❝വമ്പൻ തിരിച്ചുവരവിനൊരുങ്ങി ഡോർട്ട്മുണ്ടും ,ലിവർപൂളും ; സെമി ഉറപ്പിക്കാൻ റയലും സിറ്റിയും❞

ചാമ്പ്യൻസ് ലീഗിൽ ഇന്ന് യൂറോപ്പിലെ വമ്പന്മാരായ റയൽ മാഡ്രിഡും ലിവർപൂളും ഒരിക്കൽ കൂടെ നേർക്കുനേർ വരികയാണ്. മാഡ്രിഡിൽ നടന്ന ആദ്യ പാദ മത്സരത്തിൽ റയൽ മാഡ്രിഡ് 3-1ന് വിജയിച്ചിരുന്നു. എങ്കിലും ഒരു എവേ ഗോൾ നേടിയത് ക്ലോപ്പിന്റെ ടീമിന് പ്രതീക്ഷ നൽകും. ഇന്ന് ആൻഫീൽഡിൽ 2-0ന്റെ വിജയം നേടിയാൽ ലിവർപൂളിന് സെമിയിലേക്ക് മുന്നേറാൻ കഴിയും. ആൻഫീൽഡിൽ അടുത്തിടെ ആയി ലിവർപൂളിന് അത്ര നല്ല പ്രകടനങ്ങൾ നടത്താൻ ആയിട്ടില്ല. ഇന്ന് റയലിനെ മറികടന്നാൽ ആൻഫീൽഡ് ഇപ്പോഴും ലിവർപൂളിന്റെ കോട്ട തന്നെയാണ് എന്ന് തെളിയിക്കാൻ ക്ലോപ്പിന്റെ ടീമിനാകും. റയലിന് ഇപ്പോഴും പ്രധാന താരങ്ങൾ അവർക്ക് ഒപ്പം ഇല്ല. റാമോസ്, വരാനെ, ഹസാർഡ് എന്നിവർ ഒന്നും ഇന്ന് ടീമിനൊപ്പം ഇല്ല. എങ്കിലും ഇവരൊന്നും ഇല്ലാതെ തന്നെ ഗംഭീര ഫോമിലാന് റയൽ ഉള്ളത്.

എൽ ക്ലാസിക്കോയിൽ ബാഴ്‌സയെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് റയൽ ഇറങ്ങുന്നത്. മോഡ്രിച്, ക്രൂസ് ,കാസീമിറോ മിഡ്ഫീൽഡ് ത്രയത്തിന്റെ മികച്ച ഫോം റയലിന് മുൻ‌തൂക്കം നല്കുന്നുണ്ട്. ആസ്റ്റൺ വില്ലക്കെതിരെ സ്വന്തം മൈതാനത്തു നേടിയ വിജയത്തോടെയാണ് ലിവർപൂൾ റയലിനെ നേരിടുന്നത്. ഡിസംബർ 16 ന് ശേഷം ആൻഫീൽഡിൽ നടന്ന ആദ്യ വിജയമായിരുന്നു ഇത്. ലിവർപൂളും റയൽ മാഡ്രിഡും ഇന്നുവരെ ഏഴു തവണ ഏറ്റുമുട്ടിയിട്ടുണ്ട് . റയൽ മാഡ്രിഡ് നാല് മത്സരങ്ങളും ലിവർപൂൾ മൂന്ന് മത്സരങ്ങളും ജയിച്ചു.ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുക.

ലിവർപൂൾ സാധ്യത ഇലവൻ (4-3-3): അലിസൺ ബെക്കർ; ആൻഡ്രൂ റോബർ‌ട്ട്സൺ, ഓസൻ കബാക്ക്, നഥാനിയൽ ഫിലിപ്സ്, ട്രെന്റ് അലക്സാണ്ടർ-അർനോൾഡ്; ഫാബിൻ‌ഹോ, ജോർ‌ജീനിയോ വിജ്നാൽ‌ഡും, തിയാഗോ അൽകന്റാര; സാദിയോ മാനെ, ഡിയോഗോ ജോത, മുഹമ്മദ് സലാ.
റയൽ മാഡ്രിഡ് സാധ്യത ഇലവൻ (4-3-3): കോർട്ടോയിസ്; ഫെർലാൻഡ് മെൻഡി, നാച്ചോ, റാഫേൽ വരാനെ, അൽവാരോ ഒഡ്രിയോസോള; കാസെമിറോ, ലൂക്ക മോഡ്രിക്, ടോണി ക്രൂസ്; മാർക്കോ അസെൻസിയോ, വിനീഷ്യസ് ജൂനിയർ, കരീം ബെൻസെമ

മറ്റൊരു ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റി ബൊറൂഷ്യ ഡോർട്മുണ്ടിനെ നേരിടും. ആദ്യ പാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചിരുന്നു. മത്സരം തോറ്റെങ്കിലും ആവേ ഗോളിന്റെ ആനുകൂല്യത്തിലാണ് ഡോർട്മുണ്ട് ഇന്നിറങ്ങുന്നത്. ബോറുസിയ ഡോർട്മണ്ട് എല്ലാ മത്സരങ്ങളിലും തങ്ങളുടെ അവസാന അഞ്ച് കളികളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. ബുണ്ടസ് ലീഗിൽ സ്റ്റട്ട്ഗാർട്ടിനെതിരെ 3-2ന് നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഡോർട്മുണ്ട് ഇറങ്ങുന്നത്. ലീഡ്സ് യൂണൈറ്റഡിനോടേറ്റ തോൽവിയുടെ പശ്ചാത്തലത്തിലാണ് സിറ്റി ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.ഡോർട്മുണ്ട് സൂപ്പർ താരം ജഡൻ സാഞ്ചോ ഇന്ന് കളിക്കില്ല .മറ്റൊരു സ്‌ട്രൈക്കർ മാർകോ റിയൂസ് കളിക്കുന്ന കാര്യം സംശയമാണ്.

ബോറുസിയ ഡോർട്മണ്ട് സാധ്യത ഇലവൻ (4-3-3): മാർവിൻ ഹിറ്റ്സ്; റാഫേൽ ഗ്വെറോ, മാറ്റ്സ് ഹമ്മൽസ്, മാനുവൽ അകാഞ്ചി, മാത്യു മോറി; തോമസ് ഡെലാനി, മഹമൂദ് ദാഹൂദ്, ജൂഡ് ബെല്ലിംഗ്ഹാം; അൻസ്‌ഗാർ നോഫ്, ജിയോവന്നി റെയ്‌ന, എർലിംഗ് ഹാലാൻഡ്.
മാഞ്ചസ്റ്റർ സിറ്റി സാധ്യത ഇലവൻ (4-3-3): എഡേഴ്സൺ; ജോവ കാൻസലോ, ജോൺ സ്റ്റോൺസ്, റൂബൻ ഡയസ്, കെയ്‌ൽ വാക്കർ; റോഡ്രി, ഇൽകെ ഗുണ്ടോഗൻ, കെവിൻ ഡി ബ്രൂയിൻ; ഫിൽ ഫോഡൻ, റിയാദ് മഹ്രെസ്, ഗബ്രിയേൽ ജീസസ്