❝ചാമ്പ്യൻസ് ലീഗ് 🏆⚽ ഫൈനലിൽ മാത്രമല്ല
മറ്റൊരു 💪🔥 കാര്യത്തിലും ഇവർ മത്സരത്തിലാണ് ❞

ചാമ്പ്യൻസ് ലീഗ് ഫൈനലിസ്റ്റുകളായ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. ഈ സീസൺ അവസാനത്തോടെ ബയേൺ മ്യൂണിക്ക് സൂപ്പർ സ്‌ട്രൈക്കർ റോബർട്ട് ലെവാൻഡോവ്സ്കിയെ ടീമിലെത്തിക്കാൻ ഒരുങ്ങുകയാണ് സിറ്റിയും ചെൽസിയും. 33 കാരനായ പോളിഷ് സ്‌ട്രൈക്കർ മുൻ വർഷത്തെ പോലെ ഈ സീസണിലും ഗോളടിച്ചു കൂട്ടുകയാണ്. വയസ്സ് മുപ്പതു കടന്നെങ്കിലും മന്ദഗതിയിലായതിന്റെ ലക്ഷണങ്ങൾ ഒന്നും ലെവാൻഡോവ്സ്കിയുടെ ഭാഗത്തു നിന്നും കാണുന്നില്ല.

മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ലെവാൻഡോവ്സ്കിയിൽ ഒപ്പിടാൻ താൽപ്പര്യപ്പെടുന്നുവെന്നു ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തു. 60 മില്യൺ ഡോളറാണ് താരത്തിന് വേണ്ടി ക്ലബ്ബുകൾ മുടക്കേണ്ടി വരുന്നത്. ഇരു ടീമുകൾക്കും അടുത്ത സീസണിൽ മികച്ചൊരു സ്‌ട്രൈക്കർ ആവശ്യമുണ്ട്. കരാർ പുതുക്കേണ്ടതില്ലെന്ന് ക്ലബ് തീരുമാനിച്ചതോടെ മാഞ്ചസ്റ്റർ സിറ്റിയുടെ റെക്കോർഡ് ഗോൾ സ്‌കോറർ സെർജിയോ അഗ്യൂറോ ഈ സീസൺ അവസാനത്തോടെ ക്ലബ് വിടും.ഭാവിയിലെ സൂപ്പർസ്റ്റാറായ എർലിംഗ് ഹാലാൻഡ് അല്ലെങ്കിൽ കൈലിയൻ എംബപ്പേ എന്നിവരെ സ്വന്തമാക്കാൻ സിറ്റി ശ്രമം നടത്തുന്നുണ്ട്.റോബർട്ട് ലെവാൻഡോവ്സ്കി ഒപ്പിടുന്നത് മാഞ്ചസ്റ്റർ സിറ്റിയെ സംബന്ധിച്ചിടത്തോളം ഒരു ഹ്രസ്വകാല പരിഹാരമായിരിക്കും. പെപ് ഗ്വാർഡിയോള ബയേൺ മാനേജർ ആയിരുന്നപ്പോളാണ് റോബർട്ട് ലെവാൻഡോവ്സ്കിയെ ബയേൺ സ്വന്തമാക്കിയത്.പെപ്പിനോപ്പം ബയേണിൽ രണ്ട് സീസണുകൾ ചിലവഴിച്ച ലെവാൻഡോവ്സ്കി രണ്ട് സീസണുകളിലും ബുണ്ടസ്ലിഗ കിരീടവും നേടി.


ഈ സീസണിൽ ജർമ്മൻ ഇന്റർനാഷണൽ ടിമോ വെർണറെ വലിയ തുക കൊടുത്ത്‌ ടീമിലെത്തിച്ചെങ്കിലും പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചില്ല. വെർണർക്ക് പകരക്കാരനായല്ല ചെൽസി മാനേജർ തോമസ് തുച്ചൽ റോബർട്ട് ലെവാൻഡോവ്സ്കിയെ കാണുന്നത് മറിച്ച് ജർമൻ സ്‌ട്രൈക്കർക്ക് വഴികാട്ടിയായാണ്.ഡീഗോ കോസ്റ്റ ക്ലബ് വിട്ടതിനു ശേഷം ചെൽസിക്ക് ക്ലിനിക്കൽ ഗോൾ സ്‌കോറർ ഉണ്ടായിരുന്നില്ല. ലെവാൻഡോവ്സ്കിയുടെ ഗുണനിലവാരത്തെക്കുറിച്ച് നല്ല ബോധ്യമുള്ള പരിശീലകന് തുച്ചൽ. ബുണ്ടസ്ലീഗയിൽ പല തവണ എതിർ ചേരിയിൽ ഇരുവരും വന്നിട്ടുണ്ട്.

ബയേൺ ഇതിഹാസ താരങ്ങളുടെ ഗണത്തിൽ പെടുന്ന പോളിഷ് സ്‌ട്രൈക്കർ 326 മത്സരങ്ങളിൽ നിന്ന് 289 ഗോളുകൾ നേടിയിട്ടുണ്ട്.ബയേൺ മ്യൂണിച്ച് വിടാൻ ആഗ്രഹിക്കുന്നില്ലെന്നും അലയൻസ് അരീനയിൽ നിന്ന് വിരമിക്കാൻ ആഗ്രഹിക്കുന്നുവെന്നും ലെവാൻഡോവ്സ്കി മുമ്പ് പല തവണ പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, പ്രീമിയർ ലീഗിൽ കളിക്കാനുള്ള മോഹം പോളിഷ് താരത്തിനുണ്ട്.ലോകത്തിലെ ഏറ്റവും മികച്ച ഗോൾ സ്‌കോറർമാരിൽ ഒരാളായി കായികരംഗത്ത് നിന്ന് വിരമിക്കുന്നതിനുമുമ്പ് പ്രീമിയർ ലീഗിൽ കളിക്കുന്നത് ലെവാൻഡോവ്സ്കിയുടെ അവസാന വെല്ലുവിളിയാകാം.