വിറപ്പിച്ചെങ്കിലും ചാമ്പ്യന്മാർക്ക് മുൻപിൽ കീഴടങ്ങി ലീഡ്സ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ആദ്യ ദിവസത്തിൽ ഫുട്ബോൾ വിരുന്നായിരുന്നു ആൻഫീൽഡിൽ കണ്ടത്. പ്രീമിയർ ലീഗ് നിലവിലെ ചാമ്പ്യന്മാരും ,ലീഗിലേക്ക് കയറ്റം കിട്ടി വന്ന ലീഡ്‌സും തമ്മിലുള്ള മത്സരം ഓരോ നിമിഷവും ആക്രമണവും പ്രത്യാക്രമണവും നിറഞ്ഞതായിരുന്നു. ഈജിപ്ഷ്യൻ സൂപ്പർ താരം സലായുടെ ഹാട്രിക്കിന്റെ മികവിൽ 4-3 എന്ന സ്കോറിനാണ് ലിവർപൂൾ ഇന്ന് വിജയിച്ചത്. ചാമ്പ്യന്മാർക്കെതിരെ കളിക്കുന്നത് എന്ന് പോലും നോക്കാതെയാണ് ബിയേൽസയുടെ കുട്ടികൾ കളി തുടങ്ങിയത്.

മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ ലീഡ്സ് ഗോൾ വഴങ്ങി. സലയുടെ ഒരു ഷോട്ട് ഹാൻഡ് ബോൾ ആയപ്പോൾ ലഭിച്ച പെനാൾട്ടി ആയിരുന്നു ലിവർപൂളിന് ലീഡ് നൽകിയത്. സലാ തന്നെ പന്ത് വലയിൽ എത്തിച്ചു. . എന്നാൽ പിന്നീട് കണ്ടത് അർജന്റീന തന്ത്രശാലി ബിയെൽസയുടെ മാജിക്ക് ആയിരുന്നു.12ആം മിനുട്ടിൽ തന്നെ ലീഡ്സ് സമനില തിരിച്ചുപ്പിടിച്ചു. ഇടതു വിങ്ങിൽ അർനോൾഡിനെ വട്ടം കറക്കി കുതിച്ച് ജാക്ക് ഹാരിസൺ ആണ് ലീഡ്സിന്റെ സമനില ഗോൾ നേടിയത്. 20ആം മിനുട്ടിൽ ലിവർപൂൾ വീണ്ടും ലീഡ് എടുത്തു. റൊബേർട്സന്റെ കോർണറിൽ നിന്ന് ഒരു ബുള്ളറ്റ് ഹെഡറിലൂടെ വാൻ ഡൈക് ആണ് ലിവർപൂളിന്റെ രണ്ടാം ഗോൾ നേടിയത്. 30ആം മിനുട്ടിൽ ബാംഫോർഡിന്റെ വക ആയിരുന്നു ലീഡ്സിന്റെ രണ്ടാം സമനില ഗോൾ. വാൻ ഡൈകിന്റെ ഒരു പിഴവ് മുതലെടുത്തായിരുന്നു ആ ഗോൾ. ലിവർപൂൾ നിമിഷങ്ങൾക്ക് അകം അതിന് മറുപടി കൊടുത്തു.

33ആം മിനുട്ടിൽ സലായുടെ വക ആയിരുന്നു ലിവർപൂളിന്റെ മൂന്നാം ഗോൾ. സലായുടെ പവർഫുൾ ഷോട്ട് തേടാൻ പോലും ലീഡ്സിന്റെ കീപ്പർക്ക് ആയില്ല. ഇത്തവണ ലിവർപൂളിന്റെ ലീഡ് കുറച്ച് സമയം നീണ്ടു നിന്നു. രണ്ടാം പകുതിയിൽ 66ആം മിനുട്ടിൽ ക്ലിക്ക് വേണ്ടി വന്നു മൂന്നാം തവണ അലിസണെ പരാജപ്പെടുത്താൻ‌. ക്ലിക്കിന്റെ ഗോളോടെ മത്സരം 3-3 എന്നായി. പിന്നീട് ഇരുടീമുകളും വിജയ ഗോളിനായുള്ള പോരാട്ടമായിരുന്നു. 88ആം മിനുട്ടിൽ ആ വിജയ ഗോൾ ലിവർപൂളിന് ലഭിച്ചു. ഫബിനോയെ വീഴ്ത്തിയതിന് മത്സരത്തിലെ രണ്ടാം പെനാൾട്ടി. വീണ്ടും കിക്ക് എടുത്ത സലാ വീണ്ടും ലക്ഷ്യം കണ്ടു. സലാ തന്റെ ഹാട്രിക്കും ലിവർപൂളിന്റെ വിജയവും പൂർത്തിയാക്കി.