ഹാലണ്ടിന്റെ ഗോളിൽ ബയേണിനെ വീഴ്ത്തി സിറ്റി : ചെൽസിയെ നാണംകെടുത്തി ആഴ്‌സണൽ : തോൽവിയുമായി മിലാൻ ടീമുകൾ

പ്രീ-സീസൺ മത്സരങ്ങളിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും.നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും ഏറ്റുമുട്ടിയപ്പോൾ മാഞ്ചസ്റ്റർ സിറ്റി 1-0 ന് ജയിച്ചു. മാഞ്ചസ്റ്റർ സിറ്റിയുടെ ജഴ്‌സിയിൽ അരങ്ങേറ്റം കുറിച്ച എർലിംഗ് ഹാലൻഡാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയ ഗോൾ നേടിയത്.

മാഞ്ചസ്റ്റർ സിറ്റി ടീമിൽ കെവിൻ ഡി ബ്രൂയ്ൻ, റോഡ്രി, റിയാദ് മഹ്രെസ്, ജെ കാൻസെലോ എന്നിവർക്കൊപ്പം പുതിയ സൈനിഗുകൾ ആയ ഹാലൻഡ്, കാൽവിൻ ഫിലിപ്പ്സ്, ജൂലിയൻ അൽവാരസ് എന്നിവരും യുഎസിലെ ലാംബോ ഫീൽഡ് സ്റ്റേഡിയത്തിൽ ജർമൻ ചാമ്പ്യന്മാർക്കെതിരെ അണിനിരന്നു.

മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളായ ചെൽസിയും ആഴ്സണലും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ ആഴ്സണൽ 4-0 ന് വമ്പൻ ജയം നേടി. ഫ്ലോറിഡയിലെ ക്യാമ്പിംഗ് വേൾഡ് സ്റ്റേഡിയത്തിൽ നടന്ന ഫ്ലോറിഡ കപ്പ് മത്സരത്തിലാണ് ചെൽസി ദയനീയ പരാജയം ഏറ്റുവാങ്ങിയത്.

പ്രീസീസണിൽ ചെൽസിയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.ഫ്ലോറിഡ കപ്പ് ജേതാക്കളായ ആഴ്സണൽ പ്രീസീസണിലുടനീളം മികച്ച ഫോമിലാണ്. ചെൽസിക്കെതിരെ ഗബ്രിയേൽ ജീസസ്, മാർട്ടിൻ ഒഡെഗാർഡ്, ബുക്കയോ സാക്ക, ആൽബർട്ട് സാംബി ലോകോംഗ എന്നിവരാണ് ആഴ്സണലിനായി ഗോൾ നേടിയത്. ജൂലൈ 30ന് സ്പാനിഷ് ക്ലബ് സെവിയ്യയ്‌ക്കെതിരായ എമിറേറ്റ്‌സ് കപ്പ് ഫൈനൽ ആണ് ആഴ്‌സണലിന്റെ അടുത്ത ലക്ഷ്യം.

മറ്റു മത്സരങ്ങളിൽ മിലാൻ ടീമുകൾ പ്രീ സീസണിൽ പരാജയം രുചിച്ചു. ഫ്രഞ്ച് ക്ലബ് ലെൻസ് എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്റർ മിലാനെ കീഴടക്കിയത്. 90 ആം മിനുട്ടിൽ എൽ ഓപ്പൻഡ നേടിയ ഗോളിനാണ് ലെന്സ് വിജയം നേടിയത്. മറ്റൊരു മത്സരത്തിൽ ഹംഗറി ക്ലബ് സലേഗർസെഗി രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് എ സി മിലാനെ പരാജയപ്പെടുത്തി.