“ആൻഫീൽഡിൽ ലിവർപൂളിനെ പിടിച്ചു കെട്ടി ടോട്ടൻഹാം : അവസാന മിനുട്ടിലെ ഗോളിൽ ബാഴ്സലോണ : ദയനീയം മാഞ്ചസ്റ്റർ യുണൈറ്റഡ് : മോശം പ്രകടനം തുടർന്ന് ചെൽസി”

പ്രീമിയർ ലീഗ് കിരീടത്തിനായുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോരാട്ടത്തിൽ ലിവർപൂളിന് തിരിച്ചടി. റെഡ്സിനെ ആൻഫീൽഡിൽ ടോട്ടൻഹാം സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ നേടി. കളിയുടെ ഒഴുക്കിന് വിപരീതമായി 56 ആം മിനിറ്റിൽ സോൻ ടോട്ടൻഹാമിനെ മുന്നിൽ എത്തിച്ചു. എന്നാൽ, അധികം വൈകാതെ തകർപ്പൻ ലോങ് റേഞ്ചറുമായി ലൂയിസ് ഡിയാസ് ലിവർപൂളിന്റെ രക്ഷകനായി.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം ടോട്ടൻഹാം ആണ് ലിവർപൂളിനെ ഞെട്ടിച്ചു മത്സരത്തിൽ മുന്നിൽ എത്തിയത്. 56 മത്തെ മിനിറ്റിൽ ടോട്ടൻഹാം മത്സരത്തിൽ മുന്നിലെത്തി. കെയിനിൽ നിന്നു ലഭിച്ച ബോളിൽ നിന്നു റയാൻ സെസഗ്നോൻ നൽകിയ ലാസിൽ നിന്നു സോൺ ആണ് അവർക്ക് ആയി ഗോൾ നേടി നൽകിയത്.സീസണിൽ ലീഗിൽ സോൺ നേടുന്ന ഇരുപതാം ഗോൾ ആയിരുന്നു ഇത്. ബെയിലിന് ശേഷം പെനാൾട്ടികൾ ഇല്ലാതെ ടോട്ടൻഹാമിനു ആയി പ്രീമിയർ ലീഗിൽ 20 ഗോളുകൾ നേടുന്ന രണ്ടാമത്തെ താരം ആയി ദക്ഷിണ കൊറിയൻ താരം.

മൂന്ന് മത്സരങ്ങൾ മാത്രം ശേഷിക്കെ, 22 ഗോളുമായി ലിവർപൂൾ താരം മൊഹമ്മദ് സലായാണ് സീസണിലെ പ്രീമിയർ ലീഗ് ഗോൾ വേട്ടയിൽ മുന്നിൽ.74 മത്തെ മിനിറ്റിൽ പക്ഷെ ലിവർപൂൾ സമനില ഗോൾ കണ്ടത്തി. തിയാഗോയുടെ പാസിൽ നിന്നു ലൂയിസ് ഡിയാസിന്റെ ഷോട്ട് ബെന്റക്കറിന്റെ ദേഹത്ത് തട്ടി ഗോൾ ആയതോടെ ലിവർപൂൾ സമനില നേടി. മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരു മത്സരം കൂടുതൽ കളിച്ച ലിവർപൂൾ 83 പോയിന്റ് നേടി ഒന്നാം സ്ഥാനത്താണ്, സിറ്റിക്കും 83 പോയിന്റ് ആണുള്ളത്.

സ്പാനിഷ് ലാ ലീഗയിൽ ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റിയൽ ബെറ്റിസിനെ പരാജയപ്പെടുത്തി ബാഴ്സലോണ.ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 75 മിനിറ്റിനു ശേഷമാണ് ഗോളുകൾ പിറന്നത്. 76 മത്തെ മിനിറ്റിൽ പകരക്കാനായി ഇറങ്ങി ഒരു മിനിറ്റിനുള്ളിൽ തന്റെ തിരിച്ചു വരവിൽ അനസു ഫാത്തി ഗോൾ കണ്ടത്തി.എന്നാൽ നാലു മിനിറ്റിനുള്ളിൽ ബെറ്റിസ് മത്സരത്തിൽ തിരിച്ചു വന്നു. നബീൽ ഫെകീറിന്റെ ഫ്രീകിക്കിൽ നിന്നു ഹെഡറിലൂടെ മുൻ ബാഴ്‌സലോണ പ്രതിരോധ താരം മാർക് ബാർത്രയാണ് ബെറ്റിസിന് സമനില ഗോൾ നൽകിയത്. സമനിലയിലേക്ക് പോകും എന്നു തോന്നിയ മത്സരത്തിൽ ഡാനി ആൽവസിന്റെ പാസിൽ നിന്നു ഇഞ്ച്വറി സമയത്ത് 94 മത്തെ മിനിറ്റിൽ ജോർഡി ആൽബ വളരെ മികച്ച വോളിയിലൂടെ ബാഴ്‌സലോണക്ക് വിജയം സമ്മാനിക്കുക ആയിരുന്നു. ലീഗിൽ രണ്ടാം സ്ഥാനത്തുള്ള സാവിയുടെ ടീമിന് ഇതോടെ 69 പോയിന്റായി.

പ്രീമിയർ ലീഗിൽ ദയനീയ പ്രകടനവുമായി വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ്. ബ്രൈട്ടന് മുന്നിൽ കളി മറന്ന യുണൈറ്റഡ് മറുപടിയില്ലാത്ത നാല് ഗോളിനാണ് തകർന്ന് തരിപ്പണമായത്. ബ്രൈറ്റണ് വേണ്ടി കയ്സെടോ,കുകുരെല,പാക്സൽ ഗ്രോബ്,ലിയഡ്രോ ട്രോസർഡ് എന്നിവർ ഗോളടിച്ചു.കൂടുതൽ ഗോളുകൾ വഴങ്ങുന്നതിൽ നിന്ന് ഭാഗ്യം കൊണ്ട് മാത്രമാണ് റാൽഫ് റാംഗ്നിയിക്കിന്റെ ടീം രക്ഷപ്പെട്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിന്റെ ഏകോപന കുറവ് മുതലെടുത്ത്‌ കിട്ടിയ അവസരങ്ങൾ ബ്രൈട്ടൻ നന്നായി മുതലാക്കുകയായിരുന്നു.സീസണിൽ ഒരു മത്സരം മാത്രം ബാക്കി നിൽക്കെ 58 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാം സ്ഥാനത്ത് തുടരുകയാണ്. ഇതോടെ യുണൈറ്റഡിന്റെ ചാമ്പ്യൻസ്‌ ലീഗ് യോഗ്യതാ മോഹങ്ങൾ പൂർണമായും അവസാനിച്ചു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോയിന്റുമായി ചെകുത്താൻമാർ പ്രീമിയർ ലീഗിലെ ഈ സീസൺ അവസാനിപ്പിക്കേണ്ടി വരുമെന്ന കാര്യത്തിലും തീരുമാനമായി.ഈ തോൽവിയോടെ ചാമ്പ്യൻസ് ലീഗ് മോഹങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് അവസാനിപ്പിക്കാം. യൂറോപ്പയിലോ കോൺഫറൻസ് ലീഗിലോ യുണൈറ്റഡിനെ കാണാം.

പ്രീമിയർ ലീഗിൽ അവസാന നിമിഷം ജയം കൈവിട്ട് ചെൽസി. കളി തീരാൻ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ സ്റ്റോപ്പേജ് ടൈമിൽ കോണോർ കോഡി നേടിയ ഗോളിൽ വോൾവ്സ്‌ ചെൽസിയെ 2-2ന് സമനിലയിൽ തളച്ചു. പ്രീമിയർ ലീഗിൽ കഴിഞ്ഞ ഡിസംബറിന് ശേഷം ആദ്യമായി സ്‌കോർ ചെയ്ത റൊമേലു ലുകാകു രണ്ട് ഗോളുകളുമായി വീണ്ടും ഫോമിൽ എത്തിയെങ്കിലും ടീം ജയം കൈവിട്ടത് നിരാശ പടർത്തി. മത്സരത്തിന്റെ 56ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ ലുകാകു കളിയിലെ ആദ്യ ഗോളടിച്ചു. ലുകാകു രണ്ട് മിനിറ്റിനകം ബോക്സിന് പുറത്ത് നിന്നുള്ള തകർപ്പൻ ഷോട്ടിലൂടെ രണ്ടാം ഗോൾ സ്വന്തമാക്കി. 79 ആം മിനിറ്റിൽ ട്രിങ്കാവോയാണ് വോൾവ്സിന്റെ തിരിച്ചുവരവിന് വഴിവെച്ച ആദ്യ ഗോൾ മടക്കിയത്. മൂന്ന് മത്സരങ്ങൾ മാത്രം അവശേഷിക്കെ, 67 പോയിന്റുമായി ചെൽസി മൂന്നാം സ്ഥാനത്ത് തുടരുകയാണ്. സ്റ്റാംഫോഡ് ബ്രിഡ്ജിൽ ചെൽസിയെ തളച്ച വോൾവ്സ് 50 പോയിന്റുമായി ലീഗിൽ ഏട്ടാമതാണ്.