❝ലിവർപൂൾ 🔴🚩വെടിക്കെട്ട്, കിരീടം 🏆❤️ഉറപ്പിച്ച്
🔵 സിറ്റിയും🔴ബയേണും 🟡⚫ തോൽവിയുമായി ഡോർട്ട്മുണ്ട്❞

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തന്മാരുടെ പോരാട്ടത്തിൽ ലിവർപൂൾ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആഴ്‌സനലിനെ പരാജയപ്പെടുത്തി. പകരക്കാരനായ മികച്ച ഫോമിലുള്ള ഡിയോഗോ ജോട്ട രണ്ടു തവണ സ്കോർ ചെയ്തപ്പോൾ മൂന്നാം ഗോൾ മുഹമ്മദ് സലാ നേടി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 64 ആം മിനുട്ടിൽ പകരക്കാരനായ ഇറങ്ങിയ പോർച്ചുഗീസ് സ്‌ട്രൈക്കർ ജോട്ട ലിവർപൂളിനെ മുന്നിലെത്തിച്ചു.ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് പാസിൽ നിന്നായിരുന്നു ജോട്ടയുടെ ഗോൾ. 68 ആം മിനുട്ടിൽ മുഹമ്മദ് സലായിലൂടെ ലിവർപൂൾ സ്കോർ 2 -0 ആക്കി ഉയർത്തി. 82 ആം മിനുട്ടിൽ ജോട്ടയിലൂടെ ലിവർപൂൾ പട്ടിക തികച്ചു.30 മത്സരങ്ങളിൽ നിന്ന് 49 പോയിന്റുമായി ലിവർപൂൾ അഞ്ചാമതാണ് , 42 പോയിന്റുമായി ആഴ്സണൽ ഒമ്പതാം സ്ഥാനത്ത് തുടരുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സിറ്റി കിരീടത്തിന് തൊട്ടരികിൽ. ഇന്നലെ ലീഗിൽ മുന്നിലുള്ള ടീമുകളിൽ ഒന്നായ ലെസ്റ്റർ സിറ്റിയെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം സ്വന്തമാക്കി. രണ്ടാം പകുതിയിൽ 58ആം മിനുട്ടിൽ മെൻഡിയാണ് സിറ്റിക്ക് ലീഡ് നൽകിയത്.പിന്നീട് കളി നിയന്ത്രിച്ച സിറ്റി 74ആം മിനുട്ടിൽ ജീസുസിലൂടെ രണ്ടാം ഗോളും നേടി.ഈ വിജയത്തോടെ സിറ്റി 31 മത്സരങ്ങളിൽ 74 പോയിന്റുമായി കിരീടത്തിന് അടുത്ത് നിൽക്കുകയാണ്. രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കാൾ 17 പോയിന്റിന്റെ ലീഡ് സിറ്റിക്കുണ്ട്.

മറ്റൊരു മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡിനെ ലീഡ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.12ആം മിനുറ്റിൽ ഹരിസൺ ലീഡ്സിന് ലീഡ് നൽകിയത്. 45ആം മിനുട്ടിൽ ഒബ്സൊൺ ഷെഫീൽഡിന് സമനില നൽകി.രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജഗിയേൽകയുടെ ഒരു സെൽഫ് ഗോൾ ലീഡ്സിന് ലീഡ് തിരികെ നൽകി. ഈ ഗോൾ ലീഡ്സിന് വിജയവും നൽകി. ഈ വിജയത്തോടെ ലീഡ്സ് 42 പോയിന്റുമായി പത്താം സ്ഥാനത്ത് എത്തി.


ബുണ്ടസ് ലീഗയിൽ വീണ്ടും ജയവുമായി ബയേൺ മ്യൂണിക്ക്. എതിരില്ലാതെ ഒരു ഗോളിനാണ് ആർബി ലെപ്സിഗിനെ ബയേൺ പരാജയപ്പെടുത്തിയത്. തോമസ് മുള്ളറുടെ അസിസ്റ്റിൽ ലിയോൺ ഗോരെട്സ്കയാണ് ബയേണിന്റെ വിജയ ഗോൾ നേടിയത്. ഇന്നത്തെ ജയത്തോട് കൂടി ഏഴ് പോയന്റിന്റെ ലീഡാണ് ബയേൺ നേടിയത്. തുടർച്ചയായ ഒൻപതാം കിരീടത്തോട് അടുക്കുകയാണ് ബയേൺ മ്യൂണിക്ക്.യോഷ്വ കിമ്മിഷിന്റെ ലോങ്ങ് പാസ്സെടുത്ത മുള്ളർ ഗൊരെട്സ്കക്ക് ഗോളിനുള്ള വഴിയൊരുക്കി. രണ്ടാം പകുതിയിൽ മാറ്റങ്ങളുമായി ഇറങ്ങിയ നൈഗൽസ്മാന്റെ ലെപ്സിഗ് പ്രത്യാക്രമണം ശക്തമാക്കി. മാനുവൽ നുയർ വന്മതിലായി സീസണിലെ ഏഴാം ക്ലീൻ ഷീറ്റ് സൂക്ഷിച്ചപ്പോൾ പരാജയം ഏറ്റുവാങ്ങാനായിരുന്നു ലെപ്സിഗിന്റെ വിധി.

ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബൊറുസിയ ഡോർട്ട്മുണ്ടിനെ ഫ്രാങ്ക്ഫർട്ട് പരാജയപ്പെടുത്തിയത്. യൂറോപ്പിലെ ഗോൾഡൻ ബോയ് എർലിംഗ് ഹാളണ്ട് ഗോളടിക്കാൻ പരാജയപ്പെട്ട മത്സരത്തിൽ ആന്ദ്രെ സിൽവയുടെ 87ആം മിനുട്ട് ഗോളാണ് ഫ്രാങ്ക്ഫർട്ടിനെ ജയത്തിലേക്ക് നയിച്ചത്.തുടക്കം മുതൽ തന്നെ ബൊറുസിയ ഡോർട്ട്മുണ്ട് അക്രമിച്ച് കളിച്ചെങ്കിലും നികോ ഷൾസിന്റെ സെൽഫ് ഗോൾ ഡോർട്ട്മുണ്ടിന് വിനയായി.

ആദ്യ പകുതി അവസാനിക്കാനിരിക്കെ റുയിസിന്റെ കോർണർ ഗോളാക്കിമാറ്റി മാറ്റ്സ് ഹമ്മൽസ് സമനില ഗോൾ നേടി. പിന്നീട് ആന്ദ്രെ സിൽവയുടെ തകർപ്പൻ ഗോളിലൂടെ ഡോർട്ട്മുണ്ടിനെ ഫ്രാങ്ക്ഫർട്ട് വീഴ്ത്തുകയായിരുന്നു. ഈ സീസണിലെ 22ആം ഗോളാണ് സിൽവ ഇന്ന് നേടിയത്. ഈ ജയത്തോട് കൂടി 50 പോയന്റുമായി നാലാം സ്ഥാനത്താണ് ഫ്രാങ്ക്ഫർട്ട്. അഞ്ചാം സ്ഥാനത്തുള്ള ബൊറുസിയ ഡോർട്ട്മുണ്ടിനെ 7 പോയന്റ് പിന്നിലാക്കാനും ഫ്രാങ്ക്ഫർട്ടിനായി.