“ബെഞ്ചിൽ ഇരിക്കാൻ വിധിച്ച മലയാളി താരങ്ങൾ , മലയാളികൾക്ക് എന്ന് അവസരം ലഭിക്കും” |IPL 2022

ഐപിഎൽ 2022 മെഗാതാരലേലത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ 13 താരങ്ങൾ പങ്കെടുത്തപ്പോൾ, കേരള ക്രിക്കറ്റ് അസോസിയേഷന്റെ അതിഥി താരമായ റോബിൻ ഉത്തപ്പ ഉൾപ്പടെ 4 താരങ്ങൾക്ക് മാത്രമാണ് ആവശ്യക്കാർ ഉണ്ടായത്. എസ് ശ്രീശാന്ത്, ബേസിൽ തമ്പി, കെ.എം.ആസിഫ്, മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ്, സച്ചിൻ ബേബി, ജലജ് സക്‌സേന, മിഥുൻ സുദേശൻ, രോഹൻ കുന്നുമ്മേൽ, എം നിധീഷ്, ഷോൺ റോജർ, സിജോമോൻ ജോസഫ് എന്നീ 12 മലയാളി താരങ്ങളാണ് ലേലത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്.

ലേലത്തിന്റെ തുടക്കത്തിൽ തന്നെ, കേരള ക്രിക്കറ്റ് അസോസിയേഷന്റെ അതിഥി താരമായ റോബിൻ ഉത്തപ്പയെ അടിസ്ഥാന വിലയായ 2 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കി. ചെന്നൈയുടെ മുൻ താരമായിരുന്ന മലയാളി പേസർ കെ.എം.ആസിഫിനേയും ചെന്നൈ സൂപ്പർ കിംഗ്സ് തന്നെ ലേലത്തിൽ സ്വന്തമാക്കി. 20 ലക്ഷം രൂപയ്ക്കാണ് നിലവിലെ ചാമ്പ്യൻമാർ ആസിഫിനെ ടീമിലെത്തിച്ചത്.

മറ്റൊരു മലയാളി ഫാസ്റ്റ് ബൗളറായ ബേസിൽ തമ്പിയെ മുംബൈ ഇന്ത്യൻസ്‌ ആണ് സ്വന്തമാക്കിയത്. 30 ലക്ഷം രൂപയാണ് ബേസിലിനായി അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ചിലവഴിച്ചത്. മലയാളി വിക്കറ്റ് കീപ്പർ ബാറ്ററായ വിഷ്ണു വിനോദിനെ ആദ്യ അവസരത്തിൽ ആരും വാങ്ങാൻ ആദ്യം തയ്യാറായില്ല എങ്കിലും പിന്നീട് രണ്ടാമത്തെ അവസരത്തിൽ 20 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന വിഷ്ണുവിനെ 50 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി.

എന്നാൽ ഐപിൽ പതിനഞ്ചാം സീസണിലെ മത്സരങ്ങൾ പാതിവഴിയിൽ എത്തുമ്പോൾ ആകെ അവസരം ലഭിച്ചിരിക്കുന്നത് സഞ്ജു സാംസണെ കൂടാതെ ബേസിൽ തമ്പി, റോബിൻ ഉത്തപ്പ എന്നിവർക്ക് മാത്രം. ചെന്നൈ നിരയിൽ ആസിഫ് അവസരം കിട്ടാതെ ഡ്രസ്സിംഗ് റൂമിൽ ഇരിക്കുമ്പോൾ വിഷ്ണു വിനോദ് അവസരത്തിനായി കാത്തിരിക്കുകയാണ്.