ആവേശപ്പോരാട്ടത്തിൽ ലിവർപൂളിനെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി ,ഈ സീസണിൽ റെഡ്‌സിനെതിരെയുള്ള സിറ്റിയുടെ ആദ്യ ജയം

കറബാവോ കപ്പിൽ ഇന്നലെ നടന്ന വമ്പന്മാരുടെ പോർട്ടത്തിൽ ലിവർപൂളിന് കീഴടക്കി ക്വാർട്ടറിലേക്ക് മുന്നേറി മാഞ്ചസ്റ്റർ സിറ്റി.ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയത്.ഈ സീസണിൽ ലിവർപൂളിനെതിരെ മാഞ്ചസ്റ്റർ സിറ്റി നേടുന്ന ആദ്യത്തെ വിജയം കൂടിയായിരുന്നു ഇത്.

ഹാലാൻഡ്, മഹ്‌റെസ്, ആക്കെ എന്നിവർ സിറ്റിയുടെ ഗോളുകൾ നേടിയപ്പോൾ ലിവർപൂളിനായി ഫാബിയോ കാർവാലോ, സലാ എന്നിവരാണ് ഗോൾ നേടിയത്.ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ ഹാലൻഡ് ഒരു സുവർണാവസരം നഷ്‌ടമാക്കി ആരംഭിച്ച മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിലെത്താൻ ഒൻപതു മിനുട്ട് മാത്രമാണ് വേണ്ടി വന്നത്. കെവിൻ ഡി ബ്രൂയ്ൻ നൽകിയ ക്രോസിനു കാൽ വെച്ച് ഹാലാൻഡ് തന്നെയാണ് സിറ്റിയെ മുന്നിലെത്തിച്ചത്. അതിനു ശേഷം മത്സരത്തിൽ സിറ്റിയാണ് ആധിപത്യം സ്ഥാപിച്ചതെങ്കിലും ഇരുപതാം മിനുട്ടിൽ ലിവർപൂൾ ഒപ്പമെത്തി.

മാഞ്ചസ്റ്റർ സിറ്റി പ്രതിരോധത്തിലെ വിടവുകൾ മുതലെടുത്ത് മാറ്റിപ് തുടങ്ങിയ മുന്നേറ്റത്തിനൊടുവിൽ മിൽനർ നൽകിയ പാസിൽ ഫാബിയോ കാർവാലോയാണ് ഗോൾ നേടിയത്.അതിനു ശേഷവും മാഞ്ചസ്റ്റർ സിറ്റിക്കായിരുന്നു മത്സരത്തിൽ ആധിപത്യമെങ്കിലും കൃത്യമായ ഇടവേളകളിൽ ലിവർപൂളും അവസരങ്ങൾ തുറന്നെടുത്തിരുന്നു. എന്നാൽ രണ്ടു ടീമിലെയും താരങ്ങൾ ലഭിക്കുന്ന അവസരങ്ങൾ തുലക്കാൻ വേണ്ടി മത്സരിച്ചപ്പോൾ ആദ്യപകുതിയിൽ ഗോളുകളൊന്നും പിറന്നില്ല. ലിവർപൂളിനായി ഡാർവിൻ നുനസ് ആദ്യപകുതിയിൽ രണ്ട് മികച്ച അവസരങ്ങൾ നഷ്‌ടമാക്കിയപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്കായി ഹാലാൻഡ്‌, നഥാൻ ആക്കെ, പാൽമർ എന്നിവർക്കെല്ലാം ഗോളുകൾ നേടാൻ സുവർണാവസരമുണ്ടായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി ലീഡ് നേടി. റോഡ്രി ബോക്‌സിലേക്ക് നൽകിയ മികച്ച ബോൾ പിടിച്ചെടുത്ത് ഒരു പ്രതിരോധതാരത്തെയും വെട്ടിച്ച് റിയാദ് മഹ്റാസാണ് ഗോൾ നേടിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ സന്തോഷം കെടുത്തി ഒരു മിനിറ്റിനകം ലിവർപൂൾ അതിനും മറുപടി നൽകി. സിറ്റി പ്രതിരോധത്തിന്റെ താളം തെറ്റിയ പൊസിഷനിംഗ് മുതലെടുത്ത് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഡാർവിൻ നുനസ് നീട്ടിയ പന്ത് മൊഹമ്മദ് സലാ ഗോളിലേക്ക് തട്ടിയിടുമ്പോൾ ഗോൾകീപ്പർ പോലും പോസ്റ്റിൽ ഉണ്ടായിരുന്നില്ല.വിജയഗോളിനായി രണ്ടു ടീമുകളും പൊരുതിയപ്പോൾ മികച്ച അവസരങ്ങളും പിറന്നു കൊണ്ടിരുന്നു. അൻപത്തിയെട്ടാം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റി മൂന്നാം ഗോൾ നേടി. കെവിൻ ഡി ബ്രൂയ്ൻ ബോക്‌സിലേക്ക് നൽകിയ ക്രോസിൽ നിന്നും ആദ്യപകുതിയിൽ നഷ്‌ടമാക്കിയ അവസരത്തിന് പ്രായശ്ചിത്തം ചെയ്‌ത്‌ നഥാൻ ആക്കെയാണ് സിറ്റിയുടെ മൂന്നാം ഗോൾ നേടിയത്.

അതിനു ശേഷം ലിവർപൂൾ സമനില ഗോളിനായി പൊരുതിയെങ്കിലും സിറ്റി പ്രതിരോധം ഇളകാതെ നിന്നു.ആദ്യപകുതിയിലെന്ന പോലെ രണ്ടാം പകുതിയിലും ഡാർവിൻ നുനസിനു മികച്ചൊരു അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേയ്ക്ക് പോയി. താരങ്ങൾ തമ്മിലുള്ള ചെറിയ സംഘർഷവും രണ്ടാം പകുതിയിൽ നടന്നെങ്കിലും അത് രൂക്ഷമാകുന്നതിനു മുൻപ് റഫറി ഇടപെട്ടു. മാഞ്ചസ്റ്റർ സിറ്റിക്കും നല്ല അവസരങ്ങൾ രണ്ടാം പകുതിയിൽ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. എന്തായാലും ക്ലബ് ഫുട്ബോൾ സീസണിന്റെ വരവറിയിച്ച ആവേശപ്പോരാട്ടം തന്നെയാണ് നടന്നത്.

Rate this post