ഫിർമിനോയുടെ ഹാട്രിക്കിന്റെ ബലത്തിൽ തകർപ്പൻ ജയവുമായി ലിവർപൂൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ലിവർപൂളിന്റെ ഗംഭീര പ്രകടനങ്ങൾ തുടരുന്നു. ഇന്ന് വാറ്റ്ഫോർഡിനെ നേരിട്ട ലിവർപൂൾ വാറ്റ്ഫോർഡിനെ എതിരില്ലാത്ത അഞ്ച് ​ഗോളിന് തകർത്തു വിട്ടത്.ബ്രസീൽ താരം റോബെർട്ടോ ഫിർമീന്യോയുടെ ഹാട്രിക്കാണ് ലിവർപൂളിന് ഉജ്ജ്വലജയം സമ്മാനിച്ചത്.വാറ്റ്ഫോർഡ് പരിശീലകനായി ക്ലോഡിയോ റാനിയേരി എത്തിയശേഷം നടക്കുന്ന ആദ്യ മത്സരമായിരുന്നു ഇത്.

വാറ്റ്ഫോർഡിന്റെ ​ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിന്റെ ഒമ്പതാം മിനിറ്റിൽ തന്നെ സാദിയോ മാനെ ലിവർപൂളിനെ മുന്നിലെത്തിച്ചു. സെന​ഗലീസ് താരമായ മാനെയുടെ നൂറാം പ്രീമിയർ ലീ​ഗ് ​ഗോളായിരുന്നു ഇത്. 37ആം മിനുട്ടിൽ മിൽനറിന്റെ അസിസ്റ്റിൽ നിന്ന് ഒരു ടാപിന്നിലൂടെ ഫർമീനോ ലിവർപൂളിന്റെ ലീഡ് ഇരട്ടിയാക്കി.രണ്ടാം പകുതിയിൽ വാറ്റ്ഫോർഡിന്റെ ഗോൾകീപ്പർ ഫോസ്റ്ററിന്റെ പിഴവ് മുതലെടുത്ത് ഫർമീനോ വീണ്ടും ഗോൾ നേടി. 54ആം മിനുട്ടിൽ ആയിരുന്നു സലായുടെ ബൂട്ടിൽ നിന്ന് അത്ഭുത ഗോൾ വന്നത്.

വാറ്റ്ഫോർഡ് ഡിഫൻസിനെ ആകെ കബളിപ്പിച്ച് സലാ നേടിയ ഗോൾ കളിയിലെ തന്നെ ഏറ്റവും മികച്ച ഗോളായി. ഇത് തുടർച്ചയായ എട്ടാം മത്സരത്തിൽ ആണ് സലാ ഗോൾ നേടുന്നത്. മത്സരത്തിന്റെ അവസാന നിമിഷമാണ് ഫർമീനോ ഹാട്രിക്ക് പൂർത്തിയാക്കിയത്.ഈ വിജയത്തോടെ എട്ടു മത്സരങ്ങളിൽ 18 പോയിന്റുമായി ലിവർപൂൾ ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. ലിവർപൂൾ ലീഗിൽ ഇതുവരെ ഒരു പരാജയം പോലും വഴങ്ങിയിട്ടില്ല.ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ചാൽ ചെൽസിക്ക് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താം.

Rate this post