ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരം ലയണൽ മെസ്സിയുടെ 2022 ലോകകപ്പ് ശത്രുവിനെ സൈൻ ചെയ്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്

ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്‌ട്രൈക്കർ പൊസിഷനിൽ ഒരു ഒഴിവ് ഉണ്ടായിരുന്നു.സ്‌ട്രൈക്കറെ കണ്ടെത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗിന്റെ ശ്രമങ്ങൾ ഇപ്പോൾ ഫലം കണ്ടു.മാഞ്ചസ്റ്റർ യുണൈറ്റഡ് ബേൺലിയുടെ നെതർലൻഡ് സ്‌ട്രൈക്കർ വൗട്ട് വെഗോർസ്റ്റിനെ ലോണിൽ സൈൻ ചെയ്തിരിക്കുകയാണ്.

പ്രീമിയർ ലീഗ് ക്ലബ് ബേൺലി 2022 ജനുവരിയിൽ VfL വുൾഫ്സ്ബർഗിൽ നിന്ന് മൂന്നര വർഷത്തെ കരാറിൽ വെഗോർസ്റ്റിനെ സ്വന്തമാക്കിയിരുന്നു.തുടർന്ന് 2022 ജൂലൈയിൽ 2022-23 സീസൺ വരെ ലോണിൽ തുർക്കിഷ് സൂപ്പർ ലിഗ് ക്ലബ്ബായ ബെസിക്‌റ്റാസ് വൗട്ട് വെഗോർസ്റ്റിനെ ടീമിലെത്തിച്ചു.2022-2023 സീസണിന്റെ അവസാനം വരെ ബെസിക്‌റ്റാസിന് വൗട്ട് വെഗോർസ്റ്റുമായി കരാർ ഉണ്ടെങ്കിലും, അത് അവസാനിപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തുർക്കി ക്ലബിന് 3 മില്യൺ യൂറോ നൽകി.

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ്, നിലവിൽ ആൻറണി മാർഷലിനെ കൂടാതെ ഒരു ഗോൾ-പൗച്ചിംഗ് സെന്റർ ഫോർവേഡില്ലാത്തതിന്റെ തലവേദന വൗട്ട് വെഗോർസ്റ്റിനെ ടീമിലെത്തിച്ചുകൊണ്ട് അവസാനിപ്പിച്ചു. നേരത്തെ, VfL വുൾഫ്സ്ബർഗിനായി 144 മത്സരങ്ങളിൽ നിന്ന് 70 ഗോളുകൾ വൗട്ട് വെഗോർസ്റ്റ് നേടിയിരുന്നു. ഡച്ച് ക്ലബ് എസെഡ് അൽക്‌മാറിനായി 86 മത്സരങ്ങളിൽ നിന്ന് 45 ഗോളുകളും ബെസിക്താസിന് വേണ്ടി 18 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളും വൗട്ട് വെഗോർസ്റ്റ് നേടിയിട്ടുണ്ട്.

2022 ഫിഫ ലോകകപ്പിൽ വൗട്ട് വെഗോർസ്റ്റ് ഫുട്ബോൾ ലോകത്ത് കൂടുതൽ ശ്രദ്ധ ആകർഷിക്കുന്നു. ഖത്തർ ലോകകപ്പിൽ അർജന്റീനയ്‌ക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നെതർലൻഡ്‌സിന് വേണ്ടി 2 ഗോളുകൾ നേടിയ താരമാണ് വൗട്ട് വെഗോർസ്റ്റ്. മത്സരം നിശ്ചിത സമയത്ത് 2-2ന് സമനിലയിൽ കലാശിച്ചെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ നെതർലൻഡ്‌സ് പരാജയപ്പെട്ടു. മത്സരത്തിന് ശേഷം അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി വൗട്ട് വെഗോർസ്റ്റിനോട് മോശമായി സംസാരിച്ചതും ലോകകപ്പിനിടെ വലിയ ചർച്ചാ വിഷയമായിരുന്നു.

Rate this post