന ഫൈനൽ കാണാതെ പുറത്തായപ്പോൾ പരിശീലകൻ ലയണൽ സ്കെലോണിയും ,അര്ജന്റീന ടീമും ഏറ്റുവാങ്ങിയ വിമർശനമായിരുന്നു ഇത്.

പൊട്ടിക്കരയുന്ന അർജന്റീനിയൻ ആരാധകരെ നോക്കി ചിരവൈരികളായ ബ്രസീൽ ആരാധകർ അവസാനമായി പൊട്ടിച്ചിരിച്ച ദിവസം കൂടിയായിരുന്നു അത്.എന്നാൽ, പിന്നീട് കണ്ടത് ഫിനിക്സ് പക്ഷിയെ പോലെ ചാരത്തിൽ നിന്ന് ഉയർന്നുവരുന്ന അർജന്റീനയെ ആയിരുന്നു. ലയണൽ സ്കലോനി എന്ന അർജന്റീനക്കാരൻ മാനേജർക്ക് കീഴിൽ തോൽവിയറിയാതെ 33 മത്സരങ്ങൾ പിന്നിട്ട അർജന്റീനയെയാണ് ലോക ഫുട്ബോൾ ആരാധകർ സാക്ഷ്യം വഹിച്ചത്.അവസാനമായി തോൽവി അറിഞ്ഞത് ബ്രസീലുമായി 2019 ജൂലൈ 3 ന് നടന്ന കോപ്പ സെമിയിൽ.. അതിന് ശേഷം ബ്രസീലുമായി 3 തവണ ഏറ്റു മുട്ടിയപ്പോൾ രണ്ട് വിജയവും ഒരു സമനിലയും.33 കളികളായി അപരാജിത കുതിപ്പ് തുടരുന്ന അർജന്റീനക്ക് പൊൻ തൂവലായി കോപ്പ അമേരിക്ക കിരീടവും ഫൈനലിസ്സിമ കിരീടവും.

ഇപ്പോഴും തുടരുന്ന ഈ വിജയ യാത്രയിൽ 28 വർഷത്തെ അന്താരാഷ്ട്ര കിരീട വരൾച്ചക്ക് വിരാമമിട്ട അർജന്റീന, 2021 കോപ്പ അമേരിക്ക ജേതാക്കളായി, അതും ബദ്ധവൈരികളായ ബ്രസീലിനെ ഫൈനലിൽ പരാജയപ്പെടുത്തി.കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ട് പതിനൊന്നു മാസങ്ങൾ കഴിഞ്ഞപ്പോൾ മറ്റൊരു പ്രധാന കിരീടം കൂടി സ്വന്തമാക്കിയിരിക്കയാണ് അർജന്റീന. ഇപ്പോൾ അർജന്റീനക്കാർ ലക്ഷ്യം വെക്കുന്നത് ആറു മാസങ്ങൾക്ക് ശേഷം നടക്കാൻ പോവുന്ന ഖത്തർ ലോകകപ്പാവും.

അർജന്റീനയുടെ ഈ കുതിപ്പിന് പിന്നിൽ ലയണൽ സ്കെലോണി ർന്ന പരിശീലകന്റെ പങ്കു വിസ്മരിക്കാൻ സാധിക്കാത്തതാണ്. 2018 ലെ റഷ്യ വേൾഡ് കപ്പിലെ അർജന്റീനയുടെ മോശം പ്രകടനത്തിന് ശേഷമാണ് മുൻ ദേശീയ താരം കൂടിയായ സ്കെലോണി പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. അടുത്ത വര്ഷം നടന്ന കോപ്പ അമേരിക്ക ആയിരുന്നു സ്കെലോണിയുടെ ആദ്യ വലിയ ദൗത്യം. എന്നാൽ സെമിയിൽ തൊട്ട് പുറത്തായതോടെ വിമർശനവും ഏറ്റുവാങ്ങേണ്ടി വന്നു.എന്നാൽ മൂന്നാം സ്ഥതിനുള്ള മത്സരത്തിൽ ചിലിക്കെതിരായ 2-1 ന്റെ വിജയം പലതും ഉറപ്പിച്ചുള്ളതായിരുന്നു.

പിന്നീടങ്ങോട്ട് സൂപ്പർ താരം ലയണൽ മെസ്സിയെ മുൻനിർത്തിയുള്ള പദ്ധതികളുമായി മുന്നേറിയ സ്കെലോണി അത്ഭുതങ്ങൾ കാണിക്കുന്നത് കാണാൻ സാധിച്ചു. കളിക്കാരെ തെരഞ്ഞെടുക്കുന്നതിലും അവരെ ശെരിയായ സ്ഥലത്ത് വിന്യസിക്കുന്നതിലും അവരിൽ നിന്നും ഏറ്റവും മികച്ചത് എങ്ങനെ ലഭിക്കും എന്നതിലെല്ലാം അദ്ദേഹം തന്റെ മികവ് കാണിച്ചു. അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സിയുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ സ്കെലോണിയുടെ കീഴിലാണ് നമുക്ക് കാണാൻ സാധിച്ചത് . അതിന്റെ ഫലമായിരുന്നു കോപ്പ അമേരിക്ക . ഫൈനലിസിമ കിരീടങ്ങൾ.

ഒരു മികച്ച യൂണിറ്റായി ടീമിനെ കൊണ്ട് പോകുന്നു എന്നതും വിജയത്തിൽ പ്രധാനമായ കാര്യമാണ്. ഡീപോൾ , ഡി സെൽസോ , എമിലിയാണോ മാർട്ടിനെസ് ,താഗ്ലിഫിയോ , നിക്കോ മാർട്ടിനെസ് , റോമെറോ… തുടങ്ങിയ താരങ്ങളെ തേച്ചു മിനിക്കിയെടുത്ത പരിശീലകൻ അവരുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ അര്ജന്റീന ജേഴ്സിയിൽ കാണിച്ചു തരുകയും ചെയ്തു.കോപ്പ അമേരിക്കയിൽ എമിലിയാണോ മാർട്ടിനെസിന്റെ പ്രകടനം ഇതിനൊരു വലിയ ഉദാഹരണമാണ്. മുന്നേറ്റനിരയുടെ കരുതിനൊപ്പം പ്രതിരോഷത്തിലെ മികവും എടുത്തു പറയേണ്ടതാണ്.

തോൽവി അറിയാതെ മുന്നേറി കൊണ്ടിരിക്കുന്ന അവസാന 33 മത്സരങ്ങളിൽ 21മത്സരങ്ങളോളത്തിൽ അവർ ഗോൾ വഴങ്ങിയിട്ടില്ല എന്നത് പ്രധാനപ്പെട്ട കാര്യമാണ്.ഒത്തിണക്കത്തോടെ കളിക്കുന്ന താരങ്ങളും അവരുടെ ആത്മവിശ്വാസവും അതിനെയെല്ലാം നയിക്കാൻ ലയണൽ മെസിയെ പോലൊരു താരത്തിന്റെ സാന്നിധ്യവുമെല്ലാം ഖത്തർ ലോകകപ്പ് ലക്ഷ്യമിട്ട് തയ്യാറെടുക്കുന്ന ടീമുകൾക്ക് വലിയ ഭീഷണി തന്നെയാണ് ഉയർത്തുന്നത്.

പന്തിന്മേലും ആക്രമണത്തിലും പൂർണമായും ആധിപത്യം പുലർത്തുന്ന അർജന്റീനയെയാണ് കഴിഞ്ഞ കാലങ്ങളിൽ കാണാൻ സാധിക്കുന്നത്. സുന്ദര ഫുട്ബോളിനേക്കാൾ ഉപരി ഗോളടിക്കുക മത്സരം വിജയിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് അവർ മൈതാനത്ത് ഇറങ്ങുന്നത്. ഖത്തറിൽനടക്കുന്ന വേൾഡ് കപ്പിൽ ഇവരിൽ നിന്നും ആരാധകർക്ക് പലതും പ്രതീക്ഷിക്കാം.ഡീഗോ യുഗത്തിന് ശേഷം വീണ്ടുമൊരു ലോകകിരീടം അർജന്റീനയിൽ എത്തുന്നതിനായി നമുക്ക് കാത്തിരിക്കാം.