❝ടോപ് ഫോര്‍ പ്രതീക്ഷയ്ക്ക് തിരിച്ചടിയായി ലിവര്‍പൂളിന് സമനില; കിരീടം ഉറപ്പിക്കാനുള്ള അവസരം തുലച്ച് ബയേൺ; ഹാലണ്ടിന്റെ ഇരട്ട ഗോളിൽ ഡോർട്ട്മുണ്ട്❞

ഈ സീസണിലെ ആൻഫീൽഡിലെ മോശം പ്രകടനം തുടർന്ന് ലിവർപൂൾ. ഇന്ന് നടന്ന മത്സരത്തിൽ ന്യൂ കാസിൽ യുണൈറ്റഡ്‌ ലിവർപൂളിലെ സമനിലയിൽ പിടിച്ചു. ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിൽ പിരിയുകയായിരുന്നു. 91ആം മിനുട്ടിൽ ന്യൂകാസിലിന്റെ സമനില ഗോൾ നിഷേധിക്കപ്പെടുന്നതും അതിനു പിന്നാലെ 95ആം മിനുട്ടിൽ ന്യൂകാസിൽ അർഹിച്ച സമനില നേടുന്നതും ഒക്കെ ആവേശകരമായ നിമിഷങ്ങളാണ് ഫുട്ബോൾ പ്രേമികൾക്ക് സമ്മാനിച്ചത്.ത്സരം ആരംഭിച്ച് മൂന്നാം മിനുട്ടിൽ തന്നെ സലാ ലിവർപൂളിലെ മുന്നിലെത്തിച്ചു.ന്യൂകാസിൽ യുണൈറ്റഡ് ഡിഫൻസ് ഒരു ബോൾ ക്ലിയർ ചെയ്യുന്നതിൽ പരാജയപ്പെട്ടപ്പോൾ അവസരം മുതലെടുത്ത് സലാ ഇടം കാലു കൊണ്ട് ഒരു പവർഫുൾ ഷോട്ടിലൂടെ പന്ത് വലയിൽ കയറ്റുക ആയിരുന്നു‌.

ഈ ഗോളിന് ശേഷം നിരവധി അവസരങ്ങൾ ലിവർപൂളിന് ലഭിച്ചു എങ്കിലും ഒന്ന് പോലും വലയിൽ എത്തിയില്ല. സലായും, ജോട്ടയും, മാനെയും ഒക്കെ സുവർണ്ണാവസരങ്ങൾ ആണ് ഇന്ന് നഷ്ടപ്പെടുത്തിയത്. ന്യൂകാസിൽ ഗോൾ കീപ്പർ ഡുബ്രാക്കയും മികവ് പുലർത്തി.ഒരുപാട് അവസരങ്ങൾ നഷ്ടപ്പെടുത്തിയത് ലിവർപൂളിന് വിനയായി. 91ആം മിനുട്ടിൽ വിൽസൺ ന്യൂകാസിലിന് സമനില നൽകി. എന്നാൽ പന്ത് വിൽസന്റെ കയ്യിൽ തട്ടിയെന്ന് പറഞ്ഞ് ആ ഗോൾ നിഷേധിച്ചു. ആ വിധിയിൽ പതറാതെ പൊരുതിയ ന്യൂകാസിൽ കളിയിലെ അവസാന കിക്കിൽ 96ആം മിനുട്ടിൽ വില്ലോക്കിലൂടെ സമനില നേടി. സമനില ലിവർപൂളിന്റെ ടോപ് ഫോർ ഫിനിഷിങ്ങിന് തിരിച്ചടിയാവും.

ജർമൻ ബുണ്ടസ്‌ലീഗിൽ കിരീടം ഉറപ്പിക്കാൻ ഒരു ജയം മാത്രം അകലെയുള്ള ബയേൺ മ്യൂണിക്കിന് അപ്രതീക്ഷിത തോൽവി നേരിട്ടു. ഇന്ന് നടന്ന മത്സരത്തിൽ മെയിൻസാണ് ബയേണിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മെയിൻസിന്റെ വിജയം.ആദ്യ പകുതിയിൽ നേടിയ രണ്ടു ഗോളുകളാണ് മൈൻസിന് വിജയം നൽകിയത്. മൂന്നാം മിനുട്ടിൽ ബുർകാടും 37ആം മിനുട്ടിൽ കൈസണും മൈൻസിനായി ഗോളുകൾ നേടി.

90ആം മിനുട്ടിൽ ലെവൻഡോസ്കി ആണ് ബയേണിന്റെ ആശ്വാസ ഗോൾ നേടിയത്‌. 30 മത്സരങ്ങളിൽ 71 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് ബയേൺ ഇപ്പോഴും. രണ്ടാമതുള്ള ലൈപ്സിഗിനേക്കാൾ 10 പോയിന്റിന്റെ ലീഡ് ഇപ്പോൾ ബയേണ് ഉണ്ട്. ഇനി ലീഗിൽ അവശേഷിക്കുന്നത് ആകട്ടെ വെറും മൂന്ന് മത്സരങ്ങളാണ്. ലൈപ്സിഗ് നാളെ സ്റ്റുറ്റ്ഗർടിനോട് പരാജയപ്പെട്ടില്ല എങ്കിൽ ബയേണിന്റെ കിരീട നേട്ടത്തിനായി അടുത്ത വാരാന്ത്യം വരെ കാത്തു നിക്കേണ്ടി വരും.

മറ്റു മത്സരങ്ങളിൽ ഡോർട്ട്മുണ്ട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വോൾഫ്സ്ബർഗിനെ പരാജയപ്പെടുത്തി അടുത്ത അസീസണിലേക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യതക്കുള്ള പ്രതീക്ഷ വർധിപ്പിച്ചു. സൂപ്പർ സ്‌ട്രൈക്കർ ഏർലിങ് ഹാലാൻഡിന്റെ ഇരട്ട ഗോളുകളുടെ മികവിലായിരുന്നു ഡോർട്ട്മുണ്ടിന്റെ വിജയം. ഇന്ന് നേടിയ ഗോളുകളോടെ 25 ഗോളുമായി ടോപ് സ്‌കോറർ പട്ടികയിൽ ലെവെൻഡോസ്‌കിക്ക് പിന്നിൽ രണ്ടാമതാവാൻ ഹാലൻഡിനായി.