❝ ബാഴ്‌സയുടെ 💔😥ദുഃഖ സ്വപ്നവും
അത്‍ലറ്റിക്കോയുടെ 👑🏆 യാഥാർഥ്യവും ❞

സ്പാനിഷ് ലാ ലീഗായിൽ അവസാന മിനുട്ട് വരെ ആവേശം നിറഞ്ഞു നിന്നതിനു ശേഷമാണ് ബാഴ്സലോണയുടെയും ,റയൽ മാഡ്രിഡിന്റെയും കുത്തക അവസാനിപ്പിച്ച് അത്ലറ്റികോ മാഡ്രിഡ് കിരീടം ചൂടിയത്.പരിശീലകൻ സിമിയോണിയുടെ തന്ത്രങ്ങളും സുവാരസിന്റെ ഗോൾ സ്കോറിങ്ങും ഒരു പിടി യുവ താരങ്ങളുടെ സ്ഥിരതയാർന്ന പ്രകടനവുമാണ് അത്ലറ്റികോയുടെ കിരീട നേട്ടത്തിന് പിന്നിൽ .ഡീ​ഗോ സിമിയോണി പരിശീലകനായി ചുമതയലേറ്റശേഷം ഇത് രണ്ടാം തവണയാണ് അത്ലെറ്റിക്കോ മഡ്രിഡ് ലാ ലി​ഗ കിരീടം ചൂടുന്നത്.

ഈ രണ്ട് കിരീടനേട്ടങ്ങൾക്കും ഒരു പ്രത്യേകതയുണ്ട്. തൊട്ടുമുന്നിലെ സീസണിന് ശേഷം ബാഴ്സലോണ വിറ്റൊഴിവാക്കിയ രണ്ട് താരങ്ങളാണ് അത്ലെറ്റിക്കോയുടെ കരീടനേട്ടത്തിൽ നിർണായകമായതെന്നതാണ് ആ പ്രത്യേകത. ഡേവിഡ് വിയ്യയും ലൂയിസ് സുവാരസുമാണവർ.2013-14 സീസൺ തുടങ്ങും മുമ്പാണ് ബാഴ്സ വിയ്യയെ അത്ലെറ്റിക്കോയ്ക്ക് വിറ്റത്. ആറ് ദശലക്ഷം യൂറോയിൽ താഴെ ട്രാൻസ്ഫർ തുകയ്ക്കാണ് അന്ന് ബാഴ്സ വിയ്യയെ വിറ്റത്. സൂപ്പർകോപ്പ എസ്പാന ആദ്യ പാദത്തിൽ ബാഴ്സയ്ക്കെതിരെ തന്നെ ​ഗോളടിച്ചുകൊണ്ടാണ് വിയ്യ അത്ലെറ്റിക്കോയ്ക്കായി അരങ്ങേറിയത്. തുടർന്ന് ലാ ലി​ഗയിൽ അത്ലെറ്റിക്കോയ്ക്കായി 13 തവണ വിയ്യ നിറയൊഴിച്ചു. 1996-ന് ശേഷം അത്ലെറ്റിക്കോയെ ആദ്യമായി കിരീടത്തിലേക്കെത്തിക്കാൻ ആ ​ഗോളുകൾ സഹായിച്ചു. ചാമ്പ്യൻസ് ലീ​ഗ് ഫൈനൽ വരെയുള്ള അത്ലെറ്റിക്കോയുടെ കുതിപ്പിലും വിയ്യ നിർണായക സാന്നിധ്യമായി.

സുവാരസിന്റെ കാര്യത്തിലും സംഭവിച്ചത് ഇത് തന്നെ. റൊണാൾഡ് കോമാൻ ഇക്കുറി ബാഴ്സ പരിശീലകനായെത്തിയതോടെ തന്റെ പദ്ധതികളിൽ സുവാരസിനെ ഇടമില്ലെന്ന് തീരുമാനിച്ചു. ഇതോടെ ക്ലബിന്റെ എക്കാലത്തേയും മികച്ച ​ഗോൾവേട്ടക്കാരിലൊരാളായ സൂവരാസ് ക്ലബ് വിട്ടു. നിസാരമായ ട്രാൻസ്ഫർ തുകയ്ക്കാണ് അത്ലെറ്റിക്കോ സുവാരസിനെ സ്വന്തമാക്കിയത്.
സുവാരസിന്റെ ക്ലബ് വിടൽ വലിയ വിവാദമായിരുന്നു. അർഹിച്ച യാത്രയയപ്പ് പോലും സുവാരസിന് ലഭിച്ചില്ലെന്ന് ആരാധകർ തന്നെ പറഞ്ഞു, ബാഴ്സ ക്യാപ്റ്റനും സുവാരസിന്റെ ഉറ്റചങ്ങാതിയുമായ ലയണൽ മെസി തന്നെ ഇക്കാര്യത്തിൽ ക്ലബിനെതിരെ പൊട്ടിത്തെറിച്ചു.


അത്ലെറ്റിക്കോയിലെത്തിയ സുവാരസ് അരങ്ങേറ്റ മത്സരത്തിൽ തന്നെ രണ്ട് ​ഗോളും നേടി ഒരു അസിസ്റ്റും നൽകി. സീസണൊടുവിൽ 32 ലീ​ഗ് മത്സങങ്ങളിൽ നിന്ന് 21 ​ഗോൾ നേടി സുവാരസ് ടീമിന്റെ ടോപ് സ്കോററായി. മൂന്ന് ​ഗോളുകൾക്ക് വഴിയുമൊരുക്കി. ലീ​ഗിലെ അവസാന രണ്ട് മത്സരങ്ങളിലും അത്ലെറ്റിക്കിയോക്ക് വിജയമുറപ്പിച്ച ​ഗോളുകൾ പിറന്നതും സുവാരസിന്റെ ബൂട്ടിൽ നിന്ന് തന്നെ. ‌ബാഴ്സലോണ തനിക്ക് ഒരു വിലയും തന്നില്ല എന്നും തന്നെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച അത്ലറ്റിക്കോ മാഡ്രിഡിനോട് തനിക്ക് എന്നും നന്ദിയുണ്ടാകും എന്നും സുവാരസ് കിരീടം നേടിയ ശേഷം പറഞ്ഞത്.

മത്സര ശേഷം ബാഴ്സലോണ തന്നോട് കാണിച്ച അവഗണനക്ക് എതിരെ തുറന്നടിക്കുകയും ചെയ്തു. ബാഴ്സലോണ തന്നെ വിലകുറച്ചു കണ്ടെന്നും ക്ലബ് വിടാൻ പറഞ്ഞ സമയം താൻ തകർന്നു പോയെന്നും സുവാരസ് പറഞ്ഞു.പ്രായമാകുന്നു എന്ന കാരണം പറഞ്ഞായിരുന്നു ബാഴ്സലോണ സുവാരസിനെ വിറ്റത്.