പരീക്ഷയിൽ വൻ തട്ടിപ്പ് നടത്തിയ ബാഴ്സലോണ താരം വിവാദത്തിൽ

ബാഴ്സലോണയുടെ ഉറുഗ്വൻ സ്‌ട്രൈക്കർ ലൂയിസ് സുവാരസ് ഇറ്റാലിയൻ പാസ്പോര്ട്ട് സ്വന്തമാക്കുന്നതിനായി നടത്തിയ ഭാഷ പരീക്ഷയിൽ വൻ തട്ടിപ്പ് നടത്തിയതായി റിപോർട്ടുകൾ.ഇറ്റാലിയൻ ക്ലബ് യുവന്റസിൽ ചേരുന്നതിനായാണ് താരം ഇറ്റാലിയൻ പാസ്സ്പോർട്ടിന് അപേക്ഷിച്ചത്. എന്നാൽ പരീക്ഷയുടെ ചോദ്യങ്ങളെ കുറിച്ച് സുവാരസിന് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നുവെന്നും ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ സീസണിൽ ബാഴ്സലോണ വിടാൻ തീരുമാനിച്ച 33 കാരൻ യുവന്റസിൽ ചേരുന്നതിന്റെ ആദ്യ പടിയായാണ് ഇറ്റാലിയൻ ഭാഷ പരീക്ഷക്കെത്തിയത്. കഴിഞ്ഞയാഴ്ച ഇറ്റലിയിലെ പെരുജിയയിൽ വെച്ചായിരുന്നു പരീക്ഷ. എന്നാൽ പരീക്ഷയിൽ സുവാരസ് വിജയിച്ചിരുന്നുവെന്നും കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു. എന്നാൽ ഈ പരീക്ഷയിൽ ക്രമക്കേട് നടന്നിരുന്നുവെന്നും പരീക്ഷക്ക് മുൻപ് സുവാരസിന് ചോദ്യങ്ങൾ കിട്ടിയിരുന്നെന്നും ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിൽ ഇറ്റാലിയൻ പാസ്പോര്ട്ട് വിഷയത്തിൽ സുവാരസിന് നേരെ വിമര്ശനം ഉയർന്നിരുന്നു. മറ്റുള്ളവരുടെ പരീക്ഷ ഫലം വരാൻ മാസങ്ങൾ എടുക്കുമ്പോൾ സുവാരസിന്റെ പരീക്ഷാഫലം 15 ദിവസത്തിനുള്ളിൽ താരത്തിന് പാസ്പോര്ട്ട് അനുവദിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായി ആക്ഷേപമുയർന്നിരുന്നു.