ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ ആവേണ്ടിയിരുന്നത് മറ്റൊരു ഇന്ത്യൻ താരം ,വെളിപ്പെടുത്തലുമായി മുൻ താരം ബദ്രിനാഥ്

ഐപിഎല്ലിലെ ഏറ്റവും വിജയിയായ ക്യാപ്റ്റന്മാരിലൊരാളാണ് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ ധോണി.2008 മുതൽ അവരെ എല്ലാ സീസണിലും പ്ലേ ഓഫിൽ എത്തിച്ച നായകനാണ് ധോണി . എന്നാല്‍ യഥാര്‍ഥത്തില്‍ ധോണിയായിരുന്നില്ല സിഎസ്‌കെയുടെ ക്യാപ്റ്റനാവേണ്ടിയിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ബാറ്റ്‌സ്മാന്‍ എസ് ബദ്രിനാഥ്.ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗായിരുന്നു പ്രഥമ ഐപിഎല്ലില്‍ സിഎസ്‌കെയുടെ നായകന്‍ ആവേണ്ടിയിരുന്നതെന്ന് ബദ്രിനാഥ് വെളിപ്പെടുത്തി.

സിഎസ്‌കെ ടീം മാനേജ്‌മെന്റിനു താല്‍പ്പര്യം സെവാഗിനോടായിരുന്നു.എന്നാല്‍ സിഎസ്‌കെ താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ തന്റെ ഹോം ഫ്രാഞ്ചൈസിയായ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു (ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്) വേണ്ടി കളിക്കാനാണ് ആഗ്രഹമെന്ന് സെവാഗ് അറിയിക്കുകയായിരുന്നു. ഡല്‍ഹിയില്‍ വളരുകയും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുകയും ചെയ്ത തനിക്കു അവരുമായാണ് കൂടുതല്‍ അടുപ്പമെന്നും സെവാഗ് സിഎസ്‌കെയെ ബോധ്യപ്പെടുത്തിയതായി ബദ്രിനാഥ് വിശദമാക്കി.

2008ലെ ലേലത്തില്‍ അന്നത്തെ റെക്കോര്‍ഡ് തുകയായ ആറു കോടി രൂപയ്ക്കായിരുന്നു ധോണിയെ സിഎസ്‌കെയെ സ്വന്തമാക്കിയത്. സെവാഗ് താല്‍പ്പര്യമില്ലെന്ന് അറിയിച്ചതോടെ പകരമാര് എന്നതിനെക്കുറിച്ച് സിഎസ്‌കെ ആലോചിച്ചു. അപ്പോഴാണ് തൊട്ടുമുമ്പത്തെ വര്‍ഷം ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്കു നയിച്ച ക്യാപറ്റനായ ധോണിയില്‍ ശ്രദ്ധ പതിയുന്നത്. ഇന്ത്യയെ ലോകചാംപ്യന്‍മാരാക്കിയെന്നതാണ് ധോണിക്കു വേണ്ടി അന്നു ആറു കോടി രൂപ ചെലവഴിക്കാന്‍ സിഎസ്‌കെയെ പ്രേരിപ്പിച്ചതെന്നും ബദ്രിനാഥ് വ്യക്തമാക്കി.